Sports News
ഇന്ത്യന്‍ ഭരണഘടന തന്നെയാണ് ഒന്നാമത്, അതില്‍ സംശയം വേണ്ട; ഇര്‍ഫാന്‍ പത്താന് മറുപടിയുമായി അമിത് മിശ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 23, 10:38 am
Saturday, 23rd April 2022, 4:08 pm

ഐ.പി.എല്ലിന്റെ ആളും ആരവവും ആവേശപൂര്‍വം നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ രണ്ട് ടീമുകള്‍ കത്തിക്കയറുകയും ചാമ്പ്യന്‍ ടീമുകള്‍ ഇല്ലാതാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തവണത്തെ ഐ.പി.എല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ അതേസമയം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയ പടക്കുതിരകള്‍ ട്വിറ്ററില്‍ ചില ‘കൊടുക്കല്‍ വാങ്ങലുകള്‍’ നടത്തിക്കൊണ്ടിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസറും ഓള്‍ റൗണ്ടറുമായ ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റിന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അമിത് മിശ്ര മല്‍കിയ മറുപടിയാണ് ട്വിറ്ററിനെ തീ പിടിപ്പിക്കുന്നത്.

ഇര്‍ഫാന്‍ പത്താന്‍ പൂര്‍ത്തിയാക്കാതെ വെച്ച ‘പക്ഷേ’ക്കുള്ള മിശ്രയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുന്നത്.

‘എന്റെ രാജ്യത്തിന്, എന്റെ മനോഹരമായ രാജ്യത്തിന് ഭൂമിയിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ രാജ്യമാവാനുള്ള എല്ലാ കഴിവുമുണ്ട്. പക്ഷേ…’ എന്നായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍, താരത്തിന്റെ ട്വീറ്റിന് മറുട്വീറ്റുമായി അമിത് മിശ്ര എത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ വാക്‌പോര്‍ മുറുകിയത്.

എന്റെ രാജ്യത്തിന്, എന്റെ മനോഹരമായ രാജ്യത്തിന് ഭൂമിയിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ രാജ്യമാവാനുള്ള എല്ലാ കഴിവുമുണ്ട്. പക്ഷേ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേര്‍ മാത്രമാണ് തിരിച്ചറിയുന്നത്,’ മിശ്ര ട്വീറ്റ് ചെയ്തു.


മിശ്രയുടെ ട്വീറ്റിനെ അഭിനന്ദിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് താരം ഈ ട്വീറ്റ് പങ്കുവെച്ചത് എന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാലംഘനത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ അതിനെ എതിര്‍ത്തും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

Content Highlight: Irfan Pathan, Amit Mishra engage in verbal altercation on Twitter