രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്തെത്തി നില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ടൂര്‍ണമെന്റിന്റെ ആരംഭത്തില്‍ രോഹിത് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് പ്രകടനം ശേഷിക്കുന്ന മത്സരങ്ങളില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതും ടീമിന് തിരിച്ചടിയായി.
രോഹിത് ശര്‍മയുടെ മോശം ഫോമില്‍ തന്റെ ആശങ്ക വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദീപ് ദാസ്ഗുപ്ത. അടുത്ത വര്‍ഷം ഐ.പി.എല്ലില്‍ മെഗാ ലേലം നടക്കുമെന്നും വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയാല്‍ രോഹിത് ശര്‍മ അണ്‍ സോള്‍ഡാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ടീമിന്റെ അഭിമാനത്തിന് വേണ്ടിയാണ് നിങ്ങള്‍ കളിക്കുന്നത്. ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായാണ് നിങ്ങള്‍ കളത്തിലിറങ്ങുന്നത്, ഒപ്പം നിങ്ങളുടെ അഭിമാനത്തിന് കൂടി വേണ്ടിയാകണം കളിക്കേണ്ടത്.
നിങ്ങള്‍ക്കൊരു ഗെയിം കളിക്കണമെന്നോ മികച്ച പ്രകടനം നടത്തണമെന്നോ ഇല്ല. ഓരോ സമയവും നിങ്ങള്‍ കളത്തിലിറങ്ങുമ്പോഴും നിങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
അടുത്ത സീസണ് മുന്നോടിയായി മെഗാ ലേലം നടക്കുമെന്നും ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാതെ അണ്‍സോള്‍ഡാകാന്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘അടുത്ത വര്‍ഷം മെഗാ ലേലം നടക്കാന്‍ പോവുകയാണെന്ന കാര്യവും ഒരിക്കലും മറക്കാന്‍ പാടില്ല. പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കുന്ന ചില അവസാന അവസരങ്ങളാണിത്.
ടീമിന് ഇനി ഒരുപക്ഷേ യോഗ്യത നേടാന്‍ സാധിക്കില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ക്കാകണം. ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് വിളിച്ചുപറയുന്നതാകണം നിങ്ങളുടെ ഓരോ മത്സരങ്ങളും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കളിച്ച അവസാന മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. വെറും 11 റണ്‍സ് മാത്രമാണ് രോഹിത് സ്വന്തമാക്കിയത്.
ഇതോടെ രോഹിത് ശര്‍മയുടെ സ്റ്റാറ്റ്സിലും ഇടിവ് വന്നിരിക്കുകയാണ്.
ആദ്യ ആറ് മത്സരത്തില്‍ നിന്നും 52.2 ശരാശരിയിലും 167.3 സ്ട്രൈക്ക് റേറ്റിലും 261 റണ്‍സടിച്ച രോഹിത്തിന് എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ആ പതിവ് തുടരാന്‍ സാധിച്ചില്ല.
അടുത്ത അഞ്ച് മത്സരത്തില്‍ നിന്നും വെറും 65 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. ശരാശരിയാകട്ടെ 13.00ലേക്ക് കുത്തനെ ഇടിഞ്ഞു. 118.1 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
രോഹിത്തിന്റെ മോശം പ്രകടനത്തില്‍ ആരാധകരും ഏറെ നിരാശരാണ്.
Content Highlight: IPL 2024: Former Indian star warns Rohit Sharma