Interview | പ്രവാചകന്റെ മതം സ്ത്രീ വിരുദ്ധമല്ല; ഏക സിവില്‍കോഡല്ല, ഭരണഘടനാ നീതിയാണ് ആവശ്യം | വി.പി. സുഹറ
Interview
Interview | പ്രവാചകന്റെ മതം സ്ത്രീ വിരുദ്ധമല്ല; ഏക സിവില്‍കോഡല്ല, ഭരണഘടനാ നീതിയാണ് ആവശ്യം | വി.പി. സുഹറ
ആമിന കെ.
Saturday, 11th March 2023, 12:56 pm
ശരീഅത്ത് നിയമത്തിലൂടെയാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാന്‍ കൂടുതലും സാധ്യതയുള്ളത്. സഹോദരന് സ്വത്തില്‍ രണ്ട് ഭാഗം കിട്ടുമ്പോള്‍ സഹോദരിക്ക് ഒന്ന് മാത്രമേ കിട്ടുന്നുള്ളൂ. ഇക്കാരണങ്ങള്‍ കൊണ്ട് സ്വത്ത് ലഭിച്ച് കഴിഞ്ഞ് സഹോദരിയെ പുറത്താക്കിയ ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. ഭര്‍ത്താവ് മരിച്ച് കഴിഞ്ഞ് ഭര്‍ത്താവിന്റെ സഹോദരങ്ങളാല്‍ വഴിയാധാരമാകുന്ന ആയിശുമ്മായെ പോലുള്ള ഒരുപാട് പേര്‍ ഉണ്ട്. ഇനി പകരം ഭാര്യയാണ് മരിക്കുന്നതെങ്കില്‍ സ്വത്തില്‍ വലിയൊരു പങ്കും ഭര്‍ത്താവിന് കിട്ടുകയാണ്. ഇതല്ലേ ശരിക്കും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നത് | മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെ കുറിച്ച് സാമൂഹിക പ്രവര്‍ത്തകയായ വി.പി. സുഹറ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖം.

വി.പി. സുഹറ 

‘മുസ്‌ലിം സ്ത്രീ നീതി ചോദിക്കുന്നു.’ അതില്‍ തന്നെയുണ്ട്  ഫോറം ഫോര്‍ മുസ്‌ലിം വിമന്‍സ് ജന്‍ഡര്‍ ജസ്റ്റിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന്. മുസ്‌ലിം സമുദായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എപ്പോള്‍ മുതലാണ് പുറത്ത് കൊണ്ട് വരണമെന്ന് തോന്നിയത്?

എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് എന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അന്ന് ഞാന്‍ കരുതി എന്റെ വീട്ടില്‍ മാത്രമേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുള്ളുവെന്നാണ്. പിന്നീട് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് ഒരുപാട് പേര്‍ക്കുള്ള അനുഭവങ്ങളാണ് ഇതെന്ന് എനിക്ക് മനസിലായത്.

പ്രത്യേകിച്ച് 1985ലെ ഷഹബാനു കേസ്. ഈ കേസുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അപ്പോഴാണ് സുപ്രീം കോടതിയുടെ വിധിയല്ല പ്രശ്‌നമെന്നും ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഉണ്ടാക്കിയ വ്യക്തി നിയമമാണ് നമ്മുടെ ശത്രുവെന്നും ഞാന്‍ മനസിലാക്കുന്നത്.

അങ്ങനെ 1986-87 കാലഘട്ടത്തിലാണ് ഞാന്‍ സാമൂഹ്യ രംഗത്തേക്ക് കടന്ന് വരുന്നത്. അതിന് മുന്നേ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അന്ന് ശ്രദ്ധ കൊടുത്തത് സ്വയം തൊഴിലിന്റെ കാര്യങ്ങളിലായിരുന്നു. എന്നാല്‍ സ്വത്ത് അവകാശം, മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ഇടയില്‍ കടന്ന് ചെല്ലുന്നത് സ്ത്രീ വിമോചന പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ്.

