തിരുവനന്തപുരം: കോട്ടയം ഗവ. കോളേജ് ഓഫ് നഴ്സിങ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ അതിക്രൂര റാഗിങ് നേരിട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രൂരമായ റാഗിങ് നേരിട്ട സംഭവത്തില്‍ പല മനുഷ്യാവകാശ സംഘടനകളും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഇടപെടാന്‍ ആവശ്യപ്പെടുകയും വിശദീകരണം തേടണമെന്നുമാവശ്യപ്പെട്ട് സമീപിച്ചിരുന്നു.
ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കണമെന്നും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സംഭവത്തില്‍ തുടര്‍ ഇടപെടലുകള്‍ നടത്തുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
മൂന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാര്‍ത്ഥികളെ നഗ്നരാക്കി ഡിവൈഡര്‍ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോള്‍ വായില്‍ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബറില്‍ ഒന്നാംവര്‍ഷവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം പ്രതികളുടെ റാഗിങ്ങിനിരയായി.
Content Highlight: Kottayam Govt. Brutal ragging in nursing college; Human Rights Commission seeking report