അഭിമുഖം - കാര്‍ത്തിക് ശങ്കര്‍; 'അമ്മയാണ് ജോലി രാജിവെക്കാന്‍ നിര്‍ബന്ധിച്ചത്'; ഇത് സ്വപ്‌നസാക്ഷാത്ക്കാരം
Film Interview
അഭിമുഖം - കാര്‍ത്തിക് ശങ്കര്‍; 'അമ്മയാണ് ജോലി രാജിവെക്കാന്‍ നിര്‍ബന്ധിച്ചത്'; ഇത് സ്വപ്‌നസാക്ഷാത്ക്കാരം
അശ്വിന്‍ രാജ്
Saturday, 11th July 2020, 8:44 pm

ഈ ലോക്ക്ഡൗണ്‍ കാലത്തും മലയാളികളെ ഏറെ ചിരിപ്പിച്ച ഒരു അമ്മയും മകനും. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ സീരിസായിരുന്നു കാര്‍ത്തിക് ശങ്കറിന്റെ Mom and Son സീരിസുകള്‍. സിനിമ ഒരു സ്വപ്‌നമായി കൊണ്ട് നടക്കുന്ന കാര്‍ത്തിക്കിന്റെ സീരിസ് മാസങ്ങള്‍ കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.

കാര്‍ത്തികിന്റെ സീരിസ് ഒടുവില്‍ വിശാഖ് സുബ്രഹ്മണ്യനും അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും നേതൃത്വം നല്‍കുന്ന ഫണ്‍റ്റാസ്റ്റിക് ഫിലിംസ് ഏറ്റെടുത്തിരിക്കുകയാണ്. അജു വര്‍ഗീസും സീരിസിന്റെ പുതിയ എപ്പിസോഡില്‍ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ബിജു മേനോന്‍, ആസിഫ് അലി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, സണ്ണി വെയിന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പേരാണ് കാര്‍ത്തിക്കിന്റെ സീരിസിന്റെ പുതിയ എപ്പിസോഡ് റിലീസ് ചെയ്തത്. സ്വപ്‌ന തുല്ല്യമാണ് ഈ നേട്ടമെന്നാണ് കാര്‍ത്തിക്ക് പറയുന്നത്. സീരിസിനെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഡൂള്‍ന്യൂസുമായി കാര്‍ത്തിക് സംസാരിക്കുന്നു.

പരിമിതമായ സാഹചര്യത്തില്‍ ചെയ്ത് തുടങ്ങിയ കാര്‍ത്തിക്കിന്റെ സീരിസ് ഇപ്പോള്‍ സിനിമാ പ്രൊഡക്ഷന്‍ കമ്പനി തന്നെ നിര്‍മ്മിക്കാന്‍ ആയി എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ എന്താണ് തോന്നുന്നത് ?

വലിയ സന്തോഷത്തിലാണ്. കാണണം എന്ന് ആഗ്രഹിച്ച ഒരാളുടെ മുഖത്ത് ക്യാമറ വെക്കാന്‍ കഴിയുക, അദ്ദേഹം നമ്മള്‍ എഴുതിയ ഡയലോഗ് പറയുക, നമ്മുടെ വര്‍ക്ക് പ്രൊഡ്യൂസ് ചെയ്യുക എന്നൊക്കെ പറയുന്നത് വലിയ സന്തോഷമാണ്. ശരിക്കും ഒരു സ്വപ്‌ന തുല്ല്യമായ സംഭവമാണിത്. ഇന്ന് റിലീസ് ചെയ്ത Mom and Son നല്ല ഫീഡ്ബാക്ക് ആണ് ലഭിക്കുന്നത്.

എങ്ങിനെയാണ് ഫണ്‍റ്റാസ്റ്റിക് ഫിലിംസ് കാര്‍ത്തിക്കിനെ സമീപിക്കുന്നത് ?

എന്റെ ലോക്ക്ഡൗണ്‍ സീരിസ് കണ്ടിട്ടാണ് വിശാഖ് എന്നെ വിളിക്കുന്നത്. സത്യത്തില്‍ ഒരു സിനിമ ചെയ്യാം എന്നുള്ള രീതിയിലാണ് വിശാഖ് സമീപിച്ചിരുന്നത്. കാരണം എന്റെ മറ്റുള്ള വര്‍ക്കുകള്‍ ഒക്കെ കണ്ടു. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ ഫിലിം ചെയ്യാം എന്നുള്ള തരത്തില്‍ തന്നെയാണ് സമീപിച്ചത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഡിസ്‌ക്ഷന്റെ ഇടയിലാണ് ഇങ്ങനെ ഒരു സബജക്റ്റ് പറയുന്നത്. ഇങ്ങനെ ഒരു ഐഡിയ പറഞ്ഞപ്പോള്‍ വിശാഖ് അജു ചേട്ടനുമായി സംസാരിച്ചു. അങ്ങിനെയാണ് ഈ സീരിസ് പ്രൊഡ്യൂസ് ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.