കേരളത്തില്‍ ഫെമിനിസ്റ്റ് സംഘടനകള്‍ തുടങ്ങിയ ആ കാലത്ത് ‘ബോധന’ എന്ന് പറയുന്ന സ്ത്രീ വിമോചന പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് നമ്മുടെ മുന്നിലെത്തിയ കേസുകളില്‍ കൂടുതലും മുസ്‌ലിം സ്ത്രീകളുടേതായിരുന്നു.

മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയ ഞാന്‍  ഈ വിഷയങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. അപ്പോഴാണ് പ്രശ്‌നം  മുസ്‌ലിം വ്യക്തി നിയമങ്ങളിലാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

പിന്നീട് 1996ല്‍ വനിതാ കമ്മീഷന്‍ രൂപീകരിക്കുന്നു. അന്ന് ചെയര്‍പേഴ്‌സണായിരുന്ന സുഗതകുമാരി ടീച്ചര്‍ കോഴിക്കോട് നടന്ന പ്രഥമ സിറ്റിങ്ങില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരുപാട് സെമിനാറുകള്‍ നടത്തിയിരുന്നു. അപ്പോഴേക്കും മതയാഥാസ്ഥിതികരും മുജാഹിദ്, ജമാഅത്തിലൊക്കെയുള്ള സ്ത്രീകളുമെല്ലാം നായര്‍ സ്ത്രീ എന്തിനാണ് നമ്മുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന ആക്ഷേപം ഉയര്‍ത്തിയിരുന്നു.

സുഗതകുമാരി ടീച്ചര്‍ (ആദ്യ സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ)

അപ്പോഴാണ് നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ പറയണമെന്ന തോന്നലുണ്ടാകുന്നത്. അങ്ങനെയാണ് ‘നിസ’ പിറക്കുന്നത്. എന്തുകൊണ്ട് മുസ്‌ലിം മുസ്‌ലിം സ്ത്രീകള്‍ക്ക് സംഘടിച്ചു കൂടാ എന്ന ചിന്ത ഉണ്ടായി.

സംഘടന വരുന്നതിന് മുന്നേ മുത്തലാഖിനെ സംബന്ധിച്ചൊക്കെ വീട്ടില്‍ കയറി ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. 2002ല്‍ സ്ത്രീയുടെ സാന്നിധ്യത്തിലല്ലാതെ വിവാഹമോചനം പാടില്ലെന്ന ഒരു വിധി വന്നിട്ടുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വീടുകളില്‍ കയറിയുള്ള ബോധവല്‍ക്കരണം നടത്തിയത്.

ശരീഅത്തിനെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. ശരിക്കും വ്യക്തി നിയമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?

ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരായവര്‍ രചിച്ച നിയമമാണ് 1937ല്‍ പുറത്തിറക്കിയ മുസ്‌ലിം വ്യക്തി നിയമം. ആദ്യം 1906ല്‍ സര്‍ ഡി.എച്ച്. മുല്ല എഴുതിയ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മഹ്‌മൂദന്‍ ലോ’ എന്ന പുസ്തകത്തിലാണ് ശരീഅത്ത് നിയമത്തെ കുറിച്ച് പറയുന്നത്. അതിന് ശേഷം 1939ല്‍ വ്യക്തി നിയമം പരിഷ്‌കരിച്ചു.

അന്നത്തെ കാലത്ത് വിവാഹമോചനം ലഭിക്കണമെങ്കില്‍ സ്ത്രീകള്‍ ഏതെങ്കിലും ഒരു മതത്തിലേക്ക് കണ്‍വേര്‍ട്ട് ആകണം. അല്ലെങ്കില്‍ വിവാഹമോചനം ലഭിക്കില്ല. പക്ഷേ പുരുഷന്‍മാര്‍ക്ക് ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാനുള്ള അധികാരവും ഉണ്ട്. ആ സന്ദര്‍ഭത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ വന്നപ്പോഴാണ് നിയമം ക്രോഡീകരിച്ചത്. അതോടെ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശവും ലഭിച്ചു.

