സുഡാനി ഫ്രം നൈജീരിയയിലെ ജമീലയുടെ പുതിയാപ്ലയായ വൃദ്ധന്‍, ഭാര്യയുടെ മകന്‍ തന്നെ ഇഷ്ടമല്ലാത്തതിനാല്‍ സെക്യൂരിറ്റി ജോലിക്കാര്‍ക്കുള്ളയിടത്ത് തന്നെ കഴിയുന്നത്ര താമസിക്കുന്നയാള്‍, രോഗി, വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് സുഡാനി ഫ്രം നൈജീരിയയില്‍ ഈ “ഫാദര്‍” വരുന്നത്. എന്നാല്‍ ചിത്രം കണ്ടിറങ്ങി വരുന്നവരുടെ ഉള്ളില്‍ നിന്ന് ഈ വൃദ്ധന്‍ അത്ര പെട്ടന്ന് ഒന്നും ഇറങ്ങി പോകില്ല.
ചിത്രം കണ്ടിറങ്ങി വരുന്ന ഓരോരുത്തരും ഒരേ സ്വരത്തില്‍ പറയും കെ.ടി.സി അബ്ദുള്ളയെന്ന ഈ അതുല്യ കലാകാരന്‍ സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്ന്.
നാല്‍പ്പതിലധികം വര്‍ഷമായി മലയാളസിനിമയുടെ അരങ്ങത്തും അണിയറയിലും കെ.ടി.സി അബ്ദുള്ളയുണ്ട്. അതിലുമധികം വര്‍ഷം നാടക വേദിയിലും പഠിക്കുന്ന കാലത്ത് തന്നെ ആരംഭിച്ച കലാജീവിതം ഇന്നും അതേ ഇഷ്ടത്തോടെ മുന്നോട്ട് കൊണ്ട് പോകുകയാണ് അബ്ദുള്ളയെന്ന കെ.ടി.സി അബ്ദുള്ള.
കോഴിക്കോടിന്റെ കലാചരിത്രത്തില്‍ ഒഴിവാക്കാനാവാത്ത കെ.ടി.സി അബ്ദുള്ള തന്റെ ഏറ്റവും പുതിയ സിനിമയായ സുഡാനി ഫ്രം നൈജീരിയയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും നാടക സിനിമ അനുഭവങ്ങളെ കുറിച്ചുമെല്ലാമുള്ള ഓര്‍മ്മകള്‍ ഡൂള്‍ ന്യൂസുമായി പങ്ക് വെക്കുകയാണ്.
എങ്ങിനെയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലേക്ക് താങ്കള്‍ എത്തുന്നത്. ?
ഒരു ദിവസം ചിത്രത്തിന്റെ സംവിധായകനും കുറച്ച് പേരും വീട്ടില് വന്നു.അവര് പറഞ്ഞു ഞങ്ങള് ഒരു സിനിമ എടുക്കുന്നുണ്ട്. നിങ്ങളെ അതില് അഭിനയിക്കണമെന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ഓടാനോ ചാടാനോ പറ്റില്ല. പണ്ടത്തെ പോലെ സൈക്കിള്‍ ചവിട്ടാനോ ഒന്നും പറ്റില്ല. അപ്പം അവര് പറഞ്ഞു എനിക്ക് ചെയ്യാന്‍ പറ്റിയ കഥാപാത്രമാണ് എന്ന്. പിന്നെ ലൊക്കേഷന്‍ എവിടെയാണെന്ന് അറിയേണ്ടിയിരുന്നു കാരണം വളരെ ദൂരെയൊക്കെയാണെങ്കില്‍ എനിക്ക് പറ്റില്ല്. ഇവിടെ അടുത്ത് വാഴൂര്‍ അണെന്ന് പറഞ്ഞു എന്നാ പിന്നെ അങ്ങിനെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു.
ലോക്കേഷന്‍ അനുഭവങ്ങള്‍ എന്തെല്ലാമായിരുന്നു. ?
