എനിക്കൊരിക്കലും നിങ്ങളോട് മിഡില്‍ ഫിംഗര്‍ കാണിക്കാന്‍ സാധിക്കില്ല; ഭോഗ്ലെക്ക് നീതീഷ് റാണയുടെ മറുപടി; ചിരി
IPL
എനിക്കൊരിക്കലും നിങ്ങളോട് മിഡില്‍ ഫിംഗര്‍ കാണിക്കാന്‍ സാധിക്കില്ല; ഭോഗ്ലെക്ക് നീതീഷ് റാണയുടെ മറുപടി; ചിരി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th May 2024, 6:48 pm

ഐ.പി.എല്‍ 2024ല്‍ പ്ലേ ഓഫില്‍ പ്രവേശിച്ച ഏക ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ ഒമ്പത് വിജയം സ്വന്തമാക്കിയതിന് പിന്നാലെ പ്ലേ ഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത, കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ക്വാളിഫയര്‍ ഒന്നിനും യോഗ്യത നേടിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും ഒരു മത്സരം ബാക്കി നില്‍ക്കെ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിക്കാനും പര്‍പ്പിള്‍ ആര്‍മിക്ക് സാധിച്ചിരുന്നു.

പത്ത് വര്‍ഷത്തില്‍ ഇതാദ്യമായാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നത്.

ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് മുന്‍ നായകന്‍ നിതീഷ് റാണ ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിരലിന് പരിക്കേറ്റ റാണക്ക് സീസണിലെ സിംഹഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് താരം തിരിച്ചെത്തിയത്. 23 പന്തില്‍ 33 റണ്‍സ് നേടി ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍ സ്‌കോററാകാനും താരത്തിനായിരുന്നു.

ഇപ്പോള്‍ ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പാണ് ഹര്‍ഷ ഭോഗ്ലെ താരവുമായി അഭിമുഖം നടത്തിയത്. പരിക്കിന്റെ വിവരങ്ങളെ കുറിച്ച് ചോദിക്കവെ ‘ഞാന്‍ നിങ്ങളുടെ കൈകളിലേക്കാണ് നോക്കുന്നത്. എല്ലാം ഓക്കെയെല്ലേ നിതീഷ്?’ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ഈ ചോദ്യത്തിന് റാണ നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തനിക്ക് പരിക്കുപറ്റിയത് നടുവിരലിനാണെന്നും എന്നാല്‍ അത് കാണിച്ചുതരാന്‍ തനിക്കാകില്ലെന്നുമാണ് റാണ പറഞ്ഞത്.

‘അതെ സാര്‍, എല്ലാം ഓക്കെയാണ്. പക്ഷേ എനിക്ക് ആ വിരല്‍ താങ്കളെ കാണിച്ചുതരാന്‍ സാധിക്കില്ല, കാരണം അത് മിഡില്‍ ഫിംഗറാണ് (ചിരി),’ റാണ പറഞ്ഞു.

പരിക്ക് കാരണം നിരവധി മത്സരങ്ങള്‍ നഷ്ടമായിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്മെന്റ് തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും തന്നെ തിരികെ കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും റാണ പറഞ്ഞു.

‘മത്സരങ്ങള്‍ നഷ്ടപ്പെട്ടത് ഏറ്റവും നിരാശാജനകമായ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം അവിടെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാം.

പുറത്ത് നിന്ന് നോക്കുമ്പോള്‍ ക്രിക്കറ്റ് വളരെ എളുപ്പമാണെന്നാണ് എല്ലാവര്‍ക്കും തോന്നുക, നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് വരെ തോന്നും, പക്ഷേ ഗെയിം കളിക്കുന്നത് ആ 22 യാര്‍ഡുകള്‍ക്കിടയില്‍ മാത്രമാണ്.

അതെ, എനിക്ക് ബെഞ്ചിലിരുന്ന് കളി കാണേണ്ടിവരും എന്നത് എന്റെ കാര്യത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതിനാല്‍ എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ പത്ത് മത്സരങ്ങള്‍ കളിക്കാതിരുന്നിട്ടും എന്നില്‍ വിശ്വാസമര്‍പ്പിച്ച കെ.കെ.ആര്‍ മാനേജ്‌മെന്റിന് ഒരുപാട് നന്ദി,’ താരം കൂട്ടിച്ചേര്‍ത്തു.

 

 

Content Highlight: IPL 2024: Nitish Rana’s funny reply to Harsha Bhogle