ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്യോഗസ്ഥവൃന്ദങ്ങളും സംഘപരിവാര്‍ സഖ്യകക്ഷികളും നടത്തുന്ന അധിക്ഷേപത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യന്‍ വ്യവസായ ഭീമന്മാരായ ടാറ്റയും ഇന്‍ഫോസിസും. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്.
നേരത്തെ തങ്ങളുടെ മാസികയായ പാഞ്ചജന്യത്തില്‍ ഇന്‍ഫോസിസ് രാജ്യദ്രോഹികളാണ് എന്ന് ആര്‍.എസ്.എസ് ആരോപിച്ചിരുന്നു.
ആദായനികുതി വെബ്‌സൈറ്റുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസ് പരാജയപ്പെട്ടെന്നും ഇത് രാജ്യദ്രോഹത്തിന് സമാനമാണെന്നുമാണ് ആര്‍.എസ്.എസിന്റെ വാദം. ഇന്ത്യന്‍ ധനകാര്യമന്ത്രാലയം ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പ്രകാശിനെ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് ഇന്‍ഫോസിസിനെതിരെ ആക്രമണം അഴിച്ചു വിട്ടത്.
നേരത്തെ ഇ-കൊമേഴ്‌സ് നിയമങ്ങളെ വിമര്‍ശിച്ച ടാറ്റ ഗ്രൂപ്പിനെതിരെ വാണിജ്യമന്ത്രാലയം രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് ലാഭം വേണമെന്ന ചിന്ത മാത്രമാണ് ഉള്ളതെന്നായിരുന്നു വാണിജ്യമന്ത്രാലയത്തിന്റെ വിമര്‍ശനം.
ആ സംഭവങ്ങളെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ഭാവിയെ കുറിച്ച് ആശങ്കയുണ്ടന്ന് കമ്പനികള്‍ വ്യക്തമാക്കുന്നത്.
ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തങ്ങളെ മാനസികമായി തളര്‍ത്തുന്നതാണെന്നും അവ തങ്ങളെ ഭയപ്പെടുത്തുന്നു എന്നുമാണ് വ്യവസായികള്‍ പറയുന്നത്.
ഇന്ത്യന്‍ ബിസിനസിലെ പ്രമുഖകര്‍ക്ക് നേരെയുള്ള ഈ തുറന്ന ആക്രമണങ്ങള്‍ നികുതി പ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമല്ലെന്നും സര്‍ക്കാരിന്റെ എല്ലാ നയങ്ങള്‍ക്കും വഴങ്ങിക്കൊടുത്തേ തീരുവെന്ന് ഉറപ്പിച്ചു പറയുന്നതിന്റെ സൂചനകളാണെന്നും പെര്‍ഫെക്ട് റിലേഷന്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ദിലീപ് ചെറിയാന്‍ പറയുന്നു.
വിദേശ കമ്പനികള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമ്പോഴും ഇന്ത്യന്‍ കമ്പനികളെ സംരക്ഷിച്ചു പോരുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ച് വന്നിരുന്നത്. എന്നാല്‍ ആ നിലപാടുകളോട് വ്യതിചലിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്.
ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇന്‍ഫോസിസ് പോലുള്ള ഒരു കമ്പനിയ്‌ക്കെതിരെ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രിയോ ഇതര വ്യവസായ സംഘടനകളോ മറുത്തൊരു വാക്ക് പോലും വ്യവസായികളെ പിന്തുണച്ച് പറയുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണെന്ന് റോയിട്ടേഴ്‌സ് പറയുന്നു.
ഐ.ടി രംഗത്തും വ്യവസായ രംഗത്തും ഇന്ത്യയെ മുന്നോട്ട് കൊണ്ടുവരാന്‍ കമ്പനികള്‍ നിരന്തര ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ആര്‍.എസ്.എസും അവരുടെ സഖ്യകക്ഷികളും അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് എന്നും ഇത്തരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും വ്യവസായികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
എന്നാല്‍ ഇന്‍ഫോസിസിനെ പിന്തുണച്ച് മാരുതി സുസൂക്കിയുടെ ചെയര്‍മാനായ ആര്‍.സി ഭര്‍ഗവ രംഗത്തെത്തിയിട്ടുണ്ട്. ‘ആഗോളതലത്തില്‍ സോഫ്റ്റ് വെയര്‍ രംഗത്ത് ഇന്ത്യയ്ക്ക് ഒരു സ്ഥാനം നേടിത്തരുന്നതില്‍ ഇന്‍ഫോസിസ് വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. വെബ്‌സൈറ്റുകളില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അവസരം നല്കണം, അല്ലാതെ അതിനു പിന്നില്‍ ഗൂഢാലോചന സിദ്ധാന്തം ആരോപിക്കുകയല്ല വേണ്ടത്,’ അദ്ദേഹം പറയുന്നു.
അതേസമയം ഇന്‍ഫോസിസിനോടുള്ള തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ആര്‍.എസ്.എസ് റോയിട്ടേഴ്സിനോടും ആവര്‍ത്തിച്ചത്.
‘അവര്‍ വലിയ കമ്പനിയാണെന്ന് കരുതി വിമര്‍ശനങ്ങള്‍ക്ക് അതീതരാവുമോ? അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചതില്‍ യാതൊരു തെറ്റും കാണുന്നില്ല,’ എന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.