അവിടെ പോയപ്പോള്‍ എന്നെ വളരെ ആദരവോടും ബഹുമാനത്തോടും ആണ് ട്രീറ്റ് ചെയ്തത്. വലിയ നടന്‍ എന്ന നിലയില്‍ അല്ല പ്രായമായ മനുഷ്യന്‍ എന്ന് നിലയില്‍ ആണ് അത്. പിന്നെ ചിത്രത്തില്‍ ഞാനും സൗബിനും മാത്രമാണ് സിനിമയില്‍ നന്നായി മുന്‍ പരിചയമുള്ള ആളുകള്‍. വളരെ രസമായി സ്നേഹത്തോടെയുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
നാടകത്തിലെ നായിക തന്നെ സിനിമയിലും നായികയായല്ലോ ?
ഞാനും സാവിത്രിയും ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ അമേച്ച്വര്‍ നാടക സംഘത്തില്‍ ആണ് അത്. അവരുടെ ആദ്യ സിനിമയായിരുന്നു അത്. അപ്പം ചില സീനുകള്‍ എടുക്കുമ്പോ അവര്‍ക്ക് പേടിയായിരുന്നു ചെയ്തത് ശരിയാണോ ശരിയാണോ എന്ന് അത് അവര് ഇടക്ക് ഇടക്ക് ചോദിക്കും. അപ്പം ഞാന്‍ പറയും നിങ്ങള് അത് ധൈര്യായിട്ട് ചെയ്തോളു നാടകത്തിലെ പോലെയല്ല. തെറ്റിയാല്‍ ശരിയാക്കികൊളും മാറ്റി എടുക്കാലോ. പിന്നെ സരസയുമായി ഞാന്‍ ഇത് നാടകത്തില്‍ അഭിനയിച്ചിട്ടില്ല.
നാടകപ്രവര്‍ത്തനത്തിന്റെ തുടക്കം… എങ്ങിനെയായിരുന്നു ?
ഞാന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് സോഷ്യല്‍ സ്റ്റഡീസിന്റെ പിരീഡില്‍ നാടകങ്ങളും കലാപരിപാടികളും ഉണ്ടാകും അങ്ങിനെയാണ് ഞാന്‍ ഇതിലേക്ക് വരുന്നത്. സ്‌ക്കൂളില്‍ എന്റെ സീനീയേഴ്സ് ആയിരുന്നു ടി.ദാമോദരന്‍ മാസ്റ്ററും കെ.പി ഉമ്മറും. ഒരു പതിനെട്ട് വയസ്സിലാണെന്ന് തോന്നുന്നു ഞങ്ങള്‍ യുനൈറ്റഡ് ഡ്രാമ അക്കാഡമി എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി. അത് അമേച്ച്വര്‍ സമിതിയാണ്. കൊല്ലത്തില്‍ ഒന്നോ രണ്ടോ നാടകങ്ങള്‍ അവതരിപ്പിക്കുക എന്നതായി.
എങ്ങിനെയാണ് അബ്ദുള്ളക്ക് കെ.ടി.സി അബ്ദുള്ളയാവുന്നത് ?
നാടകവുമൊക്കെയായി മുന്നോട്ട് പോകുന്നതിനിടക്ക് ഉപ്പക്ക് സുഖമില്ലാതായി. അപ്പം ഒരു ജോലി അത്യാവശ്യമായി. ഞങ്ങളുടെ എല്ലാ നാടകവും പി.വി സ്വാമി കാണാറുണ്ട്. അദ്ദേഹം വ്യവസായ പ്രമുഖന്‍ എന്നതിനുപരിയായി നല്ല ഒരു കലാസ്വാദകന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന് എന്ന അളകാപുരി വെച്ച് കല്ലാട്ട് കൃഷ്ണന്‍ പരിചയപ്പെടുത്തികൊടുത്തിട്ട് എന്തെലും ജോലി ശരിയാക്കി കൊടുക്കാന്‍ പറഞ്ഞു അദ്ദേഹം പറഞ്ഞു എനിക്ക് ഇവനയറിയാമെന്ന് അങ്ങിനെയാണ് ഞാന്‍ കെ.ടി.സി എത്തുന്നത്.
