തെഹ്‌രാന്‍: യു.എ.ഇ-ഇസ്രഈല്‍ ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയയായതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. യു.എ.ഇ ചെയ്തത് വലിയ പിഴവാണെന്ന് റുഹാനി ആരോപിച്ചു.
‘ അവര്‍ (യു.എ.ഇ) കരുതിയിരിക്കുന്നതാണ് നല്ലത്. അവര്‍ ഒരു വലിയ തെറ്റ് ചെയ്തു. വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ പാത ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ റുഹാനി പറഞ്ഞു.
നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപ് ജയിക്കുമെന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഇത്തരമൊരു നീക്കം നടന്നതെന്നും റുഹാനി ആരോപിച്ചു.
വാഷിംഗ്ടണില്‍ വെച്ച് യു.എ.ഇ-ഇസ്രഈല്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണെന്നും ഇദ്ദേഹം പറഞ്ഞു.
‘ എന്തു കൊണ്ടാണ് ഇത് ഇപ്പോള്‍ നടന്നത്? ഇതൊരു തെറ്റായ കരാറാല്ലെങ്കില്‍ എന്തിനാണ് മൂന്നാമതൊരു രാജ്യത്ത് വെച്ച് പ്രഖ്യാപനം നടന്നത്? അപ്പോള്‍ വാഷിംഗ്ടണിലെ ഒരു ജെന്റില്‍മാന് വോട്ടുകള്‍ നേടാനാവും,’റുഹാനി പറഞ്ഞു.