ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന പ്ലെയര്‍ റിറ്റെന്‍ഷനില്‍ സാധ്യമായ ആറ് താരങ്ങളെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. വിദേശ താരമായി ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും അണ്‍ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെയും നിലനിര്‍ത്തിയ രാജസ്ഥാന്‍ സഞ്ജു സാംസണ്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയും വിടാതെ ചേര്‍ത്തുനിര്‍ത്തി.
എന്നാല്‍ ഈ റിറ്റെന്‍ഷനില്‍ ആരാധകരില്‍ ചിലരെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജോസ് ബട്‌ലറും ട്രെന്റ് ബോള്‍ട്ടും അശ്വിനും ചഹലുമടക്കമുള്ള വിശ്വസ്ത താരങ്ങളെ നിലനിര്‍ത്താതിരുന്നതാണ് ഇവരെ ചൊടിപ്പിച്ചത്.
ആരെയെല്ലാം നിലനിര്‍ത്തണം ആരെയെല്ലാം ലേലത്തിലേക്ക് വിടണം എന്ന് സംബന്ധിച്ച് ചര്‍ച്ചകളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്ന് പറയുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. താരങ്ങളെ നിലനിര്‍ത്തുന്നതുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും വളരെ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ സഞ്ജുവിന് സ്വീകരിക്കേണ്ടി വന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
‘പ്ലെയര്‍ റിറ്റെന്‍ഷനില്‍ നിര്‍ണായക പങ്കായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. അവന്‍ ഏറെ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഓരോ താരങ്ങളുമായും വളരെ മികച്ച ബന്ധം അവന് കാത്തുസൂക്ഷിക്കേണ്ടതായുണ്ട്.
നിലനിര്‍ത്താന്‍ സാധിക്കാതെ പോയ താരങ്ങളെ കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് ഏറെ സങ്കടമുണ്ട്. സഞ്ജുവാകട്ടെ കഴിഞ്ഞ് അഞ്ച്-ആറ് വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പം തുടരുന്ന ആളാണ്.
പ്ലെയര്‍ റിറ്റെന്‍ഷനെ സംബന്ധിച്ച് ബാലന്‍സ്ഡായ നിരീക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്ലെയര്‍ റിറ്റെന്‍ഷനിന്റെ ഡൈനാമിക്‌സ് മനസിലാക്കുന്നതിലും അവന്‍ ഏറെ ബുദ്ധിമുട്ടി, ഓരോന്നിന്റെയും ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും അവന്‍ എണ്ണിയെണ്ണി പറഞ്ഞു.
അവന്‍ ഇക്കാര്യം ഞങ്ങളുമായി പലവട്ടം ചര്‍ച്ച ചെയ്തിരുന്നു. ഇതൊന്നും തന്നെ ഒട്ടും എളുപ്പമുള്ള തീരുമാനങ്ങളായിരുന്നില്ല. ഞങ്ങള്‍ക്കിടയില്‍ തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സാധ്യമായ താരങ്ങളെയെല്ലാം നിലനിര്‍ത്തിയതിനാല്‍ ഇപ്പോഴുള്ള ടീമില്‍ ഞങ്ങള്‍ ഹാപ്പിയാണ്,’ ദ്രാവിഡ് പറഞ്ഞു.
പ്ലെയര്‍ റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക ചെലവഴിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 79 കോടിയാണ് ടീം ഈ ആറ് താരങ്ങള്‍ക്കുമായി ചെലവാക്കിയത്. സാധ്യമായ ആറ് താരങ്ങളെയും നിലനിര്‍ത്തിയതോടെ താരലേലത്തില്‍ ആര്‍.ടി.എം ഓപ്ഷനും സഞ്ജുവിനും സംഘത്തിനും ഉപയോഗിക്കാന്‍ സാധിക്കില്ല.
Your Retained Royals. Ready to #HallaBol! 🔥💗 pic.twitter.com/ae4yo0DMRa
— Rajasthan Royals (@rajasthanroyals) October 31, 2024
സഞ്ജുവിനും ജെയ്സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ 14 കോടി വീതമാണ് ജുറെലിനും പരാഗിനും നല്‍കിയത്. ഹെറ്റ്മെയറിനെ 11 കോടി നല്‍കി നിലനിര്‍ത്തിയപ്പോള്‍ നാല് കോടിയാണ് അണ്‍ക്യാപ്ഡ് താരമായ സന്ദീപ് ശര്‍മക്കായി ടീം മാറ്റിവെച്ചത്.
ഇനി 49 കോടിയാണ് രാജസ്ഥാന്റെ ഓക്ഷന്‍ പേഴ്സില്‍ ബാക്കിയുള്ളത്. മറ്റേത് ടീമിനെക്കാളും കുറവ്. 19 സ്ലോട്ടുകളാണ് രാജസ്ഥാന് ബാക്കിയുള്ളത്. ആര്‍.ടി.എം ഓപ്ഷനുകള്‍ ഒന്നും തന്നെ ശേഷിക്കുന്നുമില്ല.
Content Highlight: IPL 2025: Rahul Dravid says Sanju Samson played an important role in player retention