എന്നാല്‍ ആ നിയമത്തില്‍ വിവാഹമോചനത്തിന്റെ വിഷയം മാത്രമേ പരിഗണിച്ചുള്ളൂ. ആ കാലത്തെ സംബന്ധിച്ച്, സ്ത്രീകള്‍ക്ക് കോടതിയില്‍ പോകാം, വിവാഹമോചനം നേടാമെന്നൊക്കെ പറയുന്നത് നല്ലൊരു കാര്യം തന്നെയാണ്. പക്ഷേ അതില്‍ വിവാഹമോചനം നേടിയ സ്ത്രീകളുടെ ജീവനാംശത്തെ കുറിച്ചോ ഏകപക്ഷീയമായി നടക്കുന്ന പുരുഷന്‍മാരുടെ വിവാഹമോചനത്തെ കുറിച്ചോ സൂചിപ്പിച്ചിരുന്നില്ല.

പിന്നീട് ഷഹബാനു കേസ് വന്ന സമയത്താണ് സമൂഹത്തില്‍ വിവാഹമോചനം വലിയ ചര്‍ച്ചയാകുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും മക്കള്‍ക്കും ചെലവ് നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചത്. ഇസ്‌ലാമിക നിയമത്തിലെ 125ാം വകുപ്പും ഖുര്‍ആനിലെ ഒരു ആയത്തും ഉദ്ധരിച്ചാണ് സുപ്രീം കോടതി ഈ വിധി പുറത്ത് വിടുന്നത്.

പിന്നാലെ സുപ്രീം കോടതി എങ്ങനെയാണ് ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്ന വിവാദങ്ങള്‍ വന്നിരുന്നു. അങ്ങനെയാണ് ഇത് ഇസ്‌ലാമിനെതിരാണെന്ന ബാലിശമായുള്ള കുറെ കാര്യങ്ങള്‍ പറഞ്ഞ് രാജീവ് ഗാന്ധിയുടെ കാലത്ത് സ്ത്രീ വിരുദ്ധ ബില്ല് കൊണ്ട് വരുന്നത്. സ്ത്രീ വിരുദ്ധ ബില്ലില്‍ മൂന്ന് മാസത്തേക്കുള്ള ജീവനാംശത്തെ കുറിച്ചേ പറയുന്നുണ്ടായിരുന്നുള്ളൂ.

സ്ത്രീ സ്വത്തവകാശം, മുത്തലാഖ്, ബഹു ഭാര്യാത്വം തുടങ്ങിയ വിഷയങ്ങളില്‍ നിസ അടക്കമുള്ള സംഘടനകള്‍ നേരത്തേ സര്‍ക്കാരിനെയും തുടര്‍ന്ന് കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായം സര്‍ക്കാര്‍ നിങ്ങളോടല്ല, മറിച്ച് പുരുഷന്മാരായ മത നേതാക്കളോടാണ് ചോദിച്ചത്. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകളോട് തന്നെയല്ലേ അഭിപ്രായം ചോദിക്കേണ്ടത്?

മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും വനിതാ നേതാക്കള്‍ക്കും നിരവധി നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്. അതില്‍ പരിഹാരം കാണാത്തത് മൂലമാണ് 2008ല്‍ ഖുര്‍ആന്‍ സംയുക്ത സൊസൈറ്റിയോടൊപ്പം ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുന്നത്.

എന്നാല്‍ ഹൈക്കോടതി സര്‍ക്കാറിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഇന്ത്യൻ ശരീഅത്ത് നിയമത്തില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അഫിഡവിറ്റ് നല്‍കി. അതിന് ശേഷമാണ് 2016ല്‍ ഞങ്ങള്‍ സുപ്രീം കോടതിയിലേക്ക് പോകുന്നത്. എന്നാല്‍ ഈ വിഷയം അടുത്ത കാലത്താണ് സുപ്രീം കോടതി പോലും പരിഗണിച്ചത്.

