വലിയ ആക്രമണം നടത്താനുള്ള കഴിവുണ്ടെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്; ഹനിയെയുടെ കൊലപാതകത്തില്‍ ഇസ്രഈലിന് മുന്നറിയിപ്പുമായി യു.എസ്
World
വലിയ ആക്രമണം നടത്താനുള്ള കഴിവുണ്ടെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്; ഹനിയെയുടെ കൊലപാതകത്തില്‍ ഇസ്രഈലിന് മുന്നറിയിപ്പുമായി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 2:46 pm

വാഷിങ്ടണ്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രാഈലിന് മുന്നറിയിപ്പുമായി യു.എസ്.

ഇസ്രാഈല്‍ കൈയടക്കിവെച്ചിരിക്കുന്ന ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങളെ ഇറാന്‍ ലക്ഷ്യം വെക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നും ഇസ്രാഈലിനെതിരെ വലിയ ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചതാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഏപ്രില്‍ 13ന് അധിനിവേശ പ്രദേശങ്ങള്‍ക്കെതിരെ ഇസ്‌ലാമിക് റിപബ്ലിക് നടത്തിയ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസിനെ’ ഉദ്ദരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) ഭാഗമായ ഖുദ്സ് ഫോഴ്സിന്റെ രണ്ട് ജനറല്‍മാരെയും അവരുടെ കൂട്ടാളികളെയും നാല് മാസം മുന്‍പ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍വെച്ച് ഇസ്രാഈല്‍ വധിച്ചിരുന്നു. ഇതിന് മറുപടിയായി
300ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ഇസ്രഈലിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു.

എന്നാല്‍ ഹമാസ് തലവനായ ഹനിയെ ഇറാന്‍ മണ്ണില്‍ കൊല്ലപ്പെട്ടതോടെ ഇസ്രാഈലിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രതിരോധ നേതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കടമയാണെന്നും ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തെ യു.എസ് ഗൗരവമായി കാണുമെന്നും സഖ്യകക്ഷികളുടേയും തങ്ങളുടേയും പ്രതിരോധം ഉറപ്പ് വരുത്തുമെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

ഇറാന് പുറമെ, ലെബനനിലെ ബെയ്റൂത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുതിര്‍ന്ന മിലിട്ടറി കമാന്‍ഡറായ ഫുഅദ് ഷുക്റിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ഹിസ്ബുള്ളയും അറിയിച്ചു. ഇസ്രാഈല്‍ എല്ലാ നിയന്ത്രണരേഖകളും ലംഘിച്ചെന്നും ഇനി പ്രതികാരനടപടികളിലേക്ക് കടക്കുകയാണന്നും ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ സയ്യിദ് ഹസ്സന്‍ നസ്റുല്ല പറഞ്ഞു.

പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ 18 ഫ്ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയും ടെല്‍ അവീവിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഇറാനും ഹമാസും ഹിസ്ബുള്ളയും ഇസ്രാഈലിനെ ആക്രമിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം.

Iran has already proven its capability to launch a major attack on Israel: US