46ന്റെ തിളക്കത്തില്‍ മെസി; ഇയാള്‍ 'ബര്‍ഗര്‍ ലീഗില്‍' എന്ത് ചെയ്യുമെന്ന് ചോദിച്ചവരോടാണ്; ഇരട്ട ഗോളില്‍ കിരീടനേട്ടം
Sports News
46ന്റെ തിളക്കത്തില്‍ മെസി; ഇയാള്‍ 'ബര്‍ഗര്‍ ലീഗില്‍' എന്ത് ചെയ്യുമെന്ന് ചോദിച്ചവരോടാണ്; ഇരട്ട ഗോളില്‍ കിരീടനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd October 2024, 9:41 am

മേജര്‍ ലീഗ് സോക്കറില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മയാമി. എം.എല്‍.എസ്സില്‍ കൊളംബസിനെതിരെ നേടിയ വിജയത്തിന് പിന്നാലെയാണ് മെസിയും സംഘവും കിരീടമുയര്‍ത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഹെറോണ്‍സ് വിജയിച്ചുകയറിയത്.

ലോവര്‍ ഡോട്ട് കോം ഫീല്‍ഡില്‍ ജയം മാത്രം പ്രതീക്ഷിച്ചാണ് മയാമി കളത്തിലിറങ്ങിയത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മയാമിക്ക് തങ്ങളുടെ ആദ്യ എം.എല്‍.എസ് കിരീടം നേടാന്‍ സാധിക്കുമെന്നതിനാല്‍ സര്‍വശക്തിയും പുറത്തെടുക്കാനാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടീനോ ശ്രമിച്ചത്.

എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബസിനും വിജയം അനിവാര്യമായിരുന്നു. മയാമിയെ പരാജയപ്പെടുത്തിയാല്‍ കിരീടത്തിലേക്കുള്ള സാധ്യത കെടാതെ സൂക്ഷിക്കാന്‍ ടീമിന് സാധിക്കുമായിരുന്നു. ഡു ഓര്‍ ഡൈ എന്നതായിരുന്നു ഇരു ടീമിന്റെയും സ്ട്രാറ്റജി.

മത്സരം ഇങ്ങനെ

 

സുവാരസ്-മെസി-ഡിയാഗോ ഗോമസ് ത്രയത്തെ മുന്നേറ്റ നിരയില്‍ വിന്യസിച്ച് 4-3-3 ഫോര്‍മേഷനിലാണ് മാര്‍ട്ടീനോ പടയൊരുക്കിയത്. മറുവശത്ത് 3-4-2-1 ഫോര്‍മേഷനായിരുന്നു കൊളംബസിന്റേത്.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മയാമി ലീഡ് നേടി. മെസിയാണ് ഗോളടി തുടങ്ങിവെച്ചത്. ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ലഭിച്ച ഫ്രീ കിക്ക് മെസി കൃത്യമായി വലയിലെത്തിച്ചതോടെ രണ്ട് ഗോളിന്റെ ലീഡുമായി മെസിപ്പട രണ്ടാം പകുതിയിലേക്ക് കടന്നു.

രണ്ടാം പുകുതി ആരംഭിച്ച് ആദ്യ മിനിട്ടില്‍ തന്നെ കൊളംബസ് ഗോള്‍ നേടി. എം. ഫാര്‍സിയുടെ അസിസ്റ്റില്‍ പത്താം നമ്പര്‍ താരം ഡിയാഗോ റോസിയാണ് ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിനെ മറികടന്ന് വലകുലുക്കിയത്.

എന്നാല്‍ ആ ആഘോഷത്തിന് അധികം ആയുസ് നല്‍കാന്‍ മയാമിയും ഒരുക്കമല്ലായിരുന്നു. 48ാം മിനിട്ടില്‍ സുവാരസിലൂടെ മയാമി വീണ്ടും രണ്ട് ഗോളിന്റെ ലീഡ് കണ്ടെത്തി.

ശേഷം കളി അല്‍പം പരുക്കനായി. ഇരു ടീമുകള്‍ക്ക് നേരെയും റഫറി മഞ്ഞക്കാര്‍ഡ് മാറി മാറി പുറത്തെടുത്തു.

മെസി ചരിതം ഇതുവരെ

 

മത്സരത്തിന്റെ 59ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൊളംബസ് വലയിലെത്തിച്ചതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ഗോള്‍ നേടാന്‍ ഇരു ടീമും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫൈനല്‍ വിസില്‍ വരെ രണ്ട് ടീമിനും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ഇതോടെ കരിയറിലെ 46ാം കിരീടമാണ് മെസി സ്വന്തമാക്കിയത്. മയാമിക്കൊപ്പം രണ്ടാം കിരീടവും. നേരത്തെ മയാമിയെ ലീഗ്‌സ് കപ്പ് ചൂടിച്ച് മെസി ചരിത്രമെഴുതിയിരുന്നു.

താന്‍ പന്തുതട്ടി കളിയടവ് പഠിച്ച ബാഴ്‌സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. ലാലീഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണയാണ് മെസി കറ്റാലന്‍മാര്‍ക്കൊപ്പം കിരീടവുമായി പോഡിയത്തിലേറിയത്.

ദേശീയ ടീമിനൊപ്പമാണ് മെസി ശേഷം ഏറ്റവുമധികം കിരീടം നേടിയത്. ആറെണ്ണം. 2024 കോപ്പ അമേരിക്ക കിരീടത്തിന് പുറമെ 2020 കോപ്പ അമേരിക്ക കിരീടവും ഖത്തര്‍ ആതിഥേയരായ 2022 ലോകകപ്പും ഫൈനലിസിമ കിരീടവും മെസി അര്‍ജന്റീനയെ ചൂടിച്ചു.

 

പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ നേടിയ മെസി ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ രണ്ടാം കിരീടവും ചൂടിച്ച് മറ്റൊരു ട്രോഫിയും തന്റെ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്തുവെച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ കരുത്തരായ നാഷ്വില്ലിനെ പരാജയപ്പെത്തിയാണ് ഹെറോണ്‍സ് കിരീടം ചൂടിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു മയാമിയുടെ വിജയം.

 

Content highlight: Inter Miami wins Supporters shield