Sports News
മരണമാസ് സച്ചിന്‍; 51ാം വയസില്‍ 64; ഇന്ത്യ മാസ്‌റ്റേഴ്‌സിന് ആദ്യ തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 06, 03:02 am
Thursday, 6th March 2025, 8:32 am

ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ്. വഡോദരയിലെ ബി.സി.എ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 95 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 174 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ലീഗില്‍ ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റനും ഓപ്പണറുമായ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

വെറും 33 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് സച്ചിന്‍ നേടിയത്. 193.94 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സച്ചിന്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. 51ാം വയസിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ലോകത്തിന് മുന്നില്‍ വീണ്ടും ഉദിച്ചിരിക്കുകയാണ് സച്ചിന്‍.

സച്ചിന് പുറമെ 15 പന്തില്‍ നിന്ന് 25 റണ്‍സ് നേടി യൂസഫ് പത്താനും മ്ികവ് പുലര്‍ത്തി. എന്നാല്‍ മറ്റാര്‍ക്കും തന്നെ ഓസീസിന്റെ ബൗളിങ്ങില്‍ പിടിച്ചുനില്‍ക്കാനോ സ്‌കോര്‍ ഉയര്‍ത്താനോ സാധിച്ചില്ല.

ഓസീസിന്റെ മിന്നും ബൗളര്‍ സേവിയര്‍ ഡോഹേര്‍ട്ടിയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നത്. നാല് ഓവറില്‍ നിന്ന് 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്.

താരത്തിന് പുറമെ ബെവൃന്‍ ഹില്‍ഫെന്‍ഹസ്, ബെന്‍ ലോങ്‌ലിന്‍, ബ്രൈസ് മക്‌ഗെയ്ന്‍, ഡാനിയല്‍ ക്രിസ്റ്റിന്‍, നഥാന്‍ റീര്‍ഡോണ്‍ എന്നിവര്‍ ഓരേ വിക്കറ്റുകളും നേടി.

ആദ്യം ബാറ്റ് ചെയ്ത് അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ് കാഴ്ചവെച്ചത്. ഓപ്പണറും ക്യാപ്റ്റനുമായ ഷെയ്ന്‍ വാട്‌സണും വണ്‍ ഡൗണ്‍ ബാറ്റര്‍ ബെന്‍ ഡങ്കും നേടിയ സെഞ്ച്വറിമികവിലാണ് ഓസീസ് കത്തിക്കയറിയത്. ഓപ്പണര്‍ ഷോണ്‍ മാര്‍ഷ് 22 റണ്‍സിന് പുറത്തായതോടെ ക്യാപ്റ്റന്‍ വാട്‌സണ്‍ 52 പന്തില്‍ നിന്ന് 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 110 റണ്‍സാണ് താരം നേടിയത്.

211.54 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വാട്‌സന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്നാമനായി ഇറങ്ങിയ ബെന്‍ ഡങ്ക് 53 പന്തില്‍ നിന്ന് 12 ഫോറും 10 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 132 റണ്‍സാണ് നേടിയത്. 249.6 എന്ന മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.

നിലവില്‍ ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റ് നേടി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി നാല് പോയിന്റോടെ ശ്രീലങ്ക രണ്ടാമതും ഉണ്ട്. ഓസീസ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവുമായി രണ്ട് പോയിന്റ് നേടി നാലാമതാണ്.

 

Content Highlight: International Masters League- India Masters Lose Their First Match