സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കുന്നതിന് പൊതുമരാമത്ത്, രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ വിവാഹിതരാകുന്നതിനെതിരെ പല തീവ്രഗ്രൂപ്പുകളും നടത്തുന്ന വിദ്വേഷപ്രചരണം ചൂണ്ടിക്കാട്ടി പി.ആര്‍ പ്രൊഫഷണല്‍ ആയ ആതിര സുജാത രാധാകൃഷ്ണന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വിവേചനപരമായ നടപടികളെയും അതിന്റെ ദുരുപയോഗങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും നിയമത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വ്യാജവിദ്വേഷപ്രചരണങ്ങള്‍ക്ക് വേദിയാകുന്ന കേരളത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ ആതിര ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവുന്നവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദള്‍ശിപ്പിക്കുന്നത് തടയാനായി മുന്നോട്ടുവരാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
2019 ഡിസംബറിലാണ് എന്റെയും ഷമീമിന്റെയും വിവാഹം നടക്കുന്നത്. അതിനുമുന്‍പ് കോഴിക്കോട് രജിസ്‌ട്രേഷന്‍ ഓഫിസില്‍ വിവാഹത്തിന്റെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ ഷമീമിന് ഒരു നോട്ടിഫിക്കേഷന്‍ വന്നു. നിങ്ങളുടെ ഫോട്ടോക്ക് സാദൃശ്യമുള്ള ഫോട്ടോ കുറച്ച് പേര്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്, അതില്‍ നിങ്ങളെ ടാഗ് ചെയ്യണമോയെന്ന് ചോദിച്ചിട്ടായിരുന്നു ഈ നോട്ടിഫിക്കേഷന്‍ വന്നത്. അത് നോക്കിയപ്പോഴാണ് തീവ്രവലതുപക്ഷക്കാരായ കുറച്ചു പേര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ സമര്‍പ്പിച്ച 100 പേരുടെ അപേക്ഷകളും കളര്‍ ഫോട്ടോയും സഹിതം അപ്‌ലോഡ് ചെയ്തത് കണ്ടത്. അപേക്ഷാ ഫോമില്‍ ഇവരുടെ വീടിന്റെ വിലാസമടക്കമുള്ള വിവരങ്ങളുണ്ട്. ഈ പോസ്റ്റുകളില്‍ പറയുന്നത് ‘നിങ്ങള്‍ ഇവരുടെ വീടുകളില്‍ പോയി കുടുംബക്കാരെ പറഞ്ഞുമനസ്സിലാക്കി വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കണം’ എന്നൊക്കെയാണ്. ഈ പോസ്റ്റുകള്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ഈ പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഈ വിവരങ്ങള്‍ പങ്കുവെക്കുന്നത് വാട്‌സ്ആപ്പ് വഴിയാക്കി. അതിനുശേഷം ഇത്തരത്തിലുള്ള പോസ്റ്റുകളെക്കുറിച്ച് കാര്യമായി ഒന്നും കേട്ടില്ല. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം എന്റെ അമ്മക്ക് വീടിനടുത്തുള്ള അധ്യാപിക ഒരു വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജ് കാണിച്ചുകൊടുത്തു. പത്താം ക്ലാസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്ന മെസേജ് ആയിരുന്നു അത്. ലവ് ജിഹാദ് കേരളത്തില്‍ തിരിച്ചുവന്നിരിക്കുന്നു, മാതാപിതാക്കളെ കണ്ടെത്തി ഇവരെ വിവാഹത്തില്‍ പിന്തിരിപ്പിക്കണം എന്നെല്ലാം പറഞ്ഞുകൊണ്ട്, നേരത്തെ പറഞ്ഞ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷാ ഫോമുകള്‍ അടങ്ങിയ പി.ഡി.എഫ് അടക്കമുള്ള മെസേജ് ആയിരുന്നു അത്.
