ഐ.പി.എല്‍ 2024ലെ 51ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം തട്ടകമായ വാംഖഡെയിലാണ് മത്സരം അരങ്ങേറുന്നത്.
നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് തുടക്കം പിഴച്ചിരുന്നു. പവര്‍പ്ലേയില്‍ തന്നെ ആദ്യ നാല് വിക്കറ്റുകളും നഷ്ടപ്പെട്ടാണ് കൊല്‍ക്കത്ത പതറിയത്. കൊല്‍ക്കത്ത പ്രതീക്ഷവെച്ചുപുലര്‍ത്തിയ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ഫില്‍ സോള്‍ട്ടും ഒറ്റയക്കത്തിന് മടങ്ങി.
170 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഇഷാന്‍ കിഷന്‍ 13 റണ്‍സിന് പുറത്തായപ്പോള്‍ നമന്‍ ധിറും രോഹിത് ശര്‍മയും 11 റണ്‍സ് വീതം നേടി പുറത്തായി.
ഇതോടെ രോഹിത് ശര്‍മയുടെ സ്റ്റാറ്റ്‌സിലും ഇടിവ് വന്നിരിക്കുകയാണ്.
ആദ്യ ആറ് മത്സരത്തില്‍ നിന്നും 52.2 ശരാശരിയിലും 167.3 സ്‌ട്രൈക്ക് റേറ്റിലും 261 റണ്‍സടിച്ച രോഹിത്തിന് എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ആ പതിവ് തുടരാന്‍ സാധിച്ചില്ല.
അടുത്ത അഞ്ച് മത്സത്തില്‍ നിന്നും വെറും 65 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. ശരാശരിയാകട്ടെ 13.00ലേക്ക് കുത്തനെ ഇടിഞ്ഞു. 118.1 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
രോഹിത്തിന്റെ മോശം പ്രകടനത്തില്‍ ആരാധകരും ഏറെ നിരാശരാണ്.
അതേസമയം, കെ.കെ.ആര്‍ ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ നിലവില്‍ 15 ഓവര്‍ അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 119 എന്ന നിലയിലാണ്. 33 പന്തില്‍ 56 റണ്‍സുമായി സൂര്യകുമാര്‍ യാദവും എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി ടിം ഡേവിഡുമാണ് ക്രീസില്‍.
Content highlight: IPL 2024: MI vs KKR: Rohit Sharma’s poor performance continues