അപ്പോള്‍ ഉടനെ തന്നെ മലയാള സിനിമയില്‍ കാര്‍ത്തിക്കിന്റെ പേര് കാണാം, അല്ലെ ?

ദൈവം അനുഗ്രഹം. പിന്നെ ഇപ്പോഴത്തെ സാഹചര്യം ഒക്കെ അറിയാലോ. എപ്പോള്‍ ആവും എങ്ങിനെയായിരിക്കും ഒന്നും നമ്മള്‍ക്ക് അറിയില്ല.

എങ്ങിനെയാണ് കാര്‍ത്തിക്കിന്റെ സിനിമാ സ്വപ്‌നം ആരംഭിക്കുന്നത്, കലാരംഗത്തേക്ക് ഒക്കെ എത്തുന്നത് എങ്ങിനെയാണ് ?

ചെറുപ്പം മുതലെ ഇങ്ങനെ ഒരു താല്‍പ്പര്യം ഉണ്ട്. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോഴൊക്കെ ഇപ്പോ ഉള്ള പോലെ തന്നെ നാടകങ്ങളും മറ്റും സ്വന്തമായി ചെയ്തിരുന്നു. പിന്നെ ഞാന്‍ ഒരു സൗണ്ട് എഞ്ചിനീയര്‍ കൂടിയാണ്. തിരുവനന്തപുരത്താണ് സൗണ്ട് എഞ്ചിനീയറിംഗ് ഒക്കെ ചെയ്തത്. അവിടെ ജോലി കിട്ടുകയും ചെയ്തു. അപ്പോഴാണ് അമ്മ എന്നെ വിളിച്ച് പറയുന്നത്, നീ ഇങ്ങനെ ഇരുന്നാല്‍ അങ്ങ് ഇരുന്ന് പോകുകയേ ഉള്ളു. ക്രിയേറ്റീവ് ആയി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന്. അങ്ങനെ അമ്മ പറഞ്ഞിട്ടാണ് ഞാന്‍ ജോലി രാജി വെക്കുന്നത്. പിന്നീട് ഞാന്‍ രാജസേനന്‍ സാറിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തു. പിന്നീട് തമിഴില്‍ ഒന്ന് രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്തു. അതും കഴിഞ്ഞാണ് ഇന്റിപെന്റന്റ് ആയി ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ തീരുമാനിക്കുന്നതും ഇതിലേക്ക് വരികയും ചെയ്യുന്നത്.

ഇപ്പോള്‍ കാര്‍ത്തിക്കിനെക്കാളും ആരാധകര്‍ കാര്‍ത്തിക്കിന്റെ അമ്മയ്ക്കും വല്ല്യച്ഛനുമൊക്കെയുണ്ട്. എങ്ങിനെയാണ് ഇവരെ ഈ സീരിസിന്റെ ഭാഗമാക്കുന്നത് ?

ശരിക്കും പറഞ്ഞാല്‍ ഈ സാഹചര്യം കൊണ്ടാണ് അമ്മയെ കൊണ്ട് വന്നത്. അമ്മ ഇതുവരെ അങ്ങനെ ഒരു ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല, ലോക്ക്ഡൗണ്‍ കാലത്ത് നമ്മുടെ സാഹചര്യങ്ങള്‍ പരിമിതമായിരുന്നു. അങ്ങിനെ അമ്മയെ നിര്‍ബന്ധിച്ച് ഇതിനായി കൊണ്ടുവരികയായിരുന്നു. ഒരു പക്ഷേ ലോക്കഡൗണ്‍ കാലത്ത് അല്ല ഈ ആശയം ഷൂട്ട് ചെയ്യുന്നതെങ്കില്‍ ഞാന്‍ മറ്റൊരു ഓപ്ഷനായിരിക്കും സ്വീകരിക്കുക. ഇത് ഗതികേട് കൊണ്ട് അമ്മയെ നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിക്കുകയായിരുന്നു.