ആ സമയത്ത് ഞങ്ങളുടെ വിവാഹം അടുത്തിരിക്കുകയായിരുന്നു. രണ്ട് കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ തന്നെ വിവാഹം കഴിക്കണമെന്ന തീരുമാനിച്ച്, കുറെ നാളുകള്‍ കാത്തിരുന്ന ശേഷമായിരുന്നു വിവാഹം നടക്കുന്നത്. അത്രമേല്‍ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. അതുകൊണ്ടു തന്നെ ഈ പ്രശ്‌നങ്ങളൊക്കെ വിവാഹത്തിന് ശേഷം നോക്കാം എന്ന് വിചാരിക്കുകയായിരുന്നു. അങ്ങിനെ വിവാഹം കഴിഞ്ഞു. അപ്പോഴേക്കും കൊറോണ പ്രതിസന്ധി വന്നല്ലോ. ഇക്കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കാന്‍ പറ്റിയില്ല.
പിന്നീട് ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിന്റെ വാര്‍ത്ത വന്നപ്പോഴാണ് ഈ വിദ്വേഷ പ്രചരണത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. കാരണം ആ സമത്ത് ഒരുപാട് ഫേസ്ബുക്ക് പേജുകളിലും മറ്റും ഈ വിവാഹത്തെക്കുറിച്ച് വളരെ മോശമായ കമന്റുകളും പോസ്റ്റും വന്നിരുന്നു. മുഖ്യമന്ത്രി എന്ന അത്രയും പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുടെ മകള്‍ക്കെതിരെ പോലും ഇത്രയും മോശമായ പ്രചാരണം നടക്കുന്നു. അപ്പോള്‍ ഈ പ്രിവിലേജൊന്നും ഇല്ലാത്ത സാധാരണക്കാരുടെ കാര്യം എന്തായിരിക്കും. ഇതൊക്കെ ആലോചിച്ചിട്ടാണ് ഞാന്‍ എനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റായി എഴുതുന്നത്. അത് കുറെ പേര്‍ ഷെയര്‍ ചെയ്തു.
അതിനുശേഷം ഈ മാസം തുടക്കത്തില്‍ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ സുഹൃത്തിനും സമാനമായ അനുഭവം നേരിടുകയാണെന്ന് അറിയിച്ചു. കാവിപ്പട എന്ന പേജില്‍ ‘Monthly Love Jihad Newsletter’ എന്ന പേരില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ മാസാമാസം പ്രസിദ്ധീകരിക്കുന്നുണ്ട്. അതിലായിരുന്നു ഈ ദമ്പതികളുടെ കാര്യം വന്നത്. കാവിപ്പട പോലെയുള്ള ഗ്രൂപ്പുകള്‍ എല്ലാ മാസവും ആ മാസത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചു വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുകയാണ്.
ഈ ന്യൂസ് ലെറ്ററില്‍ വന്ന പല ദമ്പതികളും എന്നെ ബന്ധപ്പെട്ടിരുന്നു. അങ്ങിനെയാണ് വിഷയം ന്യൂസ്മിനുറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. അവര്‍ ഇത്തരത്തില്‍ വിദ്വേഷപ്രചരണത്തില്‍ ഇരയായവുരടെ വിവരങ്ങള്‍ ശേഖരിച്ച് ആധികാരികമായി തന്നെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഈ ഒരു സമയമാകുമ്പോഴേക്കും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ എല്ലാ നിയമവശങ്ങളും ഞാന്‍ വായിച്ച് മനസ്സിലാക്കിയിരുന്നു. അതില്‍ എവിടെയും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് പറയുന്നില്ല. രജിസ്റ്റര്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണമെന്നേ വേണമെന്നേ പറയുന്നുള്ളു.
ഈ വിദ്വേഷപ്രചരണങ്ങള്‍ വന്നപ്പോള്‍ വിവാഹം കഴിക്കുന്നവരുടെ വിവരങ്ങള്‍ എങ്ങിനെയോ ചോരുന്നു എന്നാണ് ഞങ്ങള്‍ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഇത് വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും അറിയുന്നത്.
അപ്പോഴാണ് സര്‍ക്കാരുകളുടെ ഒരു നോട്ടക്കുറവിന്റെ ഭാഗമായാണ് ഇത്തരം ഒരു അവസരമുണ്ടാകുന്നതെന്ന് മനസ്സിലാക്കുന്നത്. ഇങ്ങിനെ വിവരങ്ങള്‍ എടുത്ത് വിദ്വേഷപ്രചരണം നടത്തുമെന്ന് സര്‍ക്കാരും കരുതുന്നുണ്ടാകില്ലല്ലോ.
