IPL
300 റണ്‍സ് ലോഡിങ്!! ടോസ് ലഭിച്ചിട്ടും സണ്‍റൈസേഴ്‌സിനെ ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റിങ്ങിനയച്ച് റിഷബ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Thursday, 27th March 2025, 7:32 pm

ഐ.പി.എല്‍ 2025ല്‍ റിഷബ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ്. ഹൈദരാബാദിന്റെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ പന്ത് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സൂപ്പര്‍ ജയന്റ്‌സ് ആദ്യ ജയം തേടിയാണ് ഓറഞ്ച് ആര്‍മിയുടെ തട്ടകത്തിലെത്തിയിരിക്കുന്നത്. അതേസമയം, സ്വന്തം കോട്ടയായ ഉപ്പലില്‍ വിജയം തുടരാനാണ് സണ്‍റൈസേഴ്‌സ് ഒരുങ്ങുന്നത്.

ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് സണ്‍റൈസേഴ്‌സ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 286 റണ്‍സാണ് ഓറഞ്ച് ആര്‍മി അടിച്ചെടുത്തത്. രാജസ്ഥാനെതിരെ ടീം 44 റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.

ഇഷാന്‍ കിഷന്റെ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ഹെന്‌റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ എന്നിവരുടെ മിന്നുന്ന പ്രകടനവുമാണ് ടീമിന് ആദ്യ മത്സരത്തില്‍ ജയം സമ്മാനിച്ചത്. ഇവരുടെ ഫോം തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതും.

അതേസമയം, ദല്‍ഹിക്കെതിരെ പരാജയപ്പെട്ട ശേഷമാണ് ലഖ്‌നൗ രണ്ടാം മത്സരത്തിനിറങ്ങുന്നത്. കളിയുടെ സമസ്ത മേഖലകളിലും പരാജയമായ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് സണ്‍റൈസേഴ്‌സിനെതിരെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.

 

Content Highlight: IPL 2025: SRH vs LSG: Lucknow Super Giants won the toss and elect field first