വല്ല്യച്ഛനെ ഞാന്‍ മുമ്പ് ഒരു വീഡിയോയില്‍ കൊണ്ടുവന്നിരുന്നു. പിന്നെ വല്ല്യച്ഛന്‍ മുമ്പ് കൊച്ചിന്‍ ഹനീഫയുടെ അസോസിയേറ്റ് ഒക്കെ ആയിരുന്നു. പിന്നീട് വല്ല്യച്ഛന്‍ അദ്ദേഹത്തിന്റെതായ മേഖലയിലേക്ക് തിരിയുകയായിരുന്നു. പൊതുവെ എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുകയും സ്വാധീനിക്കുകയും ചെയ്ത ഫാമിലിയാണ് ഞങ്ങളേത്.

ഫന്റാസ്റ്റിക് ഫിലിംസ് കാര്‍ത്തിക്കിന്റെ ഈ സീരിസ് ഏറ്റെടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ ഒക്കെ പ്രതികരണം എങ്ങിനെയായിരുന്നു ?

അവര്‍ക്ക് ഒക്കെ ഈ പറഞ്ഞ പോലെ സ്വപ്‌നസാക്ഷാത്ക്കാരം എന്ന് പറയുമ്പോലെ ആയിരുന്നു. പിന്നെ അജു ചേട്ടനോട് എനിക്ക് പ്രത്യേകമായിട്ടുള്ള ഒരു ആരാധന എന്ന് പറയുന്നത്, ഇന്ത്യയിലെ മറ്റ് ഒരു നടന്മാരോടും ഇല്ലാത്ത തരത്തില്‍ എനിക്ക് പ്രത്യേകമായി തോന്നിയിട്ടുണ്ട്.

കാരണം എന്റെ ഇത്രയും കാലത്തെ ഷോര്‍ട്ട് ഫിലിം യാത്രയില്‍ സിനിമാ മേഖലയില്‍ നിന്ന് എന്നെ വിളിച്ച രണ്ടോ മൂന്നോ ആളുകളില്‍ ഒരാള്‍ അജു ചേട്ടനായിരുന്നു. വിളിച്ചു എന്ന് മാത്രമല്ല എന്റെ കൂടെ വര്‍ക്ക് ചെയ്ത ഓരോ ആളുകളുടെയും നമ്പര്‍ വാങ്ങി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൂടാതെ ഒരോ വര്‍ക്ക് കഴിയുമ്പോഴും വിളിച്ച് അഭിനന്ദിക്കുകയും. എന്തെങ്കിലും സബജക്റ്റ് ഉണ്ടെങ്കില്‍ പറ എന്നൊക്കെ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നു അദ്ദേഹത്തിന്റെ മുഖത്ത് ക്യാമറ വെക്കുന്നു എന്നൊക്കെ പറയുമ്പോ വലിയ സന്തോഷം ആയിരുന്നു. അമ്മയ്ക്കും അങ്ങനെ തന്നെയായിരുന്നു. പിന്നെ അമ്മയ്ക്കുള്ള ഒരു സങ്കടം എന്താണ് എന്ന് വെച്ചാല്‍ അജു ചേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍ ഇല്ലാതെ ആയി എന്നതായിരുന്നു.

കാര്‍ത്തിക്കിനെ പോലെ തന്നെ ഒരുപാട് ആളുകള്‍ക്ക് അവരുടെ കഴിവുകള്‍ പങ്കുവെയ്ക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയിരുന്നു ടിക് ടോക്ക്. ടിക് ടോകിന്റെ നിരോധനം ഒരുപാട് പേരെ ബാധിച്ചിട്ടുണ്ട്. അതേസമയം മറ്റ് പ്ലാറ്റ്‌ഫോമുകളുടെ സാധ്യത ഉപയോഗിച്ച വ്യക്തി എന്ന നിലയില്‍ എന്താണ് ഈ ആളുകളോട് കാര്‍ത്തികിന് പറയാനുള്ളത് ?

കഴിവുണ്ടായിട്ടും പലര്‍ക്കും ഇതിലേക്ക് വരാന്‍ മടിയുണ്ടായിരുന്നു. അളുകള്‍ അംഗീകരിക്കോ, റീച്ച് കിട്ടുമോ എന്നൊക്കെ സംശയങ്ങളുണ്ടായിരുന്നു. ഇത് എങ്ങനെ പുറത്തെത്തിക്കും എന്നൊക്കെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ക്ക് ഒരു നല്ല പ്ലാറ്റഫോം ആയിരുന്നു ടിക് ടോക് ഒക്കെ. ഇപ്പോള്‍ അത് പോയ സ്ഥിതിക്ക് മറ്റ് സാധ്യതകള്‍ ഉപയോഗിക്കുക എന്നത് തന്നെയാണ് കാര്യം. ചിലപ്പോള്‍ അങ്ങനെ ചെയ്യുമ്പോള്‍ കാലതാമസം വന്നേക്കാം. പക്ഷേ തങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പായി. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ അതിന് വേണ്ടി യൂസ് ചെയ്യുക എന്നതാണ്. എല്ലാവരും പൂജ്യത്തില്‍ നിന്നാണല്ലോ തുടങ്ങിയത്.