എന്നാല്‍ പിന്നെ മന്ത്രിയോട് തന്നെ ഈ വിഷയം ധരിപ്പിക്കാമെന്ന് വെച്ചു. അങ്ങിനെ മന്ത്രി ജി. സുധാകരനെ ടാഗ് ചെയ്ത് ഫേസ്ബുക്കിലെഴുതി. കുറെ പേര്‍ ഷെയര്‍ ചെയ്തു, ഇതേക്കുറിച്ചെഴുതി. ചിലര്‍ സുധാകരന്‍ സാറിനെ നേരിട്ട് അറിയിച്ചു. അങ്ങിനെയാണ് ഈ വിഷയത്തില്‍ മന്ത്രിയുടെ ഇടപെടലുണ്ടാകുന്നതും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് വരുന്നത്.
വളരെ ദ്രുതഗതിയിലാണല്ലോ ഈ വിഷയത്തില്‍ നടപടിയുണ്ടായത്. അങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നോ ? സര്‍ക്കാര്‍ ഇടപെടലിനെ എങ്ങിനെ നോക്കിക്കാണുന്നു?
സത്യം പറഞ്ഞാല്‍ ഇത്രയും വേഗം നടപടിയുണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നേ ഇല്ല. ഇതൊരു നീണ്ട നാളത്തേക്കുള്ള യുദ്ധമായിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വരുമെന്നൊക്കെ കരുതിയിരുന്നു. പക്ഷെ വളരെ പെട്ടെന്ന് തന്നെ ഇടപെടലുണ്ടായി. തികച്ചും അഭിനന്ദനാര്‍ഹമായ നടപടിയാണിത്. ഒരു തെറ്റുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ അത് അപ്പോള്‍ തന്നെ തിരുത്താന്‍ തയ്യാറാകുന്നത് വലിയ ഒരു കാര്യമല്ലേ.
സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഇനിയും എന്തെങ്കിലും മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
തീര്‍ച്ചയായും. ഒരേ മതത്തില്‍ പെട്ടവര്‍ വിവാഹിതരാകുന്നതിനേക്കാള്‍ എത്രയോ നിയമനടപടികളാണ് വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുമ്പോള്‍ പാലിക്കേണ്ടി വരുന്നത്. ഒരേ മതത്തില്‍ പെട്ടവര്‍ വിവാഹം കഴിഞ്ഞ ശേഷം രജിസ്റ്റര്‍ ചെയ്താല്‍ മതി. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ ആകുമ്പോള്‍ 30 ദിവസം മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ വേറെയും നടപടികള്‍.
ഇക്കാര്യത്തെക്കുറിച്ച് ഒരിക്കല്‍ രജിസ്റ്റര്‍ ഓഫീസില്‍ ചോദിച്ചിരുന്നു. അപ്പോള്‍ അവിടുത്തെ ഓഫീസര്‍ പറഞ്ഞത്, ‘വ്യാജന്മാരൊക്കെ വരാമല്ലോ. ഈ വിവാഹതിരാകുന്നവരില്‍ വിവാഹത്തട്ടിപ്പുകാരുണ്ടെങ്കിലോ. അതുകൊണ്ടാണ് ഈ മുന്‍കൂട്ടി രജിസ്‌ട്രേഷനും മറ്റും വേണ്ടി വരുന്നത്.’ എന്നാണ്. എനിക്ക് ഈ പറഞ്ഞതിനോട് ഒന്നേ ചോദിക്കാനുള്ളു. ഈ തട്ടിപ്പ് ഒരേ മതത്തില്‍ ആകുമ്പോള്‍ നടക്കില്ലേ, വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ മാത്രമാകുമ്പോഴാണോ ഇതൊക്കെ നടക്കുന്നത്?
ഈ പറയുന്ന 30 ദിവസം മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നത് മാറിയേ തീരു. ഇത് തികച്ചും വിവേചനപരമാണ്. വിവാഹബന്ധങ്ങളില്‍ ഒരാളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണിത്. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954ല്‍ ഭേദഗതി വരുത്തണം. അതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം.