ഇതിലെ വേറൊരു പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ബോധവല്‍ക്കരണം കൊണ്ടെങ്കിലും പരിഹരിക്കാന്‍ സാധിക്കുമെങ്കിലും സ്വത്തവകാശം അങ്ങനെ സാധിക്കില്ല.

എത്ര സ്‌നേഹമുള്ള സഹോദരങ്ങളായാലും സ്വത്തുക്കള്‍ വിട്ട് നല്‍കുമെന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നുമില്ല. അത്തരം അനുഭവങ്ങളൊക്കെ നമുക്ക് മുന്നില്‍ ഒരുപാടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി വിഷയം കേരള സര്‍ക്കാറിനോട് ചോദിക്കുന്നു.

എന്നാല്‍ സര്‍ക്കാര്‍ സമസ്ത പോലുള്ള പുരുഷ മത യാഥാസ്ഥിതികരെ മാത്രം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തു. ശരീഅത്തില്‍ ഒരു പ്രശ്നവുമില്ലെന്നും സ്ത്രീകള്‍ സുരക്ഷിതരാണെന്നും മത യാഥാസ്ഥിതികര്‍ പറയുന്നത് മാധ്യമങ്ങളിലൂടെ ഞങ്ങള്‍ അറിയുകയായിരുന്നു.

ശരീഅത്തിന് എതിരായുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് തന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവിടെയാണ് നമുക്ക് പ്രതിഷേധം വന്നത്.

ഉടനെ തന്നെ ഞങ്ങള്‍ പത്രസമ്മേളനം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാരണം ഒരു ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് നാം ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നവോത്ഥാനം എന്ന് പറഞ്ഞാല്‍ മാത്രം പോരല്ലോ?

പുതു തലമുറയാണ് ഇനി ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ വേണ്ടി ശ്രമിക്കേണ്ടത്. പഴയ തലമുറയിലെ മനുഷ്യരോട് ഒരു പക്ഷേ ഇനി പറഞ്ഞാല്‍ മനസിലായെന്ന് വരില്ല. പക്ഷേ പുതു തലമുറയിലെ കുട്ടികള്‍ക്ക് തെറ്റ് പറഞ്ഞ് കൊടുത്താല്‍ തിരുത്താന്‍ സാധിക്കും. അവരെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ സാധിക്കും.

ആദ്യഘട്ടത്തില്‍ നിസയിലൂടെ മാത്രമുള്ള പോരാട്ടമായിരുന്നല്ലോ ഉണ്ടായിരുന്നത്. എപ്പോള്‍ മുതലാണ് ജസ്റ്റിസ് ഫോറം എന്ന രീതിയിലേക്ക് വിപുലമായ ഒരു സംഘടനയായി മാറാന്‍ തീരുമാനിച്ചത്?

സര്‍ക്കാറില്‍ നിന്ന് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോഴാണ് ഞങ്ങള്‍ മാത്രം സംഘടനയായി നിന്നാല്‍ പോര, എല്ലാവരോടും ചേര്‍ന്ന് നിന്ന് കൊണ്ട് പോരാടണമെന്ന് തോന്നിയത്. അങ്ങനെയാണ് വ്യത്യസ്ത സംഘടനകളെയും വ്യക്തികളെയും വിളിച്ചുകൂട്ടി ഫോറം ഫോര്‍ മുസ്‌ലിം ജന്റര്‍ ജസ്റ്റിസ് എന്ന പേരില്‍ ഫോറം രൂപീകരിക്കുന്നത്. നിസക്കുള്ള ഒരു സപ്പോര്‍ട്ടിങ്ങ് സംഘടനയാണിത്.

ഈ സംഘടനയിലൂടെ ആളുകള്‍ അവര്‍ക്ക് പ്രശ്നം പറയാന്‍ ഒരു ഇടമുണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുപാട് പേരാണ് അവരുടെ പ്രശ്നം പറഞ്ഞ് ഞങ്ങളെ നിരന്തരം വിളിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയും ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.

