ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം മികച്ച മാച്ചുകള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരത്തില്‍ ഇരുടീമും ബാറ്റുകൊണ്ട് കസറിയപ്പോള്‍ രണ്ടാം മത്സത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരായിരുന്നു മത്സരത്തെ ഒന്നാകെ തോളിലേറ്റിയത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയായിരുന്നു പ്രധാന കാഴ്ച. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അഞ്ചാമത് ഇന്ത്യന്‍ താരമായുമാണ് ഗില്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ആദ്യ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും ഗില്‍ തന്നെയായിരുന്നു.
ആദ്യ മത്സരത്തിലെ കളി ശൈലിയില്‍ നിന്നും വളരെയധികം വ്യത്യസ്തമായ അപ്രോച്ചാണ് ഗില്‍ രണ്ടാം മത്സരത്തില്‍ പുറത്തെടുത്തത്. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി സെന്‍സിബിള്‍ ഇന്നിങ്‌സാണ് ഗില്‍ കളിച്ചത്.
പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും പക്വതയാര്‍ന്ന ക്രിക്കറ്റാണ് ഗില്‍ പുറത്തെടുത്തതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ച ഗില്‍ രണ്ടാം മത്സരത്തില്‍ പ്രതിബദ്ധതയോടെയാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ടോക്ക് ഷോയ്ക്കിടെയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം പറഞ്ഞത്.
‘ഇരട്ട സെഞ്ച്വറി നേടിയ ശേഷം ശുഭ്മന്‍ ഗില്ലിന്റെ കമിറ്റ്‌മെന്റ് കാണാന്‍ സാധിച്ചു. യുവതാരങ്ങളെല്ലാം തന്നെ വലിയ ഷോട്ടുകള്‍ കളിക്കാനും അത്തരത്തിലുള്ള കളി ശൈലി പിന്തുടരാനും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഗില്‍ അത്തരം ഗ്ലോറി ഷോട്ടുകള്‍ക്ക് പിന്നാലെ പോയില്ല.
അവന്‍ നോര്‍മല്‍ ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുകയും പൂര്‍ണമായ കമിറ്റ്‌മെന്റോടെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ താന്‍ ഇരട്ട സെഞ്ച്വറി നേടിയവനാണ് എന്ന കാര്യം അവന്‍ മറന്നത് നന്നായി,’ പത്താന്‍ പറഞ്ഞു.
റായ്പൂരില്‍ വെച്ച് നടന്ന രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് 108 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 179 പന്തും എട്ട് വിക്കറ്റും ബാക്കിയിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. 53 പന്തില്‍ നിന്നും പുറത്താകാതെ 40 റണ്‍സാണ് ഗില്‍ നേടിയത്.