ഐ.പി.എല്‍ 2024ല്‍ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയാണ് സഞ്ജുവും സംഘവും സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
ലഖ്നൗ ഇന്നിങ്‌സിന്റെ 16 ഓവറുകള്‍ അവസാനിച്ചപ്പോള്‍ മത്സരം 50:50 എന്ന നിലയിലായിരുന്നു. കെ.എല്‍. രാഹുലും നിക്കോളാസ് പൂരനും ക്രീസില്‍ തുടരുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന നാല് ഓവറുകളില്‍ ബൗളര്‍മാരാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്.
17ാം ഓവറില്‍ സന്ദീപ് ശര്‍മ ഏഴ് റണ്‍സ് വഴങ്ങി കെ.എല്‍. രാഹുലിനെ മടക്കിയപ്പോള്‍ 18ാം ഓവറില്‍ ആര്‍. അശ്വിന്‍ നാല് റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. നിര്‍ണായകമായ 19ാം ഓവറില്‍ സന്ദീപ് ശര്‍മ 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
അവസാന ഓവറില്‍ 27 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ളപ്പോള്‍ സഞ്ജു ആവേശ് ഖാനെ പന്തേല്‍പിക്കുകയായിരുന്നു. ആദ്യ പന്ത് വൈഡ് അടക്കം രണ്ട് റണ്‍സ് പിറന്നു. അടുത്ത രണ്ട് പന്തുകള്‍ ഡോട്ട് ആക്കിയ ആവേശ് ഖാന്‍ ശേഷിക്കുന്ന നാല് പന്തില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മത്സരം രാജസ്ഥാന് അനുകൂലമാക്കി.
ആവേശ് ഖാന്റെ അവസാന ഓവറിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. ‘ദൈവത്തിന് നന്ദി, ബൗളര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് പന്തെറിയേണ്ടതില്ലല്ലോ’ എന്നാണ് താരത്തിന്റെ ചിത്രം പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ് കുറിച്ചത്.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരിക്കെ ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ വിജയ റണ്‍ കുറിച്ചതിന് പിന്നാലെ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് ആഘോഷിച്ച ആവേശ് ഖാന് അപെക്‌സ് ബോര്‍ഡ് പിഴ ശിക്ഷ വിധിച്ചിരുന്നു.
213 റണ്‍സ് പിന്തുടരുമ്പോള്‍ അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ട സമയത്താണ് ആവേശ് ഖാന്‍ ക്രീസിലെത്തിയത്. തൊട്ടുമുമ്പുള്ള പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ജയ്ദേവ് ഉനദ്കട്ട് പുറത്തായതോടെയാണ് അവസാന വിക്കറ്റില്‍ ആവേശ് ഗ്രൗണ്ടിലിറങ്ങിയത്.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ പക്ഷെ ആവേശിന് ഷോട്ടെടുക്കാന്‍ സാധിച്ചില്ലെങ്കിലും ബെംഗളൂരു വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ പിഴവില്‍ നിര്‍ണായക റണ്‍ താരം ഓടിയെടുക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു ആവേശ് ഖാന്‍ ഗ്രൗണ്ടിലേക്ക് ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം നടത്തിയത്.