കോളേജുകളിലും ഞങ്ങള്‍ ഫോറത്തിന്റെ പരിപാടികള്‍ നടത്തുന്നുണ്ട്. കോളേജുകളില്‍ എത്തുമ്പോഴാണ് ഈ വിഷയങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ലെന്ന് മനസിലാക്കുന്നത്. മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചെല്ലാം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തുല്യ സ്വത്ത് അവകാശങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല.

ഷുക്കൂര്‍ വക്കീലും പങ്കാളിയും വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത അറിയിച്ചപ്പോള്‍ മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ നിരവധി നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. സ്വത്തുക്കള്‍ സഹോദരന്മാര്‍ക്ക് ലഭിക്കുന്നതിനുള്ള പ്രശ്നമാണെന്ന് പോലുള്ള കമന്റുകളാണ് വരുന്നത്. ഇതിനോടുള്ള പ്രതികരണം എന്താണ്?

ഷുക്കൂര്‍ വക്കീലും പങ്കാളി ഷീനയും മൂന്ന് പെണ്‍മക്കളും

ശരിക്കും പറഞ്ഞാല്‍ ശരീഅത്ത് നിയമത്തിലൂടെയാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാന്‍ കൂടുതലും സാധ്യതയുള്ളത്. സഹോദരന് സ്വത്തില്‍ രണ്ട് ഭാഗം കിട്ടുമ്പോള്‍ സഹോദരിക്ക് ഒന്ന് മാത്രമേ കിട്ടുന്നുള്ളൂ. ഇക്കാരണങ്ങള്‍ കൊണ്ട് സ്വത്ത് ലഭിച്ച് കഴിഞ്ഞ് സഹോദരിയെ പുറത്താക്കിയ ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്.

ഭര്‍ത്താവ് മരിച്ച് കഴിഞ്ഞ് ഭര്‍ത്താവിന്റെ സഹോദരങ്ങളാല്‍ വഴിയാധാരമാകുന്ന ആയിശുമ്മായെ പോലുള്ള ഒരുപാട് പേര്‍ ഉണ്ട്. ഇനി പകരം ഭാര്യയാണ് മരിക്കുന്നതെങ്കില്‍ സ്വത്തില്‍ വലിയൊരു പങ്കും ഭര്‍ത്താവിന് കിട്ടുകയാണ്. ഇതല്ലേ ശരിക്കും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നത്.

പെണ്‍മക്കള്‍ മാത്രമുള്ള ആളുകള്‍ വഴിയാധാരമാകണമെന്നാണോ ഈ ആളുകള്‍ പറയുന്നത്. ഇതിനൊരു പരിഹാരം സ്പെഷ്യല്‍ ആക്ട് വഴിയുള്ള വിവാഹം തന്നെയാണ്.

ഇങ്ങനെ സ്പെഷ്യല്‍ ആക്ട് വഴി മാത്രമേ ഈയൊരു വിഷയത്തില്‍ പരിഹാരമുണ്ടാകുകയുള്ളൂ എന്നത് ശരിക്കും ഒരു നിസഹായാവസ്ഥയല്ലേ. അതിനപ്പുറത്തേക്കുള്ള ശാശ്വത പരിഹാരമല്ലേ ഇവിടെ ആവശ്യം?

എന്റെ സഹോദരങ്ങളെകൊണ്ട് ഞാന്‍ സ്പെഷ്യല്‍ ആക്ട് വഴി വീണ്ടും വിവാഹം കഴിപ്പിച്ചിട്ടുണ്ട്. എന്റെ അനിയത്തിക്ക് മൂന്ന് പെണ്‍മക്കളാണ്. അവര്‍ക്ക് സ്വത്ത് പൂര്‍ണമായി ലഭിക്കില്ല. നിങ്ങളുടെ കാലശേഷം മക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വത്ത് ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ ആക്ട് പ്രകാരം വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഞാന്‍ അവരുടെ വിവാഹം നടത്തിയിട്ടുണ്ട്.

