national news
യുട്യൂബ് വീഡിയോ കണ്ട് ഭാര്യയുടെ പ്രസവം നടത്തി; കുഞ്ഞ് മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 21, 06:35 am
Tuesday, 21st December 2021, 12:05 pm

ചെന്നൈ: യുട്യൂബ് വീഡിയോ കണ്ട് ഭര്‍ത്താവ് യുവതിയുടെ പ്രസവം നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ റാണിപെട്ടിലാണ് സംഭവം. 28കാരിയായ ഗോമതിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

യുട്യൂബ് വീഡിയോകളില്‍ പറയുന്ന പ്രകാരം പ്രസവം നടത്താന്‍ ഭര്‍ത്താവ് ലോകനാഥന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടാവുകയായിരുന്നു.

അബോധാവസ്ഥയിലായ യുവതിയെ ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആദ്യം പുന്നൈ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച യുവതിയെ പിന്നീട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ മോഹന്‍, ലോകനാഥനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സഹായം തേടാതെ പ്രസവം നടത്താന്‍ ലോകനാഥന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പായിരുന്നു ലോകനാഥന്റെയും ഗോമതിയുടെയും വിവാഹം. ഭാര്യയുടെ പ്രസവസമയത്ത് ലോകനാഥന്‍ തന്റെ സഹോദരി ഗീതയുടെ സഹായവും തേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Infant died after woman’s husband attempted delivery procedure watching YouTube videos