എന്നെ കെ.ടി.സി അബ്ദുള്ളയാക്കുന്നത് പി.വി ഗംഗാധരന്‍ ആണ്. അദ്ദേഹം പറഞ്ഞു അബ്ദുള്ളക്ക നിങ്ങള് ഈ ഫോണ്‍ ഒക്കെ എടുക്കുമ്പോ അബ്ദുള്ളയാണ് കെ.ടി.സിയില്‍ നിന്നാണ് എന്നൊന്നുമല്ല പറയേണ്ടത്. കെ.ടി.സി അബ്ദുള്ളയാണ് എന്ന് പറയണം എന്ന അങ്ങിനെയാണ് ഞാന്‍ കെ.ടി.സി അബ്ദുള്ളയാവുന്നത്.
എങ്ങിനെയാണ് അബ്ദുള്ളക്ക ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ഭാഗമാവുന്നത് ?
പി.വി ഗംഗാധരന്‍ സാര്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങിനെ ആദ്യം അവര് എല്ലാവരും കൂടെ ഒറ്റക്ക് ഒറ്റക്ക് അല്ലാതെ എല്ലാവരും കൂടെ സൗഹൃദയ ഫിലിം എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി തുടങ്ങി. ആ സമയത്ത് ഞങ്ങളെ മൂന്ന് പേരെ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മദിരാശിക്ക് പറഞ്ഞ് അയക്കുന്നത്. അന്ന എന്റെ കൂടെ വന്ന രണ്ട പേര് ഇന്ന് ജീവിച്ചിരിപ്പില്ല. ഒന്ന് ടി ദാമോദരന്‍ മാസ്റ്ററാണ്. ഒന്ന് ബാലന്‍ കെ. നായരും അങ്ങിനെയാണ് ഞാന്‍ ആദ്യമായി മദിരാശിയില്‍ എത്തുന്നതും സിനിമയെ കുറിച്ച് അറിയുന്നതും. അവിടെ വെച്ച് സിനിമയുടെ വിവിധ കാര്യങ്ങള്‍ നോക്കി മനസിലാക്കി അവസാനം സെന്‍സറിംഗിന് കൊണ്ട് പോകുന്നത് അടക്കം നോക്കി മനസ്സിലാക്കി എന്ന് പറയാം.
സിനിമയില്‍ മറക്കാന്‍ കഴിയാത്ത ആളുകള്‍ ആരൊക്കയാണ് ?
സിനിമയില്‍ എം.ടി വാസുദേവന്‍ നായര്‍ സാറും ഹരിഹരന്‍ സാറും ശരിക്കും ഗുരുതുല്ല്യരാണ്. ഹരിഹരന്‍ സാറ് ഞങ്ങളുടെ പല സിനിമകളും ചെയ്തിട്ടുണ്ട് ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കും എന്നിട്ട് ഒരോ സംശയങ്ങള്‍ ചോദിക്കും ഒരോ ലെന്‍സിനെ കുറിച്ചും മറ്റും. അദ്ദേഹം അത് കൃത്യമായി പറഞ്ഞ് തരും പിന്നെ മറ്റൊരു ഗുരു തുല്ല്യന്‍ എന്ന പറയുന്നത് എം.ടി സാറാണ്.
അറബിക്കഥയിലെ അബ്ദുള്ളക്ക എന്ന കഥാപാത്രത്തിലേക്ക് എത്തിയത് എങ്ങിനെയാണ് ?
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ തന്നെ യെസ് യുവര്‍ ഹോണര്‍ കണ്ടിട്ടാണ് എന്നെ ലാല്‍ ജോസ് സാര്‍ അറബിക്കഥയിലേക്ക് വിളിക്കുന്നത്. അദ്ദേഹം എന്നെ വിളിച്ചു. ഷൂട്ടിംഗ് ദുബായ് അയിരിക്കും എന്നും പറഞ്ഞു. എന്റെ മോന്‍ അവിടെയാണ് താമസം അത് കൊണ്ട് അത് പ്രശ്‌നമില്ലായിരുന്നു. അങ്ങിനെ ഞാന്‍ ദുബായ് പോയി അവിടെ എല്ലാവരുമായി നല്ല ബന്ധമായിരുന്നു, സുരാജ് വെഞ്ഞാറമൂട്, ശ്രീനിവാസന്‍, സാദിഖ്, സലിംകുമാര്‍ അങ്ങിനെ എല്ലാരും.
ആ സിനിമയിലെ അവസാന രംഗം ഒരിക്കലും മറക്കാനാവാത്തതാണ്. ഞാന്‍ തിരിച്ച് പോകുമ്പോ ശ്രീനിവാസനോട് ചോദിക്കുന്നതാണ് “മോനെ നീ ഇനി എന്താ ചെയ്യാ എന്ന് ” ആ സീന്‍ എടുക്കുന്നതിന് മുമ്പ് ശ്രീനിവാസന്‍ എന്നോട് പറഞ്ഞു അബ്ദുള്ളക്കാ ഈ സീനിന് ഗ്ലിസറിന്‍ ഉപയോഗിക്കേണ്ട എന്ന്. ആ സീന്‍ എടുക്കുമ്പോ ശരിക്കും എന്റെ തൊണ്ട ഇടറി പോയി ശ്രീനിവാസനും ഞാനും ശരിക്കും കരയുകയായിരുന്നു.
സാമുവലുമായുള്ള ഷൂട്ടിംഗ് അനുഭവം ?
സാമുവലുമായി നല്ല അനുഭവമായിരുന്നു. അവന്‍ നല്ല പയ്യനായിരുന്നു. പിന്നെ എന്താണ് പറ്റിയതെന്ന് അറിയില്ല. സത്യത്തില്‍ ഈ പടം ഇങ്ങനെയാവുമെന്ന് അവര്‍ക്കോ നമ്മക്കോ അറിയില്ലായിരുന്നു
ചിത്രത്തിലെ സാമുവലിനോട് ഫാദര്‍ എന്ന് പരിചയപ്പെടുത്തുന്ന രംഗം സംവിധായകനെ പോലും കരിയിച്ചു എന്നാണ് സക്കരിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആ സീനിന്റെ ചിത്രീകരണാനുഭവം എങ്ങിനെയായിരുന്നു.
അത് ശരിക്കും എന്റെ രണ്ടാം ഭാര്യയുടെ രണ്ടാം ഭര്‍ത്താവായാണ് ആ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ജമീല പറയും മകന്റെ ടീമിലെ സുഡാനി വന്നിട്ടുണ്ടെന്ന്. ആ സീനില്‍ ഞാന്‍ അവിടെ ചെന്ന് അവനോട് ഫാദര്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്താനായുരുന്നു അവര് പറഞ്ഞത്. ആ സീനില്‍ ഞാന്‍ അവന്റെ മുഖത്ത് നോക്കിയപ്പോള്‍ ആവന്‍ ഒരു പ്രത്യേകരീതിയില്‍ എന്റെ മുഖത്ത് നോക്കുകയാണ്. ഞാന്‍ ആദ്യം ഫാദര്‍ എന്ന് പറഞ്ഞു അത് ഒറപ്പിക്കാന്‍ ഒന്നൂടെ ഫാദര്‍ എന്ന് പറഞ്ഞു. കാരണം അവന്‍ മനസ്സിലാക്കിക്കൊട്ടെ ഞാന്‍ ആ വീട്ടിലെ ആള് ആണെന്ന്.
പിന്നെ വേറെ മകന് ഇഷടമല്ല എന്ന് മനസ്സിലായതിന് ശേഷം ഞാന്‍ തിരിച്ച് പോകുന്ന ഒരു രംഗമുണ്ട് ഇറങ്ങുമ്പോള്‍ ഞാന്‍ ഭാര്യയോട് ചോദിക്കുന്നുണ്ട് നിനക്ക് കായി വല്ലതും വേണോ എന്ന്. അത് കഴിഞ്ഞ് ഞാന്‍ നടന്ന് പോകുമ്പോള്‍ തിരിഞ്ഞ് നോക്കാതെ സുഡാനിയോട് കൈ വീശി കാണിച്ച് യാത്ര പറയുന്ന സീന്‍ ഉണ്ട്. കാരണം അവന്റെ മുഖത്ത് എനിക്ക് നോക്കാന്‍ കഴിയില്ലായിരുന്നു. ആ വീട്ടിലെ ഒരാളാണ് ഞാന്‍ എന്ന് പറഞ്ഞിട്ടാണ് ഇപ്പോള്‍ തിരിച്ച് പോകുന്നത്. ആ ചെയ്തതും അവര്‍ക്ക് നന്നായി ഇഷ്ടായി എന്ന് പറഞ്ഞു.
സക്കരിയ എന്ന പുതുമുഖ സംവിധായകനെ കുറിച്ച്
നല്ല കഴിവുള്ളവനാണ് ഇതിന്റെ സംവിധായകന്‍. അവന്‍ എവിടെയോ എത്തും അത് ഉറപ്പാണ്. ഇന്ന ചെലവൂര്‍ വേണു വിളിച്ചപ്പോള്‍ പറഞ്ഞു ആ സിനിമയിലെ പാട്ടും മറ്റും ഒന്ന് കട്ട് ചെയ്ത് ചെറുതാക്കി ഒാസ്‌ക്കാര്‍ അവാര്‍ഡിന് അടക്കം പറഞ്ഞ് അയച്ചാല്‍ അവിടെ അടക്കം സ്വീകരിക്കുന്ന പ്രമേയമാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന്.
സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍ എന്തായിരുന്നു ?
ഒരുപാട് പേര്‍ വിളിച്ചു. സത്യന്‍ അന്തിക്കാട് സാര്‍, സിബി മലയില്‍ സാര്‍, എഴുത്തുകാരന്‍ യു.കെ കുമാരന്‍, ചെലവൂര്‍ വേണു, ഡയറക്ടര്‍ വിനു തുടങ്ങി ഒരുപാട് പേര്‍ വിളിച്ചു. പിന്നെ സുരാജിനെ പോലെയുള്ളവര്‍ എഴുതിയ കുറിപ്പുകല്‍ കണ്ടു.
ഇന്ന് ചെലവൂര്‍ വേണു വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. മൂപ്പര് വിളിച്ചിട്ട്. പിന്നെ കുറെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ചു അവര് പറഞ്ഞു നിങ്ങള് എറണാകുളം വന്ന് താമസിക്കു നിങ്ങള്‍ക്ക് ഇനിയും ഇഷ്ടം പോലെ സിനിമകള്‍ ചെയ്യാന്‍ ഉള്ളതാണ് എന്ന്. നിങ്ങള്‍ അവിടെ പോയി വയസ്സനാണെന്ന് പറഞ്ഞ് ഇരിക്കേണ്ട എന്ന്.
എനിക്ക് അഗ്രഹങ്ങള്‍ സിനിമയില്‍ അഭിനയിക്കാ എന്നുള്ളതെല്ലാം ഒരു വിധം കഴിഞ്ഞല്ലോ. ആളുകള് നടന്ന് പോകുമ്പോള്‍ തിരിച്ച അറിയുന്നുണ്ടല്ലോ ആ ഇത് ഇന്നയാളാണെന്ന്. പിന്നെ മനസ്സിന് സന്തോഷം ഈ സിനിമയും തന്നു. പിന്നെ നിങ്ങളെ പോലെ ഉള്ളയാളുകള്‍ എന്നെ അന്വേഷിച്ച് വരികയും സംസാരിക്കുകയും ഒക്കെയുണ്ടല്ലോ അത് ഒരു സന്തോഷം അല്ലെ. ഈ വയസ് കാലത്ത് അതില്‍ കൂടുതല്‍ എന്ത് വേണം.
DoolNews Video Interview