എന്റെ സഹോദരനും മൂന്ന് പെണ്‍മക്കളാണ്. അവരെ കൊണ്ടും ഞാന്‍ വിവാഹം ചെയ്യിച്ചു. കാരണം ആ പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം വേണമല്ലോ.

ശരീഅത്താണ് എന്നും പറഞ്ഞ് സ്വത്തവകാശത്തിലെ പ്രശ്നങ്ങള്‍ക്ക് വില കൊടുക്കാതിരിക്കുകയാണ്. അപ്പോള്‍ ഇതിനൊരു പരിഹാരമായിട്ട് ഈയൊരു മാര്‍ഗം മാത്രമേ നിലവിലുള്ളൂ.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രണ്ട് പേര്‍ വിവാഹം ചെയ്യുന്നതിന് എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത് ഇസ്ലാം വിരുദ്ധമല്ല.

തുല്യ സ്വത്തവകാശത്തിന്റെ കാര്യത്തില്‍ മത സംഘടനകളുടെ നിലപാടിനെ എങ്ങനെയാണ് നോക്കികാണുന്നത്?

മത സംഘടനകള്‍ ശരീഅത്തിനെ പിന്തുണക്കുകയാണ്. അവര്‍ ഫത്‌വ ഇറക്കുകയും ചെയ്യുന്നു. ചരിത്രം നോക്കുകയാണെങ്കില്‍ ഇതിന് മുമ്പും പല സമുദായങ്ങളുടെയും വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

ഹിന്ദു വ്യക്തി നിയമം ക്രോഡീകരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വ്യക്തി നിയമം ക്രോഡീകരിച്ചു. 1950ലാണ് അംബേദ്ക്കര്‍ ഹിന്ദു വ്യക്തി നിയമം ക്രോഡീകരിക്കാന്‍ ബില്ല് അവതരിപ്പിക്കുന്നത്. ഇതില്‍ ഹിന്ദു മഹാ സഭയും രാഷ്ട്രീയ പാര്‍ട്ടികളും സങ്കുചിത മനോഭാവമുള്ളവരും ആദ്യം ശക്തമായ പ്രതിഷേധവുമായി വന്നിരുന്നു.

ഡോ. ബി.ആര്‍. അംബേദ്കര്‍

അതിന് ശേഷം ബില്ല് അംഗീകരിക്കാത്തതിനെതിരെയുള്ള അംബേദ്ക്കറുടെ രാജിയും നിരന്തരമുള്ള പ്രതിഷേധങ്ങളും കാരണം 1956ല്‍ ലിംഗനീതിക്ക് അനുസൃതമായ ഒരു നിയമം രൂപീകരിക്കുകയായിരുന്നു. അതിലുണ്ടായിരുന്ന ചെറിയ പ്രശ്നങ്ങള്‍ വരെ കോടതിയില്‍ പോയി പരിഹരിച്ചു.

ഇതൊക്കെയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന പ്രശ്നമാണ്. ആ ഒരു പ്രശ്നമാണ് ഞങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്നത്. ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തെ ഭരണഘടനയെ അനുസരിക്കണം. നമ്മുടെ ഭരണഘടനയില്‍ ഒരു മതത്തിന്റെ പേരിലും അവകാശം നിഷേധിക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍ മുസ്‌ലിം സമുദായം മാത്രം എന്തിനാണ് അവകാശം നിഷേധിക്കപ്പെട്ട് ജീവിക്കുന്നത്.

മത പ്രഭാഷകര്‍ പ്രസംഗിക്കുന്നതൊന്നുമല്ല ഇസ്ലാം. ഇസ്ലാമിന് കൃത്യമായ രാഷ്ട്രീയമുണ്ട്. പ്രവാചകന്റെ മതം ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. സ്ത്രീകള്‍ക്ക് ഇസ്ലാം ആദരവും ബഹുമാനവും നല്‍കുന്നുണ്ട്. പ്രവാചക ചര്യയാണ് അവരുടെ ലക്ഷ്യമെങ്കില്‍ അവര്‍ ചെയ്യുന്നത് ഇസ്‌ലാമികമല്ല.

