ബാഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചയാള്‍ക്ക് യു.എസിന്റെ വക 177 കോടി; രക്തത്തിന്റെ സാമ്പിളും ശേഖരിച്ചു
World News
ബാഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചയാള്‍ക്ക് യു.എസിന്റെ വക 177 കോടി; രക്തത്തിന്റെ സാമ്പിളും ശേഖരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 8:35 am

ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ കുരുക്കാന്‍ കരുതലോടെയാണ് യു.എസ് വലവിരിച്ചത്. ബാഗ്ദാദി താമസിക്കുന്ന ഒളിസങ്കേതത്തിന്റെ വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തിയ ആള്‍ക്ക് ഈ ഓപ്പറേഷനില്‍ വലിയ പങ്കാണുള്ളത്.

ഏത് രാജ്യക്കാരനാണെന്ന് യു.എസ് ഇതുവരെ പുറത്തുവിടാത്ത കുര്‍ദ് സൈന്യത്തിന്റെ വിശ്വസ്തനായ ഇയാള്‍ ബാഗ്ദാദിയുടെ ഒളിസങ്കേതത്തിന്റെ എല്ലാ വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖയടക്കം സൈന്യത്തിന് നല്‍കി.

തുര്‍ക്കി അതിര്‍ത്തിയിലുള്ള ബാഗ്ദാദിയുടെ സിറിയന്‍ ഒളിസങ്കേതത്തില്‍ എത്ര അറകളുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ ഇയാള്‍ നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒളിസങ്കേതത്തിന് എത്ര നിലകളുണ്ട്, അവയുടെ ഓരോന്നിന്റെയും വിവരണം, രൂപരേഖ, തുരങ്കങ്ങള്‍ എന്നിവയുടെ പൂര്‍ണ വിവരണം എന്നിവയടക്കമാണ് ശേഖരിച്ചതെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ജനറല്‍ മസോളം അബ്ദി പറഞ്ഞിരുന്നു.

ഇത്രയും വിലപ്പെട്ട കാര്യങ്ങള്‍ കൈമാറിയ ആള്‍ക്ക് 177 കോടി രൂപ (രണ്ടരക്കോടി ഡോളര്‍) പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യു.എസ്.

ബാഗ്ദാദിയെ വളയുമ്പോഴും ഇദ്ദേഹം സൈന്യത്തിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ് ആക്രമണത്തില്‍ അടുത്ത ബന്ധു കൊല്ലപ്പെട്ടതാണ് ഐ.എസിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയാണെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്റെ അടിവസ്ത്രം മോഷ്ടിച്ചതും രക്തത്തിന്റെ സാമ്പിള്‍ ശേഖരിച്ചതും ഇതേ വ്യക്തി തന്നെയാണെന്നാണ് വിവരം. തങ്ങളുടെ സൈന്യമാണ് ഒളിസങ്കേതം കണ്ടെത്തി യു.എസിന് സുപ്രധാന വിവരങ്ങള്‍ കൈമാറിയതെന്ന് കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഉപദേഷ്ടാവ് പെലാട്ട് കാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

‘വളരെ കുറഞ്ഞ കാലയളവുകളില്‍ ബാഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറി’. ബാഗ്ദാദി ഒടുവില്‍ ഒളിച്ച സ്ഥലം കണ്ടെത്താനായതാണ് ഏറ്റവും വലിയ വിജയമെന്നും പെലാട്ട് പറഞ്ഞിരുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ ഇന്റലിജന്‍സ് വിങ്ങിന്റെ പ്രവര്‍ത്തന ഫലമായാണ് യു.എസ് സൈന്യത്തിന്റെ നീക്കം വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൈനിക നടപടിയില്‍ ബാഗ്ദാദിയുടെ പ്രധാന അനുയായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