മറ്റാരും ചെയ്യാത്ത കാര്യമാണ് രോഹിത് ശര്‍മ ചെയ്തത്: തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
Sports News
മറ്റാരും ചെയ്യാത്ത കാര്യമാണ് രോഹിത് ശര്‍മ ചെയ്തത്: തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd January 2025, 9:25 am

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനം കാരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച തീരുമാനമായിരുന്നു ഇത്.

രോഹിത്തിന് പകരമായി ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ശുഭ്മന്‍ ഗില്ലിനെയാണ്. ഇതോടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങിയത്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

രോഹിത്തിനെ പ്രശംസിച്ചുകൊണ്ടാണ് പത്താന്‍ സംസാരിച്ചത്. ഫോമില്ലെങ്കിലും മറ്റ് ക്യാപ്റ്റന്‍മാര്‍ ചെയ്യാത്ത കാര്യമാണ് രോഹിത് ചെയ്തതെന്നും രോഹിത് ടീമിനെക്കുറിച്ച് ചിന്തിച്ചെന്നുമാണ് പത്താന്‍ പറഞ്ഞു.

രോഹിത്തിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്‌

‘നിങ്ങളുടെ ബാറ്റര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോകുന്നതാണ് നല്ലത്. രോഹിത് ശര്‍മ ടീമിനെക്കുറിച്ച് ചിന്തിച്ച് മികച്ച കളിക്കാരനായ ശുഭ്മാന്‍ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഓരോ കളിക്കാരനും ടീമിനെ നയിക്കുമ്പോള്‍ സ്വയം ടീമില്‍ നിന്ന് പുറത്തുപോകാന്‍ കഴിയില്ല. മറ്റുള്ളവരില്‍ നിങ്ങള്‍ അത് പലപ്പോഴും കാണില്ല.

ക്യാപ്റ്റന്‍ രോഹിത് ഇന്ന് ചെയ്തത് നിസ്വാര്‍ത്ഥമായ തീരുമാനമാണ്, പല ക്യാപ്റ്റന്മാരും അത് ചെയ്യുന്നത് നിങ്ങള്‍ കാണില്ല. നിങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോള്‍ മാത്രമേ അത് സംഭവിക്കൂ. രോഹിത് സുരക്ഷിതനായിരുന്നില്ല,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

നിലവില്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. 42 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് ഇന്ത്യ നേടിയത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി റിഷബ് പന്ത് 19(62) റണ്‍സും രവീന്ദ്ര ജഡേജ 5(37) റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്. ഇനി വിക്കറ്റ് വിട്ടുകൊടുക്കാതെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യ വലിയ സ്‌കോറിലേക്ക് നീങ്ങും. അല്ലാത്തപക്ഷം കങ്കാരുകളുടെ പേസ് ആക്രമത്തില്‍ കുടുങ്ങി നിര്‍ണായക മത്സരത്തില്‍ തോല്‍വിയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും കൂടും.

Content Highlight: Irfan Pathan Talking About Rohit Sharma