ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണം; മുന്നറിയിപ്പുമായി രഘുറാം രാജന്‍
national news
ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണം; മുന്നറിയിപ്പുമായി രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 9:49 pm

ന്യൂദല്‍ഹി: ആര്‍.ബി.ഐ പ്രതിസന്ധിയില്‍ രാജ്യത്തിന് മുന്നറിയിപ്പുമായി രഘുറാം രാജന്‍. ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഊര്‍ജിത് പട്ടേലിന്റെ രാജി അദ്ദേഹത്തിന്റെ പ്രതിഷേധമായി കാണണമെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ പറഞ്ഞു.

“ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ രാജി അദ്ദേഹത്തിന്റെ പ്രതിഷേധമായാണ് കാണേണ്ടത്. നിലവിലെ നയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന തുറന്നു പറച്ചിലാണത്”-എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

“അദ്ദേഹത്തിന്റെ പ്രസ്താവനയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്താണെന്ന് നമ്മള്‍ അന്വേഷിക്കണം”- രാജന്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്ത് പ്രധാനമാണെന്നും ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവ്; തോമസ് ഐസക്‌

ആര്‍.ബി.ഐ ബോര്‍ഡിന്റെ അധികാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. ഉപദേശക സമിതി എന്ന നിലയില്‍ നിന്നും കൂടുതല്‍ അധികാരം ബോര്‍ഡിന് നല്‍കുന്നത് ആര്‍.ബി.ഐയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മുമ്പ് ബോര്‍ഡ് ഉപദേശങ്ങള്‍ നല്‍കുക മാത്രമായിരുന്നു ചെയ്യാറ്. അത് അംഗീകരിക്കാന്‍ പറ്റുന്നതുമായിരുന്നു. ആര്‍.ബി.ഐയിലെ സാമ്പത്തിക വിദഗ്ദര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും ജനങ്ങളുടെ അഭിപ്രായത്തെ പ്രതിനിധീകരിക്കുന്ന ബോര്‍ഡിന് ഉപദേശങ്ങള്‍ നല്‍കുകയും ആവാം. എന്നാല്‍ ബോര്‍ഡിന്റെ അധികാരം വര്‍ധിപ്പിക്കുന്നത് ആര്‍.ബി.ഐയുടെ പ്രവര്‍ത്തനത്തെ ബാധിക്കും”- അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കാനാവില്ല; ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ പി.ചിദംബരം

ആര്‍.എസ്.എസ് ചിന്തകരായ എസ്.ഗുരുമൂര്‍ത്തി, സതീഷ് മറാത്തെ എന്നിവരെ ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐ ബോര്‍ഡില്‍ അംഗങ്ങളാക്കിയിരുന്നു.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഊര്‍ജിത് പട്ടേല്‍ രാജി വെച്ചിരിക്കുന്നത്. 1990ന് ശേഷം ആദ്യമായാണ് ഒരു ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ കലാവധിക്കു മുമ്പ് രാജി വെച്ച് പുറത്തു പോകുന്നത്. രഘുറാം രാജന്റെ കീഴില്‍ ആര്‍.ബി.ഐയില്‍ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ആയിരുന്നു ഊര്‍ജിത് പട്ടേല്‍.