നമ്മള്‍ ഒരു മൂടുപടം ഇട്ട് ഉള്ളില്‍ ഇരിക്കേണ്ടവരൊന്നുമല്ല. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ വില കല്‍പ്പിച്ചിട്ടുള്ളയാളാണ് പ്രവാചകന്‍. അന്ന് ഇരുണ്ട കാലത്ത് തന്നെ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ആയിശാബീവിയെ ഉദ്ധരിച്ചും ഹദീസുകള്‍ ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ പ്രചരിക്കുന്നത് മുഴുവന്‍ കള്ള ഹദീസുകളാണ്. പ്രവാചകന് ശേഷം ബുഹാരി ഹദീസുകളെ കുറിച്ച് പഠനം നടത്തിയിരുന്നു. അതില്‍ ഏഴ് ലക്ഷം ഹദീസുകളില്‍ നിന്ന് 6000 ഹദീസുകളാണ് ആധികാരികമായി കണ്ടെത്തിയത്.

ഖുര്‍ആനിലല്ല, അതിന്റെ വ്യാഖ്യാനങ്ങളിലാണ് പ്രശ്നം. ഖുര്‍ആന്‍ അറബി ഭാഷയിലാണ്. ആ ഭാഷ അറബികള്‍ക്ക് മനസിലാകുന്നത് പോലെ നമുക്ക് വിവര്‍ത്തനം ചെയ്ത് മനസിലാക്കാന്‍ പറ്റില്ല. അത് വലിയൊരു പ്രശ്നമാണ്.

ഖുര്‍ആന്‍

ഖുര്‍ആനില്‍ ഒസ്യത്തിനെ കുറിച്ചും കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒസ്യത്ത് എഴുതി വെക്കുന്നതും മൂന്നില്‍ ഒന്ന് മാത്രമാണ്. ഇങ്ങനെ വികൃതമായ രീതിയില്‍ ഇസ്‌ലാം കളങ്കപ്പെടുത്തുകയാണ് ശരീഅത്തിലൂടെ.

ഇസ്‌ലാമിനെ സംബന്ധിച്ച് ഫത്‌വ ഇറക്കാന്‍ യാതൊരു അവകാശവുമില്ല. നമ്മള്‍ എല്ലാം മനസിലാക്കുന്നത് ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട ചരിത്രത്തിലൂടെയാണ്. ഈ ചരിത്രങ്ങള്‍ നോക്കുമ്പോള്‍ പ്രവാചകന്റെ കാലത്തിന് ശേഷം നാല് ഖലീഫകള്‍ വന്നു. ഇവരുടെ കാലശേഷം മുആവിയ എന്ന് പറയുന്ന വ്യക്തി വന്നതോടെ മതാധിഷ്ഠിത ഭരണം അവസാനിപ്പിച്ച് മതാധിപത്യ ഭരണം കൊണ്ട് വന്നു. ഇതിന് ശേഷം  ഇസ്‌ലാമിനെ കുറിച്ച് പറയാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല.

മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വെച്ചാല്‍ ഏത് മതത്തിലും അനാഥരായ ആളുകളെ വളര്‍ത്തിയെടുത്ത് അവരെ സ്വതന്ത്രമായി വിടാതെ മതസംഘടനകളുടെ ഭാഗമാക്കുകയാണ്.

ദാരിദ്ര്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദാരിദ്ര്യ നിര്‍മാര്‍ജനം ഇല്ലാത്ത കാലത്തോളം മത സംഘടനകള്‍ വളര്‍ന്ന് വരും. ആ സംഘടനകള്‍ ആണ് ഫത്‌വ  ഇറക്കുന്നത്.

