ഐ.ആര്‍.ജി.സി ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിലൂടെ ഇസ്രഈല്‍ ഗസയില്‍ പരാജപ്പെട്ടുവെന്ന് സമ്മതിച്ചു: ഇറാന്‍ ബ്രിഗേഡിയര്‍ ജനറല്‍
World News
ഐ.ആര്‍.ജി.സി ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിലൂടെ ഇസ്രഈല്‍ ഗസയില്‍ പരാജപ്പെട്ടുവെന്ന് സമ്മതിച്ചു: ഇറാന്‍ ബ്രിഗേഡിയര്‍ ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th December 2023, 7:23 pm

ടെഹ്റാന്‍: ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിലൂടെ ഇസ്രഈല്‍ ഭരണകൂടം ഗസയില്‍ പരാജയപ്പെട്ടുവെന്ന് സമ്മതിച്ചിരിക്കുകയാണെന്ന് ഇറാന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി.

ഗസയിലെ യുദ്ധഭൂമിയില്‍ നിന്ന് ഇസ്രഈലിന് ഒന്നും നേടാനാകാത്തതിനാലാണ് ഉപദേഷ്ടാവായ സെയ്യിദ് റാസി മൗസവിയെ ഇസ്രഈലി സൈന്യം വധിച്ചതെന്ന് ഇസ്മായില്‍ ഖാനി ആരോപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലാണ് ഐ.ആര്‍.ജി.സിയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടത്.

ഇറാന്റെ സൈനിക ഉപദേശക ദൗത്യത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അദ്ദേഹം രക്തസാക്ഷിയായതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൊലപാതകം ചിത്രീകരിക്കുന്ന അനിമേഷന്‍ വീഡിയോ ഇറാന്‍ സേന പുറത്തിവിട്ടിരുന്നു. സെയ്യിദ് റാസി മൗസവിയുടെ കൊലപാതകത്തില്‍ ഇസ്രഈലിനോട് പ്രതികാരം ചെയ്യുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഇറാനെ തകര്‍ക്കാനായി ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അമേരിക്കയുടെ സഹായം തേടിയാതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ ഇറാന്‍ നേതാക്കളുടെ കൊലപാതകത്തിലും ഇറാനിലെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഇസ്രഈലാണെന്ന് നെഫ്താലി ബെന്നറ്റ് സമ്മതിക്കുന്നുണ്ട്. കൂടാതെ 2022ല്‍ രണ്ട് തവണയായി ഇറാനെ ആക്രമിക്കാന്‍ താന്‍ ഇസ്രഈലിന്റെ സുരക്ഷാ സേനയോട് നിര്‍ദേശിച്ചതായി ബെന്നറ്റ് വെളിപ്പെടുത്തി.

Content Highlight: Iran’s Brigadier General reacts to the killing of IRGC adviser