ഈ വിഷയം എം.പിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍. അടുത്ത പാര്‍ലമെന്റ് യോഗം നടക്കുന്ന സമയത്ത് ഈ വിഷയം ആരെങ്കിലും ഉന്നയിക്കുകയും നിയമത്തില്‍ ഭേദഗതി വരുകയുമാണെങ്കില്‍ അത് വലിയ കാര്യമായിരിക്കും. ഇപ്പോള്‍ മന്ത്രി ജി. സുധാകരന്‍ നടത്തിയ ഇടപെടല്‍ ഈ നിയമത്തിലെ ഒരു നാഴികക്കല്ലാണ്.
വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ വിവാഹതിരാകുന്നതിനെതിരെ നടക്കുന്ന ലവ് ജിഹാദ് അടക്കമുള്ള വിദ്വേഷപ്രചരണങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു?
കേരളത്തില്‍ മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് സുരക്ഷിത ഭവനങ്ങളും മറ്റും ഒരുക്കുന്നുണ്ട്. അതൊക്കെ വെച്ചുനോക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഭേദമാണ് ഇവിടുത്തെ കാര്യങ്ങള്‍. പക്ഷെ ഇവിടെയും മതങ്ങളിലെ തീവ്രവിഭാഗങ്ങള്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്കെതിരെ നില്‍ക്കുന്നുണ്ട്.
പക്ഷെ ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വിഷയം എന്താണെന്ന് പറയാം. നമ്മള്‍ എപ്പോഴാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്, മതം മാറേണ്ട, നമ്മുടെ മതത്തില്‍ തന്നെ നിന്നാല്‍ മതിയെന്ന അവസരത്തിലാണല്ലോ. മതം മാറിയിട്ടുണ്ടെങ്കില്‍ സാധാരണ പോലെ വിവാഹശേഷം രജിസ്റ്റര്‍ ചെയ്താല്‍ മതിയല്ലോ. എന്റെ കാര്യത്തില്‍ തന്നെ ഞാനും ഷമീമും സ്വന്തം മതത്തില്‍ നിന്നുകൊണ്ടു തന്നെ വിവാഹം കഴിച്ചാല്‍ മതിയെന്ന് തീരുമാനിക്കുമ്പോഴാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലേക്ക് നീങ്ങുന്നത്. ഇങ്ങിനെ മതം മാറാതെ നില്‍ക്കുന്നവര്‍ക്കെതിരെ എന്തിനാണ് രണ്ടു മതവിഭാഗക്കാരും ഇത്രയും പ്രശ്‌നമുണ്ടാക്കുന്നത് എന്നാണ് മനസ്സിലാകാത്തത്.
സുധാകരന്‍ സാറിന്റെ പോസ്റ്റിനു താഴെ തന്നെയുള്ള ചില കമന്റുകള്‍ കാണാം ‘നിങ്ങള്‍ ലവ് ജിഹാദിനെ പിന്തുണക്കുകയാണോ’ എന്നെല്ലാം ചോദിച്ചുക്കൊണ്ട്. ഒന്നാമത് ലവ് ജിഹാദ് സംഭവിക്കുന്നില്ല എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ പറയുന്നത്. ഇനി ഇവര്‍ പറയുന്നതുപോലെ ലവ് ജിഹാദ് നടക്കുന്നു എന്നു തന്നെ വെക്കുക, മതം മാറ്റി സിറിയയില്‍ കൊണ്ടുപോകുന്നു എന്നൊക്കെ ആണല്ലോ പറയുന്നത്. അങ്ങിനെയാണെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ആരാണ് മതം മാറുന്നത്? എന്തിനാണ് ഇവരുടെ വിവരങ്ങള്‍ ലവ് ജിഹാദായി പ്രചരിപ്പിക്കുന്നത്? ആളുകളുടെ സ്വകാര്യവിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വ്യക്തികളുടെ സ്വകാര്യതക്കുമേലുള്ള അവകാശത്തിന്റെ ലംഘനമാണിത്.
