ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് നൈറ്റ് റൈഡേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചത്.
ഫില്‍ സോള്‍ട്ടിനൊപ്പം സുനില്‍ നരെയ്‌നാണ് കളത്തിലിറങ്ങിയത്. ഒരു വശത്ത് ആദ്യ ഓവറില്‍ തന്നെ സോള്‍ട്ട് വെടിക്കെട്ട് തുടങ്ങിയപ്പോള്‍ പതിഞ്ഞാണ് നരെയ്ന്‍ ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാല്‍ അല്‍പസമയത്തിന് ശേഷം സുനില്‍ നരെയ്ന്‍ റാംപെയ്ജിനാണ് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്.
പവര്‍പ്ലേ ഓവര്‍ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 85 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. നരെയ്ന്‍ 20 പന്ത് നേരിട്ട് 47 റണ്‍സടിച്ചപ്പോള്‍ സോള്‍ട്ട് 16 പന്തില്‍ 28 റണ്‍സും നേടി.
യാഷ് ദയാലെറിഞ്ഞ ആറാം ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 21 റണ്‍സാണ് പിറന്നത്.
പവര്‍പ്ലേയില്‍ മുഹമ്മദ് സിറാജ് രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ യാഷ് ദയാല്‍ മൂന്ന് ഓവറില്‍ 37 റണ്‍സും വഴങ്ങി. ഒരു ഓവറില്‍ 14 റണ്‍സാണ് അല്‍സാരി ജോസഫ് വിട്ടുകൊടുത്തത്.
ആര്‍.സി.ബി എക്കാലത്തും നേരിടുന്ന പ്രധാന ദൗര്‍ബല്യമാണ് ബൗളര്‍മാരുടെ മോശം പ്രകടനം. കഴിഞ്ഞ സീസണുകളിലേതെന്ന പോലെ ഈ സീസണിലും ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുകയാണ്.
ഇതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബാറ്റര്‍മാര്‍ എത്രത്തോളം റണ്‍സ് നേടിയാലും അത് വിട്ടുകൊടുക്കാന്‍ ബൗളര്‍മാര്‍ മത്സരിക്കുകയാണെന്നും ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാത്ത കാലത്തോളം ആര്‍.സി.ബിക്ക് കിരീടം എന്നും അന്യമാണെന്നും ആരാധകര്‍ പറയുന്നത്.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 104 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് കൊല്‍ക്കത്ത. ഒമ്പത് പന്തില്‍ 12 റണ്‍സുമായി വെങ്കിടേഷ് അയ്യരും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.