കാര്‍ത്തിക്കിന് അഭിനന്ദനങ്ങള്‍ പോലെ തന്നെ വിമര്‍ശനങ്ങളും വരാറുണ്ട്. അതേസമയം തന്നെ ചില സൈബര്‍ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ചാനല്‍ അഭിമുഖത്തില്‍ കാര്‍ത്തിക് ചിരിക്കാതെ ഇരുന്നു എന്നൊക്കെ പറഞ്ഞ്. ഇത്തരം സൈബര്‍ ആക്രമണങ്ങളെ ഒക്കെ എങ്ങിനെയാണ് കാര്‍ത്തിക്ക് നേരിടുന്നത് ?

തുടക്കത്തില്‍ ഇങ്ങനെ വരുന്ന നെഗറ്റീവ് കമന്റുകളും ഒക്കെ ബാധിച്ചിരുന്നു. നമ്മുടെ ഒപ്പം നില്‍ക്കുന്നവര്‍ പോലും ഇത്തരത്തില്‍ നെഗറ്റീവ് ഒക്കെ ആയി എത്തിയിരുന്നു. അന്നൊക്കെ നന്നായി ബാധിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. മാനസികമായി തളര്‍ച്ചയും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് പിന്നീട് മനസിലായി നമ്മള്‍ ഇനി പാല്‍പായസം വിളമ്പിയാലും രണ്ട് അഭിപ്രായം ഉള്ള ആളുകള്‍ ഉണ്ടാവും. നമ്മള്‍ അതില്‍ ഒരുപാട് ശ്രദ്ധകൊടുത്താല്‍ ഇപ്പുറത്ത് നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ കാണാതെ ആയിപോകും.

പിന്നെ ലോക്ക്ഡൗണ്‍ സീരിസ് കണ്ട് ഒരുപാട് ആളുകള്‍ എന്നെ വിളിച്ച് പറയുമായിരുന്നു. മോനെ ഇങ്ങനെ ഒക്കെ കമന്റുകള്‍ വരുന്നു മോന്‍ ഒരു വീഡിയോ ഇട് എന്നൊക്കെ. കാരണം അവര്‍ ഇതുമായി ഒട്ടും യൂസ്ഡ് അല്ലായിരുന്നു. അങ്ങനെ ഞാന്‍ ഒരു വീഡിയോ പേജില്‍ ഇട്ടിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് സജഷന്‍സും, ടെക്‌നിക്കല്‍ ആയിട്ടുള്ള വിമര്‍ശനം ഇതൊക്കെയാണ.് മറ്റുള്ളത് ശ്രദ്ധിക്കാന്‍ പോയാല്‍ പിന്നെ അതിനേ നേരമുണ്ടാകു.

അമ്മയുടെയും മോന്റെയും സീരിസ് ഇനിയും ഉണ്ടാകുമോ, അല്ലെങ്കില്‍ പുതിയ വീഡിയോകളായിരിക്കുമോ കാണാന്‍ കഴിയുക ?

തീര്‍ച്ചയായും ഈ സീരിസ് തുടര്‍ന്ന് കൊണ്ടുപോകും. കാരണം ആളുകള്‍ ആഗ്രഹിക്കുന്നുണ്ട് ഇത്. ആഴ്ചയില്‍ ഒന്ന് എന്നുളള രീതിയില്‍ ഒന്നും പറ്റിയില്ലെങ്കിലും തീര്‍ച്ചയായും ഈ സീരിസ് മുന്നോട്ട് കൊണ്ടുപോകും.

അവസാനമായി ഒരു ചോദ്യം കൂടി സംവിധാനം, അഭിനയം ഏതാണ് കാര്‍ത്തിക്കിന് കൂടുതല്‍ താല്‍പ്പര്യം ?

എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷവും ആഗ്രഹവും സംവിധാനമാണ്. പക്ഷേ ഇപ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത് അഭിനയിക്കാനുള്ള അവസരമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.