തട്ടിപ്പിന് സാധ്യതയേറെ, നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാറില്ലെന്ന് ഇന്ത്യയുടെ സൈബര്‍ സുരക്ഷാ തലവന്‍
Digital India
തട്ടിപ്പിന് സാധ്യതയേറെ, നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാറില്ലെന്ന് ഇന്ത്യയുടെ സൈബര്‍ സുരക്ഷാ തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th March 2018, 8:07 am

ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ പണമിടപാടുകളും നെറ്റ്ബാങ്കിങ്ങുകളും പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോഴും നെറ്റ്ബാങ്കിംഗ് സുരക്ഷിതമല്ലെന്ന നിലപാടുമായി ഇന്ത്യയുടെ സൈബര്‍ സുരക്ഷ തലവന്‍ ഗുല്‍ഷന്‍ റായ്. താന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം അധികം ഉപയോഗിക്കാറില്ലെനും അതില്‍ “ചില പ്രശ്‌നങ്ങള്‍” ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ സാന്നിധ്യത്തില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഗുല്‍ഷന്‍ ഇക്കാര്യം പറഞ്ഞത്.

ആരാണ് ഡിജിറ്റല്‍ വിപണിയെ നിയന്ത്രിക്കാനുള്ളത്, എങ്ങനെ നമ്മള്‍ ഉപഭോക്തൃ പരാതികളെ സമീപിക്കും തുടങ്ങിയ പ്രശ്‌നങ്ങളുണ്ട്. വ്യാജ എ.ടി.എമ്മുകളും ക്രെഡിറ്റ് കാര്‍ഡുകളും വളരെ സങ്കീര്‍ണവും പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“എനിക്ക് രണ്ടാമതൊരു ബാങ്ക് അക്കൗണ്ട് ഉണ്ട്. ചെറിയ തുക മാത്രമേ അതില്‍ സൂക്ഷിക്കാറുള്ളൂ. വല്ലപ്പോഴും ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ആ അക്കൗണ്ട് മാത്രമേ ഉപയോഗിക്കൂ” – അദ്ദേഹം പറഞ്ഞു.