വീടിന്റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്.
അല്‍പ്പസമയം മുന്‍പ് ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് സി.ബി.ഐ പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ ചിദംബരം കപില്‍ സിബലിനൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് മടങ്ങി.
തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.
‘ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം’
അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചിദംബരം വാര്‍ത്താലസമ്മേളനത്തില്‍ പങ്കെടുത്തു.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹരജി പരിഗണിക്കുമെന്നും ജസ്റ്റിസ് രമണ ചോദിച്ചു. നാളെ ലിസ്റ്റ് ചെയ്താല്‍ ഹരജി പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം ചിദംബരം ഒളിച്ചോടിയില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ചിദംബരത്തിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.
പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.
മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സി.ബി.ഐ അറിയിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ചിദംബരത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സി.ബി.ഐ സംഘം എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സി.ബി.ഐയോട് പി.ചിദംബരം അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിദംബരത്തെ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം രാവിലെ വീണ്ടും ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും ചോദ്യം ചെയ്തിരുന്നു. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.
ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.