ബി.സി.സി.ഐക്ക് മറുപടി കൊടുക്കാനെത്തിയവനെ രണ്ടാം പന്തില്‍ മടക്കിയ നടരാജന്‍ മാജിക്; ഒറ്റ ഓവറില്‍ രണ്ട് അയ്യര്‍മാര്‍ക്കും അന്ത്യം
IPL
ബി.സി.സി.ഐക്ക് മറുപടി കൊടുക്കാനെത്തിയവനെ രണ്ടാം പന്തില്‍ മടക്കിയ നടരാജന്‍ മാജിക്; ഒറ്റ ഓവറില്‍ രണ്ട് അയ്യര്‍മാര്‍ക്കും അന്ത്യം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd March 2024, 8:27 pm

ഐ.പി.എല്‍ മൂന്നാം മത്സരത്തില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 43 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ഹോം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സ് ബാറ്റിങ് തുടരുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മോശമല്ലാത്ത തുടക്കമാണ് കൊല്‍ക്കത്തക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഫില്‍ സോള്‍ട്ടിനെയും സുനില്‍ നരെയ്‌നെയും നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍ മാര്‍കോ യാന്‍സെന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ തുടരെ തുടരെ മൂന്ന് സിക്‌സറിന് പറത്തി കെ.കെ.ആറിന് അഡ്വാന്റേജ് നല്‍കി.

എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഷഹബാസ് അഹമ്മദിന്റെ ഡയറക്ട് ഹിറ്റില്‍ നരെയ്ന്‍ റണ്‍ ഔട്ടായി പുറത്തായി. നാല് പന്തില്‍ റണ്ട് റണ്‍സ് നേടിയാണ് താരം പുറത്തായത്.

സൂപ്പര്‍ താരം വെങ്കിടേഷ് അയ്യരാണ് മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയത്. മക്കെല്ലത്തിന് ശേഷം നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സെഞ്ച്വറി നേടിയ ഏക താരത്തില്‍ നിന്നും ആരാധകര്‍ പലതും പ്രതീക്ഷിച്ചെങ്കിലും ടി. നടരാജന്‍ ആ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞു. അഞ്ച് പന്തില്‍ ഏഴ് റണ്‍സ് നേടിയ അയ്യരിനെ മാര്‍കോ യാന്‍സന്റെ കൈകളിലെത്തിച്ച് നടരാജന്‍ പുറത്താക്കി.

നടരാജനേല്‍പിച്ച ആഘാതത്തില്‍ നിന്നും ആരാധകര്‍ മുക്തരാകും മുമ്പ് തന്നെ സണ്‍റൈസേഴ്‌സ് പേസര്‍ അടുത്ത ഷോക്കും നല്‍കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെയും നടരാജന്‍ മടക്കി. നേരിട്ട രണ്ടാം പന്തില്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന് ക്യാച്ച് നല്‍കിയായിരുന്നു കൊല്‍ക്കത്ത നായകന്റെ മടക്കം. തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പാറ്റ് കമ്മിന്‍സ് അയ്യരിനെ മടക്കിയത്.

പരിക്ക് മൂലം കഴിഞ്ഞ സീസണ്‍ നഷ്ടപ്പെട്ട ശ്രേയസ് അയ്യരിന് ബി.സി.സി.ഐക്ക് മുമ്പില്‍ പലതും തെളിയിക്കാനുള്ള അവസരം കൂടിടായിരുന്നു ഈ ടൂര്‍ണമെന്റ്. ടി-20 ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള തന്റെ സ്ഥാനമുറപ്പിക്കാനുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അയ്യര്‍ക്ക് ഇത്തരത്തില്‍ പുറത്താകേണ്ടി വന്നതിന്റെ നിരാശയാണ് ആരാധകര്‍ക്കുള്ളത്.

അതേസമയം, എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 53ന് നാല് എന്ന നിലയിലാണ് കൊല്‍ക്കത്ത. 11 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ മുന്‍ നായകന്‍ നിതീഷ് റാണയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. മായങ്ക് മാര്‍ക്കണ്ഡേയാണ് വിക്കറ്റ് നേടിയത്.

25 പന്തില്‍ 31 റണ്‍സുമായി ഫില്‍ സോള്‍ട്ടും ഒരു പന്തില്‍ ഒരു റണ്‍സുമായി രമണ്‍ദീപ് സിങ്ങുമാണ് ക്രീസില്‍.

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍കോ യാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.

 

Content highlight: IPL 2024: SRH vs KKR: T Natarajan dismissed Shreyas Iyer and Venkitesh Iyer in an over