ഐ.പി.എല്ലിന്റെ ആവേശത്തിന് ഇനി ഒമ്പത് ദിവസത്തിന്റെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന്റെ ഐ.പി.എല്‍ ആവേശം ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക്കിലാണ് ആദ്യ മത്സരം.
ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് മാര്‍ച്ച് 24നാണ് ആദ്യ മത്സരം കളിക്കുന്നത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.
2022ലെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകാനായിരുന്നു വിധി. 14 മത്സരത്തില്‍ നിന്നും ഏഴ് വീതം ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
എന്നാല്‍ ഇത്തവണ ടീം പ്ലേ ഓഫില്‍ പ്രവേശിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സ്‌ക്വാഡ് സ്‌ട്രെങ്ത്തിനും സ്ട്രാറ്റജിക്കുമൊപ്പം ഒരു ലക്കി ചാമും സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതുതന്നെയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
രാജസ്ഥാന്‍ ഇത്തവണ ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയ ആവേശ് ഖാനെയാണ് ആരാധകര്‍ ലക്കി ചാമായി വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് സീസണിലും ആവേശ് ഉള്‍പ്പെട്ട ടീം പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു എന്നത് തന്നെയാണ് ആരാധകരെ ആവേശത്തിയാഴ്ത്തുന്നത്.
2019, 2020, 2021 സീസണുകളില്‍ ആവേശ് ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. 2022ലും 2023ലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലും. ഈ സീസണുകളിലെല്ലാം ടീം പ്ലേ ഓഫ് സ്‌റ്റേജ് കണ്ടിരുന്നു.
അതേസമയം, ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം നാല് മത്സരമാണ് രാജസ്ഥാന് കളിക്കാനുള്ളത്. മൂന്ന് മത്സരങ്ങള്‍ ഹോം സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ മുംബൈക്കെതിരായ മത്സരം വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക.