അഭിമുഖം: കാരായി രാജന്‍- കണ്ണൂരില്‍ കൊലയ്ക്ക് കൊല എന്ന സമീപനം മാറണം;അതുകൊണ്ടൊന്നും നേടാനില്ല
Interview
അഭിമുഖം: കാരായി രാജന്‍- കണ്ണൂരില്‍ കൊലയ്ക്ക് കൊല എന്ന സമീപനം മാറണം;അതുകൊണ്ടൊന്നും നേടാനില്ല
എ പി ഭവിത
Thursday, 15th March 2018, 3:06 pm

മലയാളിക്ക് ഏറെ പരിചയമുള്ള പേരാണ് കാരായി രാജന്റേത്. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം എന്ന നിലയിലല്ല. മറിച്ച് പ്രമാദമായ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയെന്ന പേരിലാണ്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കാരായി രാജന്‍ കോടതി നിര്‍ദേശപ്രകാരം എറണാകുളത്താണ് താമസിക്കുന്നത്. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പാര്‍ട്ടിയെ ഏറെ പ്രതിരോധിത്തിലാക്കിയ ഫസല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജന്‍ സംസാരിക്കുന്നു.

വീണ്ടും സെക്രട്ടറിയേറ്റില്‍ എത്തിയിരിക്കുന്നു. എന്നാല്‍ എറണാകുളത്താണ് താമസം. കണ്ണൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാറി നില്‍ക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടോ ?

തീര്‍ച്ചയായും ഉണ്ട്. മുഴുവന്‍ സമയവും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ നേട്ടം. അങ്ങനെയൊന്നും പറ്റുന്നില്ലല്ലോ. ജനോപകാരപ്രദമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കണ്ണൂരിലേത്. വെറും സമരം നടത്തലല്ല അത്.

അസുഖബാധിതരെ സഹായിക്കുക, ആശുപത്രികളില്‍ ആവശ്യമായ സഹായം നല്‍കുക എന്നതൊക്കെ ചേര്‍ന്നതാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തന ശൈലി. ഞങ്ങള്‍ അതാണ് ശീലിച്ചത്. മറ്റൊരു പ്രദേശത്ത് വന്ന് നില്‍ക്കുമ്പോള്‍ അതൊന്നും സാധിക്കില്ല. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമേ ഇവിടെ പറ്റുള്ളൂ.

 

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നു. ശുഹൈബ് കൊല്ലപ്പെട്ടു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി. പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനമുള്ള കാര്യമല്ലല്ലോ?

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം അവസാനിക്കണം. സി.പി.ഐ.എമ്മുകാരും കൊല്ലപ്പെടരുത് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കൊലപാതക രാഷ്ട്രീയവും തോക്കുപയോഗവും കൂട്ടത്തോടെ കശാപ്പു ചെയ്തതും ബോംബ് നിര്‍മ്മിച്ച് തുടങ്ങിയതും ആരാണെന്ന് എല്ലാവരും മറക്കുകയാണ്. പാര്‍ട്ടിക്കെതിരെ ഗീബല്‍സിയന്‍ തന്ത്രം പ്രയോഗിക്കുകയാണ്.

കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങളെ പോലുള്ള രാഷ്ട്രീയക്കാരുടെ പേരുകള്‍ വലിച്ചിഴക്കാറുണ്ട്. അനാവശ്യമായി വലിച്ചിഴച്ച് വ്യക്തിപരമായി ആക്രമിക്കുക എന്ന പ്രവണതയുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്ക് വസ്തുതകളല്ല വേണ്ടത്. പാര്‍ട്ടിയേയും പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരേയും ഇല്ലാതാക്കുക എന്നതാണ് വേണ്ടത്. വ്യക്തികളെ ഇല്ലാതാക്കുന്ന വ്യക്തി ഉന്‍മൂലന രാഷ്ട്രീയമാണ് എതിരാളികള്‍ നടത്തുന്നത്. എല്ലാ കൊലപാതകങ്ങളിലും എന്റെ പേര് വന്നിട്ടില്ലെങ്കിലും മാധ്യമങ്ങള്‍ അതിന് ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് ഫസല്‍ കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് തുടക്കം മുതല്‍ എല്ലാവര്‍ക്കും അറിയാം. അന്ന് ഫസലിന്റെ സംഘടന പോലും ഇത് ആര്‍.എസ്. എസ് നടത്തിയ കൊലപാതകമാണെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഒരു കൂട്ടര്‍ സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രിതമായും സംഘടിതമായും ആവര്‍ത്തിച്ച് കള്ളപ്രചരണങ്ങള്‍ നടത്തി. അങ്ങനെയാണ് ഞാനുള്‍പ്പെടെയുള്ളവര്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്.

ചെറുപ്പക്കാരാണ് കേസില്‍ പ്രതികളായിരിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് മാത്രമല്ല പ്രതികളാക്കപ്പെടുന്നവര്‍ക്കും ജീവിതം നഷ്ടപ്പെടുകയല്ലേ ?

എന്റെ പാര്‍ട്ടി ഒരു കൊലപാതകവും നടത്തണമെന്ന് ആഗ്രഹിക്കുന്നവരല്ല. അതിനായി ആരേയും പ്രേരിപ്പിക്കാറുമില്ല. പ്രാദേശികമായ പ്രശ്നങ്ങളുടെ പേരില്‍ പലതും നടക്കുന്നുണ്ട്. അങ്ങനെ ചെറുപ്പക്കാര്‍ തെറ്റായ വഴിയിലേക്ക് പോകുമ്പോള്‍ അതിനെ പാര്‍ട്ടി തള്ളിപ്പറയാറുണ്ട്. ശുഹൈബ് വധം യാതൊരു വിധത്തിലും നടക്കാന്‍ പാടില്ലാത്തതാണെന്ന് ഒരു സംശയവുമില്ലാതെ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്.

പ്രാദേശിക പ്രശ്നങ്ങള്‍ ഉന്‍മൂലനം എന്ന നിലയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലേ ?

തീര്‍ച്ചയായും ഉണ്ട്. പാര്‍ട്ടി അത് ചെയ്യുന്നുണ്ട്. കണ്ണൂര്‍ ജില്ല കണ്ട ദാരുണ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു കെ.വി സുധീഷിന്റേത്. ശരീരത്തില്‍ കൊണ്ട വെട്ടുകളെക്കുറിച്ചോ അന്നത്തെ കാളരാത്രിയെക്കുറിച്ചോ ആരും ചര്‍ച്ച ചെയ്തിട്ടില്ല. സുധീഷ് കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ പോലും സമാധാനപരമായി കാര്യങ്ങളെ നേരിടാന്‍ അങ്ങേയറ്റം ശ്രമിച്ച പാര്‍ട്ടിയാണ് ഞങ്ങളുടേത്.

ഒരു കൊലപാതകത്തിന് പകരം മറ്റൊന്ന് എന്നത് പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഒന്നും നേടാനും സാധിക്കില്ല. എന്നാല്‍ ചിലയിടത്ത് ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നടക്കുന്നു. ഉദാഹരണത്തിന് കണ്ണൂരില്‍ യാതൊരു സംഘര്‍ഷാവസ്ഥയുമില്ലാത്ത കാലത്താണ് രവീന്ദ്രന്‍ കൊല്ലപ്പെടുന്നത്. എതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ ധനരാജന്‍ കൊല്ലപ്പെട്ടു. ഇങ്ങനെ ഏകപക്ഷീയമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രാദേശികമായ തിരിച്ചടികള്‍ ഉണ്ടാകുന്നു.

അങ്ങനെ ഉണ്ടാകുമ്പോള്‍ തന്നെ അത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കരുതുന്നവരാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. പക്ഷേ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ച് പോകുന്നുവെന്ന് മാത്രം.

 

ശുഹൈബിന്റെ കൊലയാളികളെ എം.സ്വരാജ് എം.എല്‍.എ തള്ളിപ്പറഞ്ഞു. ഇത് പുതിയൊരു തുടക്കമായി വിലയിരുത്തപ്പെടുന്നു ?

സ്വരാജ് പറഞ്ഞത് പുതിയ കാര്യമല്ല. സ്വരാജ് പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നയം. ചില സംഭവങ്ങളെ തള്ളിപ്പറയുകയും കേസ് ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നത് നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇതിന് മുമ്പും അങ്ങനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. തള്ളിപ്പറയേണ്ട കേസായിരുന്നു ശുഹൈബിന്റെത്. അത് പാര്‍ട്ടി നേതൃത്വം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്ക് പങ്കുണ്ടെങ്കില്‍ പാര്‍ട്ടിയത് പരിശോധിക്കും.

ഇവിടെ ചില നേതാക്കളെ ക്രൂരന്‍മാരായി ചിത്രീകരിക്കുന്നു. സമൂഹത്തിന് മുന്നില്‍ ഇങ്ങനെ അവഹേളിക്കുകയാണ്. കൃഷ്ണപ്പിള്ളയെ ഉള്‍പ്പെടെ ഇങ്ങനെ ചിത്രീകരിച്ചിട്ടില്ലേ. കൃഷ്ണപ്പിള്ളയെ തല്ലിയത് കണ്ണൂരിലാണ്. അഴീക്കോടന്‍ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നായിരുന്നു പ്രചരണം. ചിലരെ കോര്‍ണര്‍ ചെയ്ത് ആക്രമിക്കുകയാണ്. അഴീക്കോടന്‍ മരിച്ചതിന് ശേഷം അത് തിരുത്തി.

കൃഷ്ണപ്പിള്ളയെക്കുറിച്ച് മനോഹരമായ ഫീച്ചര്‍ എഴുതിയത് മനോരമയാണ്. പി. ജയരാജനെയും പിണറായി വിജയനേയും അടുത്ത് പരിചയപ്പെട്ടാല്‍ മറ്റുപലരും പറയുന്നതല്ല സത്യമെന്ന് മനസിലാകും. പതിനായിരങ്ങള്‍ക്ക് അത് അറിയാം. പിണറായിയുമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് നല്ല ബന്ധമുണ്ട്. പി.ജയരാജനെ ഇഷ്ടപ്പെടുന്നത് പോലെ കണ്ണൂരില്‍ വേറൊരു നേതാവിനെ ഇഷ്ടപ്പെടുന്നില്ലല്ലോ. അതാണ് യാഥാര്‍ത്ഥ്യം. പക്ഷേ ആളുകള്‍ക്ക് മോശം മുഖം നല്‍കി അപമാനിക്കുകയാണ്. പാര്‍്ട്ടിയെ തകര്‍ക്കുന്നതിനുള്ള മറ്റൊരു ശ്രമമാണ്.

 

പി.ജയരാജനോടുള്ള അണികളുടെ ആരാധന വ്യക്തിപൂജയിലേക്ക് മാറുന്നുവെന്നാണല്ലോ പാര്‍ട്ടിയുടെ കണ്ടെത്തല്‍ ?

വ്യക്തിപൂജ നമുക്കില്ല. ഒരു വ്യക്തിയെ മോശക്കാരനായി രാഷ്ട്രീയ എതിരാളികള്‍ ചിത്രീകരിക്കുമ്പോള്‍ അയാളെ കൂടുതല്‍ കൂടുതല്‍ ആളുൂകള്‍ അടുത്തറിഞ്ഞ് സ്നേഹിച്ച് തുടങ്ങും. അതാണ് യാഥാര്‍ത്ഥ്യം. എല്ലാ നേതാക്കളെക്കുറിച്ചും അതുണ്ട്. എ.കെ.ജി മരിക്കാന്‍ കിടക്കുമ്പോള്‍ കാലന്‍ വന്ന് വിളിച്ചിട്ടും ഗോപാലനെന്താ ചാകാത്തതെന്ന് പറഞ്ഞിട്ടുണ്ട് ഈ നാട്ടില്‍.

കണ്ണൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഈ കൊലപാതക രാഷ്ട്രീയം ശരിയല്ലെന്ന് തോന്നുന്നില്ലേ ?

മലബാറിനെ കുറിച്ചും കണ്ണൂരിനെക്കുറിച്ചും തെറ്റായ ധാരണ പടര്‍ത്തിയിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ നിന്ന് കണ്ണൂരില്‍ വന്ന് താമസിക്കുന്നവര്‍ക്ക് ഈ അനുഭവമില്ല. കേരളത്തിന്റെ ്രൈകം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മറ്റ് ജില്ലകളിലാണ്. അഞ്ചോ ആറോ സ്ഥാനത്തായിരിക്കും കണ്ണൂര്‍. പക്ഷേ എല്ലാ പേരുദോഷവും കണ്ണൂരിനാണ്. ആലപ്പുഴയില്‍ കഴിഞ്ഞ വര്‍ഷം നാല് പേര്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അത് ചര്‍ച്ച ചെയ്യപ്പെട്ടില്ല. കണ്ണൂരിനെ ടാര്‍ഗറ്റ് ചെയ്യുക എന്നത് രാഷ്ട്രീയ ഉദ്ദേശമാണ്.

കണ്ണൂരിലെ രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള പ്രചരണമാണ്. കണ്ണൂരിലെ ജനങ്ങളെ അവഹേളിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കണ്ണൂരില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സഹകരണമേഖലയിലെ മുന്നേറ്റവുമൊന്നും ആരും കാണുന്നില്ല. ജനങ്ങളുടെ ജീവിതത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്.

നന്മകളെ ഒളിച്ചുവെച്ച് തിന്മകളെ പെരുപ്പിച്ച് കാണിക്കുകയും മറ്റിടങ്ങളിലേത് കാണുന്നില്ലെന്ന് നടിക്കുകയും ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ട്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതികളാവുമ്പോളാണ് സംഘടിതമായി ആക്രമിക്കപ്പെടുന്നത്. ഞങ്ങള്‍ പ്രതിയായ ഫസല്‍ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് വെളിപ്പെടുത്തലുണ്ടായി. വ്യക്തമായ തെളിവുകളുണ്ടായി. എന്നിട്ടും അഞ്ചാറ് വര്‍ഷമായിട്ട് ആ കള്ളക്കേസിന്റെ പേരില്‍ ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. അതൊക്കെ അര്‍ഹിക്കുന്ന രീതിയില്‍ സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ടോയെന്ന് മാധ്യമങ്ങളും ജനങ്ങളും ചിന്തിക്കണം.

 

ഫസല്‍ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായി. എന്നാല്‍ അത് വലിയ ചലനമുണ്ടാക്കിയില്ല. മാത്രമല്ല കെട്ടിച്ചമച്ചതാണെന്ന ആരോപണവുമുണ്ടായി ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ അവരിതൊക്കെ അനുഭവിക്കണം എന്ന പൊതുബോധമുണ്ട്. അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ പ്രശ്നമില്ലെന്ന് കരുതുന്നു. ഈ നാട്ടില്‍ എല്ലാവര്‍ക്കും മനുഷ്യാവകാശമുണ്ട്. മാവോയിസ്റ്റായ രൂപേഷിന്റെ മനുഷ്യാവകാശത്തെക്കുറിച്ച് സമൂഹം ചര്‍ച്ച ചെയ്യുന്നു. അത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന പലരുടേയും മനുഷ്യാവകാശത്തെക്കുറിച്ച് മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നു. നിയമ ലോകവും ഇത്തരം കേസുകളില്‍ ഇടപെട്ടിട്ടുണ്ട്.

എന്നാല്‍ സി.പി.ഐ.എമ്മിന്റെ സാധാരണ പ്രവര്‍ത്തകരായ ഞങ്ങളുടെ കേസില്‍ അതൊന്നും ഇല്ല. കൊന്ന ആളുകള്‍ തന്നെ ഞങ്ങളാണ് കൊന്നതെന്ന് പറഞ്ഞു. എന്നിട്ടും ഈ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളില്‍ ജനിച്ച സാധാരണക്കാര്‍ ആയതുകൊണ്ടാവും. ഞങ്ങള്‍ മാര്‍ക്സിസ്റ്റുകളല്ലെങ്കില്‍ സമൂഹം ഈ വിഷയം ചര്‍ച്ച ചെയ്തേനേ. നീതി നിഷേധിക്കപ്പെടുന്നത് കണ്‍മുന്നില്‍ തെളിവ് സഹിതം ഉണ്ടായിട്ടും അത് വിഷയമല്ലതാവുന്നത് മറ്റെന്ത് കാരണം കൊണ്ടാണ്.

ഫസല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെയാണ് ?

സി.പി.ഐ.എം എന്ന പാര്‍ട്ടിയെ കുറെ കള്ളക്കേസുകളിലൂടെ ഇല്ലാതാക്കാമെന്ന ചിലരുടെ ഗവേഷണത്തിന്റെ ഭാഗമായി ഉണ്ടാക്കപ്പെട്ട കേസാണ് ഫസലിന്റെ കൊലപാതകം. സംഘപരിവാര്‍ കടന്നാക്രമിച്ച് ഇല്ലാതാക്കാന്‍ തീരുമാനിച്ച താലൂക്കാണ് തലശ്ശേരി. അതിന് കോടികളാണ് തലശ്ശേരിയിലേക്ക് ഒഴുകുന്നത്. പാര്‍ട്ടി അതിനെ പ്രതിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതുവിധത്തിലും തകര്‍ക്കാന്‍ പറ്റാത്ത പ്രദേശത്തെ പാര്‍ട്ടി നേതാക്കളെ കളളക്കേസില്‍ കുടുക്കി അവരേയും കുടുംബത്തേയും ഇല്ലാതാക്കിക്കളയാമെന്ന് രാഷ്ട്രീയ എതിരാളികള്‍ കരുതിയിട്ടുണ്ടാവുക.

സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നത്. ഫസലുമായി പ്രശ്നം ഉണ്ടായിരുന്നോ ?

ഫസലിന്റെ പാര്‍ട്ടിയുമായി ഞങ്ങളുടെ പാര്‍ട്ടിക്ക് പ്രശ്നങ്ങളില്ലായിരുന്നു. കുറ്റപത്രത്തില്‍ ഫസലിന്റെ മൂത്തമ്മയുടെ മകന്‍ നല്‍കിയ മൊഴി പരിശോധിക്കണം. ഞങ്ങള്‍ കടന്നു പോകുമ്പോള്‍ ആര്‍.എസ് .എസുകാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് മൊഴി. ഫസലിനെ കാണുമ്പോള്‍ കൊടുവാള്‍ കല്ലില്‍ ഉരച്ച് കാണിച്ച് ഇത് നിനക്കുള്ളതാണെന്ന് ആര്‍. എസ് എസുകാര്‍ പറയാറുണ്ടെന്നായിരുന്നുവെന്നാണ് മൊഴി. ആര്‍. എസ്.എസും എന്‍. ഡി. എഫും നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയാണിത്. അത്തരം കാര്യങ്ങളൊക്കെ ബന്ധപ്പെട്ടവരുടെ മുന്നിലെത്തിയിട്ടും ആസൂത്രിതമായി ഗൂഢാലോചന നടത്തി കേസ് ഞങ്ങളുടെ തലയില്‍ കെട്ടിവെച്ചു.

 

എന്‍.ഡി.എഫ്, സി.പി.ഐ.എമ്മിനെ രക്ഷിക്കാന്‍ കൂടെ നില്‍ക്കുന്നുവെന്നല്ലേ ആരോപണം ?

ആ ആരോപണതത്തില്‍ കഴമ്പില്ല. വസ്തുതകളും തെളിവുകളും ഞങ്ങളുടെ മുന്നിലുണ്ട്. ഒന്നര വര്‍ഷം മുമ്പ് കുപ്പി സുബീഷ് ആര്‍.എസ്.എസ് നേതാവുമായി മൊബൈലില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പൊലീസിന്റെ കൈയ്യിലുണ്ട്. ശബ്ദരേഖയില്‍ അവനിതൊക്കെ തുറന്നു പറയുന്നുണ്ട്. അത് ഞാനും കേട്ടിട്ടുണ്ട്. ആര്‍.എസ്.എസില്‍ നിന്നും ഭിന്നിച്ച് പുറത്ത് വന്ന നേതാക്കള്‍ ഫസല്‍ കേസിന്റെ കാര്യങ്ങള്‍ തുറന്നു പറയുകയാണ്.

ഇത് കുപ്പി സുബീഷിനെ ഭയപ്പെടുത്തി. എന്‍.ഡി.എഫുകാരേയും മാര്‍ക്സിസ്റ്റുകാരേയും ഞങ്ങള്‍ ഭയപ്പെടണം, രക്ഷക്കായി തോക്ക് വേണമെന്നാണ് സുബീഷ് ആ നേതാവിനോട് പറയുന്നത്. ഇതിന് ശേഷം ഷിനോജ് കണ്ണൂര്‍ ജയില്‍ വെച്ച് സത്യങ്ങള്‍ തുറന്നു പറഞ്ഞു. ഇത് പരിശോധിക്കാന്‍ ഇപ്പോള്‍ ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഇല്ലേ. അതൊന്നും പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പുനരന്വേഷണം ആവശ്യപ്പെടുന്നത്. എന്നാല്‍ അതിനും തയ്യാറാവുന്നില്ലല്ലോ.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇങ്ങനെ മറ്റൊരു ജില്ലയില്‍ താമസിക്കുമ്പോള്‍ വ്യക്തിപരമായ നഷ്ടം ഉണ്ടാകുന്നില്ലേ ?

വ്യക്തിപരമായി ഒരുപാട് കഷ്ടങ്ങളും നഷ്ടങ്ങളുമുണ്ട്. അതൊന്നും ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനം ഏറ്റെടുക്കുമ്പോള്‍ തന്നെ അറിയാവുന്നതാണല്ലോ ഈ ബുദ്ധിമുട്ടുകളെക്കുറിച്ച്. എന്നാല്‍ നമ്മുടെ മക്കള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും എല്ലാം കൊലക്കേസിലെ പ്രതിയുടെ മകള്‍ എന്ന മട്ടില്‍ ബുദ്ധിമുട്ടിക്കുകയാണ്.

മലയാള മനോരമ പത്രം ഒരുദിവസം എഴുതിയത് കാലനായി കാരായി എന്നതാണ്. എങ്ങനെയാണ് ഒരു മനുഷ്യനെ മാധ്യമങ്ങള്‍ ക്രൂരമായി വേട്ടയാടുന്നതെന്നതിന്റെ തെളിവാണിത്. മകളുടെ കല്യാണത്തിനോ കുഞ്ഞിനെ പ്രസവിച്ചപ്പോഴും അവിടെ വിരുന്നുകാരനായി ഇരിക്കേണ്ടി വന്നു. അതൊക്കെ നമ്മള്‍ സഹിക്കുന്നു. സാധാരണ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് കുടുംബത്തിനും മകള്‍ക്കും ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല. മകളുടെ പ്രസവ സമയത്ത ഒരു അച്ഛന്‍ നല്‍കുന്ന ആശ്വാസം പകരാന്‍ കഴിഞ്ഞിട്ടില്ല.

കാരായി രാജന്‍ മകള്‍ മേഘയ്‌ക്കൊപ്പം

 

പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡര്‍ ജോലിക്ക് ശ്രമിച്ചത് എന്തുകൊണ്ടാണ് ?

ഞങ്ങള്‍ക്കൊന്നും വെറുതെയിരിക്കാനാവില്ല. അതിജീവിക്കാന്‍ എന്തെങ്കിലും ചെയ്യണം. വായിക്കുക , പഠിക്കുക എന്നതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്. ഇവിടെ ജീവിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ജീവിക്കാനും മരുന്ന് വാങ്ങാനും പണം വേണം. എന്തെങ്കിലും ജോലി ചെയ്യാമെന്നാണ് കരുതിയത്. അതിന് പോലും സമ്മതിച്ചില്ല. ഒരു മനുഷ്യന്റെ സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുകയാണ്. സാക്ഷികളെ സ്വാധീനിക്കണമെങ്കില്‍ അത് എവിടെ പോയാലും നടക്കില്ലേ. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്ത് ഇവിടെയിരുന്നു നടക്കില്ലേ.

അതുമാത്രമല്ല , ഞങ്ങള്‍ക്ക് വലിയൊരു പ്രസ്ഥാനമില്ലേ, അത് അവിടെ പ്രവര്‍ത്തിക്കുന്നില്ലേ. എനിക്കെതിരെ ഒരു സാക്ഷി പോലുമില്ല. ഗൂഢാലോചന നടത്തിയതായോ കണ്ടതായോ ആരും മൊഴി കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി കൊണ്ടാണ് കുടുംബം കഴിയുന്നത്. വലിയ ചിലവുകളില്ല. ആര്‍ഭാടങ്ങളുമില്ലാത്തതിനാല്‍ ജീവിക്കാന്‍ പറ്റും. ഭാര്യയാണ് കുടുംബം നോക്കുന്നത്. പിന്നെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടി കൂടെ നിന്നു.

ജയില്‍ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തന കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയോ ?

തെറ്റുചെയ്യാതെ കൊലപാതകക്കേസില്‍ വെറുതെ പിടിച്ച് ജയിലില്‍ ഇടുകയെന്നത് വലിയ സംഭവം തന്നെയാണ്. ഒന്നര വര്‍ഷം ജയിലിലും അഞ്ച് വര്‍ഷമായി ഇങ്ങനെയും ശിക്ഷ അനുഭവിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ അത് കാരണമായിട്ടുണ്ട്. ഇങ്ങനെയൊക്കെയല്ല പലരും കേസില്‍ ഉള്‍പ്പെടുന്നതെന്ന് തോന്നി. മോഷണക്കേസുകളില്‍ ജയിലില്‍ കിടക്കുന്ന പലരുടേയും തലയില്‍ കേസ് കെട്ടിവെച്ചതാണ്. ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടാല്‍ തെളിയിക്കപ്പെടാത്ത കേസുകള്‍ അവരുടെ തലയിലായി.

കേസ് ഏറ്റെടുത്ത് വന്ന് കിടക്കുന്നവരാണ്. ജയിലില്‍ കിടക്കുന്നവര്‍ മഹാ കുറ്റവാളികളല്ല. തെറ്റു തിരുത്താനുള്ള ഇടമാണ്. സമൂഹം അങ്ങനെ കാണുന്നില്ല. തിരുത്താന്‍ പറ്റാത്ത ക്രിമിനലുകള്‍ രണ്ടോ മൂന്നോ ശതമാനമേ വരൂ. നന്നായി വായിക്കാന്‍ കഴിഞ്ഞു.

 

ശുഹൈബ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം സത്യം പുറത്തു കൊണ്ടുവരുമോ ?

സി.ബി.ഐ സത്യം പുറത്തു കൊണ്ടു വരുമെങ്കില്‍ ഫസല്‍ കേസിലല്ലേ അത് വരേണ്ടത്. കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോള്‍ തലശ്ശേരിയില്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരായ ചിലരായിരുന്നു അത്. അവരാണ് സന്തോഷിച്ചത്. സി.ബി.ഐ സത്യം പുറത്തുകൊണ്ടുവരുമെന്നാണ് ആ മൂന്ന് സി.പി.ഐ.എമ്മുകാര്‍ കരുതിയത്, പക്ഷേ അത് വെറുതെയായി,

ടി.പി കേസ് മുതല്‍ സജീവമായി കേള്‍ക്കുന്നതാണ് കൊലപാതകത്തിനായി സി.പി.ഐ.എമ്മിന്റെ ഗുണ്ടാസംഘത്തെ വളര്‍ത്തുന്നുവെന്ന് ?

വളരെ ബോധപൂര്‍വ്വമായ പ്രചരണമാണിത്. ചില രാഷ്ട്രീയക്കാരുടെ വിവരക്കേടാണ് ഈ പ്രചരണത്തിന് കാരണം. ശുഹൈബിന്റെ ശരീരത്തിലെ വെട്ട് ടി.പി ചന്ദ്രശേഖരനെ വെട്ടിയ ഒരാളുടെ മോഡല്‍ വെട്ടാണെന്ന് കണ്ണൂരിലെ ഒരു രാഷ്ട്രീയക്കാരന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ ആരോപിച്ച കൊലപാതക കേസില്‍ ഈ ആള്‍ വെട്ടിയിട്ടില്ല. അങ്ങനെയൊരു കേസില്ല. നിയമപ്രശ്നമായതിനാലാണ് ആളുടെ പേര് ഞാന്‍ പറയാത്തത്.

അസംബന്ധങ്ങളിങ്ങനെ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിക്ക് ഗുണ്ടാ സംഘങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ശൈലിയും ഞങ്ങള്‍ക്കില്ല. വലിയ ശക്തിയുള്ള പ്രദേശമായതിനാല്‍ പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ജനങ്ങള്‍ തന്നെ നേരിടും. അതിന് ഗുണ്ടകളെ ആവശ്യമില്ല. ഒരു കാലത്തും പാര്‍ട്ടി അത് ചെയ്തിട്ടില്ല.