നമ്മുടെ വിലാസമടക്കമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ അങ്ങ് പ്രചരിപ്പിക്കുന്നു. എന്നിട്ട് നമ്മുടെ മാതാപിതാക്കളെ ചെന്നുകാണാന്‍ പറയുന്നു, എന്തിന്? പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം കഴിക്കുമ്പോള്‍ എന്ത് പ്രസക്തിയാണ് ഇതിനൊക്കെ ഉള്ളത്…
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെ കല്യാണത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ രണ്ട് കുടുംബക്കാരും ചേര്‍ന്ന് ആഘോഷമായാണ് നടത്തിയത്. ഞാനും ഷമീമും സാമ്പത്തികമായി നല്ല നിലയിലാണ്. ഇതൊക്കെ ഞങ്ങള്‍ക്കുള്ള പ്രിവിലേജ് ആണ്. അങ്ങിനെ അല്ലാത്ത എത്രയോ പേരുണ്ടാകും. വ്യത്യസ്ത മതത്തില്‍ പെട്ടവരായ പലരും ഏറെ ബുദ്ധിമുട്ടിയാണ് രജിസ്റ്റര്‍ പോലും ചെയ്തിരിക്കുക. അവരുടെ സുരക്ഷിതത്വം ഇങ്ങിനെ ഭീഷണി നേരിടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല.
ലവ് ജിഹാദ് എന്ന വാക്കിനോട് എനിക്ക് ഒരിക്കലും പൊരുത്തപ്പെടാനാകില്ല. ഏറെ ദുരുപയോഗം ചെയ്യപ്പെട്ട പദമാണിത്. പക്ഷെ ഇനി ഏതെങ്കിലും മാതാപിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് പൊലീസില്‍ പോകാം. നിയമത്തിന്റെ വഴി നോക്കാം. അല്ലാതെ ഈ ഒരു പേരും പറഞ്ഞ് ഇതരമതങ്ങളില്‍ പെട്ടവര്‍ വിവാഹിതരാകുന്നതിനെ മുഴുവന്‍ ലവ് ജിഹാദ്, തീവ്രവാദത്തിനായി പോകുന്നു എന്നു പ്രചരിപ്പിക്കുന്നത് തെറ്റാണ്.
ഇവര്‍ പറയുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ തന്നെ ഈ തീവ്ര വലതുപക്ഷക്കാര്‍ വിശ്വസിക്കുന്ന അതേ പ്രത്യയശാസ്ത്രം ഉള്ളവരല്ലേ രാജ്യം ഭരിക്കുന്നത്. അന്വേഷണം നടത്താന്‍ പ്രയാസമില്ലല്ലോ. അന്വേഷിച്ച് സത്യം കൊണ്ടുവരട്ടെ. അല്ലാതെ ഇത് തന്നെ പറഞ്ഞ് മറ്റുള്ളവരെ അസഭ്യം പറയുന്നതും ഉപദ്രവിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതും വലിയ തെറ്റാണ്.
ഈ ലവ് ജിഹാദ് എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകളിലെല്ലാം വലിയ സ്ത്രീവിരുദ്ധത കൂടിയുണ്ട്. എല്ലാ പോസ്റ്റുകളിലും പറയുന്നത് ഹിന്ദുക്കളായ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ വലയിട്ട് പിടിക്കുന്നു എന്നാണ്. മറ്റു മതക്കാരുടെ പോസ്റ്റുകളിലും സമാനമായ വാചകങ്ങള്‍ കാണാം. അതായത് ഏതു മതത്തില്‍പ്പെട്ടവരാണെങ്കിലും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് കാര്യമായ ബുദ്ധിയില്ല, അവര്‍ പെട്ടെന്ന് ഈ ചതിക്കുഴിയില്‍ പെട്ടുപോകുന്നു എന്നാണ് ഇതിലൂടെ പറയുന്നത്. പെണ്‍കുട്ടികളുടെ ബുദ്ധിശക്തിയെയും ബോധത്തെയുമാണ് അവര്‍ ചോദ്യം ചെയ്യുന്നത്.
കേരളത്തിലെ പെണ്‍കുട്ടികള്‍ ഇങ്ങിനെ വലയിലാവാന്‍ വേണ്ടി കാത്തുനില്‍ക്കുകയാണ് എന്ന പോലെയാണ് ഇവരുടെ പോസ്റ്റുകള്‍. സ്ത്രീവിരുദ്ധമായ ചിന്തകളില്‍ നിന്നുകൂടിയാണ് ഇത്തരം വാചകങ്ങള്‍ വരുന്നത്. കുടുംബങ്ങള്‍ക്കകത്തെ കാര്യങ്ങള്‍ സാമൂഹ്യവിഷയമാക്കി പ്രചരിപ്പിക്കാന്‍ ആരും ഇവര്‍ക്ക് ലൈസന്‍സ് കൊടുത്തിട്ടില്ല. ആരും ഫേസ്ബുക്ക് ആങ്ങളമാരാകാനും നില്‍ക്കണ്ട.
