IPL
ബദോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍; വീണ്ടും പൂരന്‍ ഷോ! ആവേശപ്പോരില്‍ ജയം തുടര്‍ന്ന് സൂപ്പര്‍ ജയന്റ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 02:23 pm
Saturday, 12th April 2025, 7:53 pm

 

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്.

ടൈറ്റന്‍സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ സൂപ്പര്‍ ജയന്റ്‌സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ടൈറ്റന്‍സ് ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെയാണ് ടൈറ്റന്‍സിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 60 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ മടക്കി ആവേശ് ഖാന്‍ ലഖ്‌നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയായിരുന്നു ക്യാപ്റ്റന്റെ മടക്കം.

കൃത്യം ആറ് പന്തുകള്‍ക്ക് ശേഷം, ടീം സ്‌കോറിലേക്ക് രണ്ട് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ സായ് സുദര്‍ശനെയും ടീമിന് നഷ്ടമായി. ടൈറ്റന്‍സിന്റെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റിനെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് രവി ബിഷ്‌ണോയിയാണ് മടക്കിയത്. 37 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും ആ ആനുകൂല്യം മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. വെടിക്കെട്ട് വീരന്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് 19 പന്തില്‍ 22 റണ്‍സും ജോസ് ബട്‌ലര്‍ 14 പന്തില്‍ 16 റണ്‍സിനും പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റന്‍സ് 180ലെത്തി.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി ഷര്‍ദുല്‍ താക്കൂറും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ദിഗ്വേഷ് സിങ്ങും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനായി ഏയ്ഡന്‍ മര്‍ക്രവും ക്യാപ്റ്റന്‍ റിഷബ് പന്തുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഒരു വശത്ത് നിന്ന് റിഷബ് പന്ത് പതിയെ തന്റെ ഇന്നിങ്‌സ് കെട്ടിപ്പടുത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് നിന്ന് മര്‍ക്രം തന്റെ സ്വതസിദ്ധമായ രീതിയില്‍ വെടിക്കെട്ട് പുറത്തെടുത്തു.

ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ പന്ത് പുറത്തായി. 18 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായെത്തിയ നിക്കോളാസ് പൂരന്‍ കരിബീയന്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. പന്തെറിയാന്‍ വരുന്നത് ആരായാലും ഞാന്‍ അടിക്കുമെന്ന മനോഭാവമായിരുന്നു പൂരനുണ്ടായിരുന്നത്. ഒരു വശത്ത് നിന്ന് പൂരനും മറുവശത്ത് നിന്ന് മര്‍ക്രവും വെടിക്കെട്ട് നടത്തിയതോടെ സൂപ്പര്‍ ജയന്റ്‌സ് വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്നു.

ടീം സ്‌കോര്‍ 123ല്‍ നില്‍ക്കവെ മര്‍ക്രം മടങ്ങി. 31 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്.

34 പന്തില്‍ 61 റണ്‍സടിച്ച് നിക്കോളാസ് പൂരന്‍ വീണ്ടും തന്റെ മാസ്റ്റര്‍ക്ലാസ് വ്യക്തമാക്കിയിരുന്നു. രവിശ്രീനിവാസന്‍ സായ് കിഷോറിനെതിരെ ഒരു ഓവറില്‍ പറത്തിയ മൂന്ന് സിക്‌സറടക്കം ഏഴ് സിക്‌സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്‌സ്.

പിന്നാലെയെത്തിയവരില്‍ ഡേവിഡ് മില്ലര്‍ ഏഴ് റണ്ണിന് മടങ്ങിയെങ്കിലും ആയുഷ് ബദോണി ശ്രദ്ധാപൂര്‍വം ബാറ്റ് വീശി. 20 പന്തില്‍ പുറത്താകാതെ 28 റണ്‍സാണ് താരം നേടിയത്.

അവസാന ഓവറില്‍ ആറ് റണ്‍സാണ് ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. സായ് കിഷോര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി അബ്ദുള്‍ സമദ് സ്‌ട്രൈക്ക് ബദോണിക്ക് കൈമാറി. രണ്ടാം പന്തില്‍ ഫോര്‍ നേടിയ ബദോണി, നാല് പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജയത്തിന് പിന്നാലെ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ആറ് മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റാണ് ടീമിനുള്ളത്.

 

 

Content Highlight: IPL 2025: Lucknow Super Giants defeated Gujarat Titans