 

ശുഹൈബ് വിഷയത്തില്‍ ഓരോ പേരും പറയുകയാണ്. അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. വ്യക്തികളെ കരിവാരിത്തേക്കും. പാര്‍ട്ടി അനുഭാവികള്‍ ഈ കേസിലൊക്കെ പെടുന്നുണ്ടാവും. ചന്ദ്രശേഖരന്‍ കേസിലും ഉണ്ടല്ലോ. അവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞതല്ലേ. പ്രാദേശികമായ പ്രശ്നങ്ങളാണ് ഇതിലൊക്കെ കാരണം. ടി.പി കേസിലും എന്നെ പ്രതിയാക്കിയില്ലേ. എന്നിട്ട് വിചാരണക്ക് മുമ്പേ തന്നെ ആ കേസ് തള്ളിയില്ലേ.

മാനസികമായി തകര്‍ക്കുകയാണ് ലക്ഷ്യം. പൊതുയോഗത്തിലെ പോലെ കൊലപാതക പ്രതിപ്പട്ടികയല്ലേ തയ്യാറാക്കുന്നത്. വ്യക്തിപരമായി എന്തിനാണ് വേട്ടയാടുന്നത്. ക്രൂരനായി ചിത്രീകരിക്കുന്നതെന്തിനാണ്. ഇതൊക്കെ ഇപ്പോഴും തുടരുകയാണ്.

കാരായി രാജന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ട് ?

എന്നോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടല്ലെന്നാണ് കരുതുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായത് കൊണ്ടായിരിക്കാം. എന്നെ നശിപ്പിക്കുന്നതിലൂടെ പാര്‍ട്ടിയെ നശിപ്പിക്കാമെന്ന മിഥ്യാധാരണ കൊണ്ടായിരിക്കും. ഞാന്‍ നിര്‍ണ്ണായക ശക്തിയോ വലിയ നേതാവുമൊന്നുമല്ലല്ലോ. നേതാവായിട്ട് പോലും എനിക്ക് തോന്നാറില്ല. അങ്ങനെ അഭിനായിക്കാറില്ല. നടിച്ച് എവിടേയും പോകാറുമില്ല.

ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ജനകീയ പ്രവര്‍ത്തനമാണ്. ഞാന്‍ ഭാരവാഹിയായിരുന്ന ബാങ്കിനെ കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മാറ്റാന്‍ കഴിഞ്ഞു. ആ ബാങ്ക് സാഹിത്യ അവാര്‍ഡും മാധ്യമ അവാര്‍ഡും നല്‍കി.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സിനിമ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നില്ലേ ?

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് കണ്ണൂരിലേക്ക് പോയത്. വക്കീല്‍ തലശ്ശേരിയിലായിരുന്നു. കേസിന്റെ കാര്യത്തിന് അദ്ദേഹത്തിനെ കാണണമായിരുന്നതിനാല്‍ തലശ്ശേരിയില്‍ ഇറങ്ങി. അപ്പോഴാണ് അവാര്‍ഡ് പരിപാടിയെക്കുറിച്ച് അറിയുന്നത്. സിനിമാക്കാരെ കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകില്ലേ. അത് വലിയ തെറ്റാണോ.

 

ജനപ്രതിനിധി എന്ന നിലയിലുള്ള കര്‍ത്തവ്യം നിറവേറ്റാന്‍ എങ്ങനെയാണ് കഴിയുക ?

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലായിരുന്നു ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പോകാന്‍ പറ്റാത്തതിനാല്‍ രാജിവെച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ട്. യോഗത്തിന് പോകുമ്പോള്‍ കാര്യങ്ങളൊക്കെ ചെയ്യും. മറ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഈ ഡിവിഷന്റെ ചുമതല നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് തന്നെ ശ്രദ്ധിക്കുന്നുണ്ട്.

ഭാവിയെക്കുറിച്ച് എന്താണ് പ്രതീക്ഷ ?

ഒരു മനുഷ്യനും തെറ്റായ കാര്യത്തിന് ശിക്ഷിക്കപ്പെടാന്‍ പാടില്ല. തെളിവുകള്‍ ഇല്ലാഞ്ഞിട്ടും മോചനം ലഭിക്കാത്തത് ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണ്. ഈ നീതി നിഷേധിക്കലിനെതിരെ എല്ലാ മനുഷ്യരും കൂടെ നില്‍ക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. സത്യം എന്നെങ്കിലും വിജയിക്കും. നീതിയിലും കോടതിയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.