ഹിന്ദു സംഘടനകളുടെ പ്രതിഷേധം; മിശ്രവിവാഹിതരായ ദമ്പതികളെ സ്വാഗതം ചെയ്യാനുള്ള ചടങ്ങ് നിർത്തിവെച്ച് കുടുംബം
national news
ഹിന്ദു സംഘടനകളുടെ പ്രതിഷേധം; മിശ്രവിവാഹിതരായ ദമ്പതികളെ സ്വാഗതം ചെയ്യാനുള്ള ചടങ്ങ് നിർത്തിവെച്ച് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 3:31 pm

അലിഗഢ്: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മിശ്ര വിവാഹിതരായ ദമ്പതികളെ വീട്ടിലേക്ക് സ്വീകരിക്കാനുള്ള ചടങ്ങുകളിൽ നിന്ന് പിന്മാറി രക്ഷിതാക്കൾ.

വിവാഹശേഷം ശേഷം ആദ്യമായി അലിഗഡിലെ തങ്ങളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു ദമ്പതികൾ. ഇരുവരും വരുന്നതിന്റെ സന്തോഷം ആഘോഷിക്കാനായി നടത്തുന്ന ചടങ്ങുകളാണിപ്പോൾ ഹിന്ദു സംഘടനയുടെ പ്രതിഷേധം കാരണം ഒഴിവാക്കിയിരിക്കുന്നത്.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കുടുംബങ്ങളുടെ സാന്നിധ്യത്തിൽ മാർച്ചിൽ വിവാഹിതരായ ഇരുവരും ആദ്യം സാൻ ഫ്രാൻസിസ്കോ കോൺസുലേറ്റ് ജനറലിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇവരുടെ ചടങ്ങുകളുടെ ക്ഷണക്കത്ത് പങ്കുവെച്ചതിലൂടെയാണ് ഹിന്ദു സംഘടനകൾ വിവരം അറിഞ്ഞത്‌. തുടർന്ന് അവർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വിവിധ സംഘടനാ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി കളക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകുകയും ചെയ്തു. വിവാഹിതരായ ഇതരമതസ്ഥരുടെ ഇത്തരം ചടങ്ങുകൾ ഭാവിയിൽ മാറ്റ് യുവതി യുവാക്കൾക്ക് പ്രചോദനമാകുമെന്നാണ് സംഘടനകളുടെ വാദം.

‘പ്രായപൂർത്തിയായതിനാൽ ഞങ്ങൾ അവരുടെ വിവാഹത്തിന് എതിരല്ല, പക്ഷേ ഡിസംബർ 21 ന് നിശ്ചയിച്ചിരുന്ന ഒത്തുചേരലിനെ ഞങ്ങൾ എതിർത്തു. ഇത്തരം ചടങ്ങുകൾ രണ്ട് വ്യത്യസ്ത സമുദായങ്ങളിലെ യുവാക്കളും യുവതികളും തമ്മിലുള്ള ബന്ധങ്ങൾ കൂടുന്നതിന് കാരണമാകും,’ ഹിന്ദു കോർഡിനേറ്റർ ഗൗരവ് ശർമ വാദിച്ചു.

കർണി സേനയും ബ്രാഹ്മണ മഹാ സഭയും ഉൾപ്പെടെയുള്ള മറ്റ് സംഘടനകളും പ്രതിഷേധത്തിൽ ഉണ്ടായിരുന്നു.

അമേരിക്കയിൽ മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്ന ദമ്പതികൾ അലിഗഡ് സ്വദേശികളാണ്. ചില നിയന്ത്രണങ്ങൾ കാരണം, ദമ്പതികൾക്ക് അവരുടെ വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാൻ കഴിഞ്ഞില്ല. അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് കുടുംബങ്ങളും യു.എസിലേക്ക് പോയി.

‘സ്പെഷ്യൽ മാര്യേജ് ആക്ട്, അമേരിക്കൻ സിവിൽ നിയമം എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം മാർച്ച് 28 നാണ് വിവാഹം നടന്നത്. സർട്ടിഫിക്കേഷൻ ലഭിച്ചതിന് ശേഷം, വിവാഹം സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറലിലും പിന്നീട് മെയ് മാസത്തിലും രജിസ്റ്റർ ചെയ്തു,’ യുവതിയുടെ പിതാവ് പറഞ്ഞു.

ദമ്പതികൾ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങി. അവരുടെ കുടുംബങ്ങൾ ഡിസംബർ 21 ന് ഒരു ഒത്തുചേരൽ ആസൂത്രണം ചെയ്തു. ക്ഷണക്കത്തുകൾ വിതരണം ചെയ്തു. ‘ചിലർ പരിപാടിയിൽ അതൃപ്തരാണെന്ന് തോന്നിയതിനാൽ, ഞങ്ങൾ പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചു,’ യുവതിയുടെ പിതാവ് പറഞ്ഞു. അപ്രതീക്ഷിതമായ കാരണങ്ങളാൽ ചടങ്ങ് നിർത്തിവച്ചെന്ന് പറഞ്ഞ് കുടുംബം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ തീരുമാനം അറിയിച്ചിട്ടുണ്ട്.

Content Highlight: Interfaith couple’s homecoming event cancelled amid protests from Hindu outfits