ഐ.പി.എല്‍ 2024ല്‍ നിന്നും മുംബൈ ഇന്ത്യന്‍ ഒഫീഷ്യലായി പുറത്തായിരിക്കുകയാണ്. സീസണില്‍ പുറത്താകുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്.
നിലവില്‍ 12 മത്സരത്തില്‍ നിന്നും നാല് ജയവും എട്ട് തോല്‍വിയുമായി എട്ട് പോയിന്റാണ് മുംബൈക്കുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് മുംബൈക്ക് വിജയിക്കാന്‍ സാധിച്ചത്.
മികച്ച താരങ്ങളുടെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. ഒരു ടീം എന്ന നിലയിലുള്ള പോരായ്മകളും മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നു.
മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതോടെ ഈ സീസണില്‍ പുറത്താകുന്ന ആദ്യം ക്യാപ്റ്റനെന്ന മോശം നേട്ടമാണ് ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയിരിക്കുന്നത്. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് 2024ലേത്.
ഐ.പി.എല്ലില്‍ ഇത് മൂന്നാം സീസണിലാണ് ഹര്‍ദിക് ഒരു ടീമിന്റെ ക്യാപ്റ്റനാകുന്നത്. 2022ലും 2023ലും ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു പാണ്ഡ്യ.
ക്യാപ്റ്റനായ ആദ്യ രണ്ട് സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യനാക്കിയ ഹര്‍ദിക് 2023ല്‍ ടൈറ്റന്‍സിനെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലുമെത്തിച്ചിരുന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യയുടെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.
എന്നാല്‍ ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ ഹര്‍ദിക്കിന് പിഴച്ചു. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറക്കി പകരം പാണ്ഡ്യയെ ആ സ്ഥാനമേല്‍പിച്ച മുംബൈ ഇന്ത്യന്‍സിനും കൈപൊള്ളി.
2022ലും 2023ലും പ്ലേ ഓഫില്‍ പ്രവേശിച്ച ആദ്യ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയ പാണ്ഡ്യയിപ്പോള്‍ 2024ല്‍ ടൂര്‍ണമെന്റിനോട് ഗുഡ് ബൈ പറയുന്ന ആദ്യ ക്യാപ്റ്റനായിരിക്കുകയാണ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മുംബൈ സീസണില്‍ ആദ്യം പുറത്താകുന്ന ടീമായി മാറിയിരിക്കുന്നത്.
സീസണില്‍ ഇനി രണ്ട് മത്സരങ്ങളാണ് മുംബൈക്ക് ബാക്കിയുള്ളത്. മെയ് 11ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 17ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് എതിരാളികള്‍.
Content highlight: IPL 2024: Hardik Pandya becomes the first captain to eliminate from the season