എനിക്ക് അറിയാവുന്ന ഒരുപാട് പേര്‍ ഇന്ത്യയിലെ ഈ സ്ഥിതി പേടിച്ച് വിദേശത്ത് പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയാണ്. പലരും മറ്റു രാജ്യങ്ങളില്‍ സ്ഥിരിതാമസക്കാരാകുന്നു. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ അത്രയും ഭയപ്പെടുത്തുന്ന അവസ്ഥയാണ് വ്യത്യസ്ത മതത്തില്‍പെട്ട വിവാഹിതര്‍ നേരിടേണ്ടി വരുന്നത്.
കൃത്യമായി നികുതിയടക്കുന്ന പൗരന്മാരാണ് നമ്മളെല്ലാവരും. ആ പൗരന്മാര്‍ക്ക് സ്വന്തം സുരക്ഷയെ പേടിച്ച് രാജ്യം തന്നെ വിട്ടുപോകണ്ടി വരികയെന്നാല്‍ എത്ര ഭീകരമാണത് . തീവ്രഹിന്ദുസംഘടനകളും തീവ്ര മുസ്‌ലിം സംഘടനകളും എല്ലാം ഈ വിദ്വേഷപ്രചാരകരുടെ കൂട്ടത്തിലുണ്ട്. എല്ലാ മതത്തിലെയും തീവ്രപക്ഷക്കാര്‍ ഇവിടെയുണ്ട്. ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് തീവ്രഹിന്ദു വിഭാഗങ്ങള്‍ പ്രചരിപ്പിച്ച കാര്യങ്ങളാണെന്ന് മാത്രം.
വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികള്‍ കേരളത്തിലെ ജനങ്ങളുടെ പ്രധാന വാര്‍ത്തസ്രോതസ്സായി മാറുന്നതായി കരുതുന്നുണ്ടോ? അത് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമാകാന്‍ കാരണമാകുന്നുണ്ടോ ?
കേരളത്തില്‍ ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗത്തില്‍ വന്നതോടെ ജനങ്ങള്‍ വിവരങ്ങള്‍ അറിയുന്നതിനായി ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനായും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഇതിന് ഒരുപാട് നല്ല വശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ടിട്ടാണല്ലോ ഈ നടപടി പോലും വന്നത്.
കേരളത്തിന് സാക്ഷരത ഉണ്ട്, പക്ഷെ അതിനനുസരിച്ചുള്ള ബോധമില്ല. വാട്‌സ്ആപ്പും ഫേസ്ബുക്കും ഇവരുടെ വാര്‍ത്തസ്രോതസ്സായിരിക്കുകയാണ്. എന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ പോലും പല വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും സത്യമാണെന്ന് കരുതി അയച്ചുതരാറുണ്ട്. ക്ലിക് ബൈറ്റ് തലക്കെട്ടുകളോട് കൂടിയാണ് പല വിദ്വേഷ ക്യാംപെയ്‌നുകളും വരുന്നത്. ഇവ ചെയ്യുന്നവര്‍ക്ക് അറിയാം ആളുകള്‍ എന്താണ് ആളുകള്‍ വായിക്കുക എന്ന്.
നമ്മള്‍ ആരും തന്നെ ഈ വരുന്ന ഫോര്‍വേര്‍ഡ് മെസേജുകളുടെ സത്യാവസ്ഥ അന്വേഷിക്കാറില്ല. പിന്നെ ചില മുന്‍ധാരണകളുടെ പുറത്താണ് ഈ വിഷയങ്ങളെ സമീപിക്കുന്നതും. നമ്മുടെ മുന്‍ധാരണകളെ പിന്തുണക്കുന്ന എന്ത് ഫോര്‍വേര്‍ഡ് മെസേജുകളും സത്യമാണെന്ന് വിശ്വസിക്കുകയാണ്. അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പൊളിക്കുന്ന പരിപാടികള്‍ കൊണ്ടുവരുന്നുണ്ടല്ലോ, അത്തരം പരിപാടികളെല്ലാം കൂടുതലായി കൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക