ചെങ്കടലില്‍ നങ്കൂരമിട്ട് ഇറാനിയന്‍ പടക്കപ്പല്‍; ഇറാന്റെ നീക്കം മേഖലയില്‍ സംഘര്‍ഷം ശക്തമാവുമ്പോള്‍
World
ചെങ്കടലില്‍ നങ്കൂരമിട്ട് ഇറാനിയന്‍ പടക്കപ്പല്‍; ഇറാന്റെ നീക്കം മേഖലയില്‍ സംഘര്‍ഷം ശക്തമാവുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 3:17 pm

 

ഇറാന്‍: ചെങ്കടലില്‍ സംഘര്‍ഷം ശക്തമാവുന്ന വേളയില്‍ സൈനിക നീക്കവുമായി ഇറാന്‍. ഇറാന്‍ നശീകരണ യുദ്ധ കപ്പലായ അല്‍ബോര്‍സ് ഉള്‍പ്പെടുന്ന ഇറാന്‍ നാവിക സേനയുടെ യുദ്ധ കപ്പലുകള്‍, ബാബ് അല്‍ മന്ദബ് വഴി സഞ്ചരിച്ച് ചെങ്കടലില്‍ എത്തി. വാര്‍ത്ത പുറത്ത് വിട്ട ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി ആയ തസ്നിം ഇറാന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമാക്കിയിട്ടില്ല.

2009 മുതല്‍ ഇറാന്‍ യുദ്ധകപ്പലുകള്‍ ഈ മേഖലയില്‍ കടല്‍കൊള്ളക്കാരെ തടയുന്നതിനും, ചരക്ക് ഗതാഗതം സുഖമമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രഈലിന്റ ഭാഗമായ ചരക്ക് കപ്പലുകള്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്ന യെമന്‍ സൈനിക ബോട്ടുകളെ അമേരിക്ക ആക്രമിക്കുകയും ഇതിനെതിരെ യെമന്‍ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇസ്രഈലിന്റ ഭാഗമായ ചരക്ക് കപ്പലുകളെ യെമന്‍ അക്രമിക്കുന്നതില്‍ ഇറാന് പങ്കുണ്ട് എന്ന വാദം അമേരിക്ക ഉന്നയിച്ചിരുന്നെങ്കിലും യെമന്‍ വിദേശകാര്യ മന്ത്രി ഹിഷാം ഷറഫ് ഈ വാദം തള്ളിയിരുന്നു.

അതിനിടെ ചെങ്കടലില്‍ ഹൂത്തി ആക്രമണങ്ങളെ തടയുന്നതിന് വേണ്ടി രംഗത്തിറങ്ങാന്‍ ബ്രിട്ടണ്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് അറിയിച്ചു. ഞാറാഴ്ച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമെറോണ്‍ ചെങ്കടലില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനുമായി സംസാരിച്ചിരുന്നു.

ഗാസയില്‍ ഇസ്രഈല്‍ യുദ്ധം 2024ലുടനീളം തുടരുമെന്ന് ഇസ്രഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹിഗാരി കഴിഞ്ഞ ദിവസം അറിയിച്ചു.

Content Highlight: Iran’s Alborz warship passes through Bab el-Mandeb Strait, enters Red Sea