മുസ്‌ലിം വ്യക്തി നിയമത്തെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഏകസിവില്‍കോഡിനെ പിന്തുണക്കുകയാണെന്ന വലിയ വിമര്‍ശനങ്ങളാണ് വരുന്നത്. ഇത്തരം വിമര്‍ശനങ്ങളോടുള്ള സമീപനമെന്താണ്?

ഇവിടെ ഏകസിവില്‍കോഡിനെ ആരും അംഗീകരിക്കുന്നില്ല. ഏക സിവില്‍ കോഡ് അല്ല നമ്മുടെ ആവശ്യം. സിവില്‍ കോഡ് വന്നാല്‍ തന്നെ മുസ്ലിം വിഭാഗത്തിനെതിരെയുള്ള എന്തെങ്കിലും അതില്‍ ഉണ്ടെങ്കില്‍ ആരെങ്കിലും വെറുതെയിരിക്കുമോ.

പൗരത്വ ഭേദഗതി ബില്ല്, കര്‍ഷക ബില്ല് എന്നിവ കൊണ്ട് വരാന്‍ ശ്രമിച്ചപ്പോള്‍ പൗര സമൂഹം എതിര്‍ത്തത് നാം കണ്ടതാണ്. ഇത് പോലെ നീതി ബോധമുള്ള സമൂഹമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഏക സിവില്‍ കോഡില്‍ സമുദായത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള വിവേചനം വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കും.

തീവ്ര ഹിന്ദുത്വ നിലപാടുള്ളവര്‍ ഭരിക്കുന്നത് കൊണ്ടാണ് ഏക സിവില്‍ കോഡിനെ നമ്മള്‍ ഭയപ്പെടുന്നത്. അതും ഇതും വേറെയാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്നത് തുല്യ നീതിയാണ്.

തുല്യ നീതി ആവശ്യപ്പെടുന്നത് എങ്ങനെയാണ് സിവില്‍ കോഡിനെ പിന്തുണക്കുന്നതാകുന്നത്. ഭരണഘടന അനുശാസിക്കുന്ന നീതിയാണ് ഞങ്ങള്‍ ചോദിക്കുന്നത്.

നേരത്തേ ഹിന്ദു നിയമവും ക്രിസ്ത്യന്‍ നിയമവും പരിഷ്‌കരിച്ചപ്പോള്‍ സിവില്‍ കോഡ് വരുന്നുവെന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല.

ഈ വിഷയത്തിലെ മാധ്യമങ്ങളുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇതൊക്കെയും പുരുഷ രാഷ്ട്രീയവും പുരുഷ മതവുമാണ്. സ്ത്രീകളുടെ ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെയുണ്ടാകണം. ഇപ്പോള്‍ ഉള്ളതെല്ലാം മറ്റ് സംഘടനകളുടെ വാലായി നില്‍ക്കുന്നവരാണ്. അവരൊക്കെയും നിശബ്ദമാക്കപ്പെട്ടവരാണ്. ഹരിത തന്നെ ഉദാഹരണമായി എടുക്കാം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് വേണം. അതിന് ശരീഅത്ത് അവരുടെ കൈയിലാണെന്നും അത് സംരക്ഷിക്കുമെന്നും അവര്‍ക്ക് വരുത്തി തീര്‍ക്കണം. എങ്കിലേ അവര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

എല്ലാം രാഷ്ട്രീയമാണ്. സ്ത്രീവിരുദ്ധതയും ഒരു രാഷ്ട്രീയമാണ്. ഇത് സമുദായങ്ങളില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കുകയാണ്.

മാധ്യമങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ നിസയുണ്ടായ കാലത്തുള്ള പിന്തുണ ഒന്നും മാധ്യമങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നില്ല. എന്തെങ്കിലും ചെറുതായിട്ട് പേരിന് ചെയ്യാം എന്നല്ലാതെ കാര്യമായിട്ടുള്ള ഇടപെടലുകള്‍ കാണുന്നില്ല.

Content Highlight: Interview with v.p.suhara

 

ആമിന കെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.