national news
ഇന്ത്യയെയും ലക്ഷ്യംവെച്ച് വാട്‌സ്ആപ്പിലൂടെ ചാരപ്രവര്‍ത്തനം; ഉന്നംവച്ചത് ജേണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയുമെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 31, 08:16 am
Thursday, 31st October 2019, 1:46 pm

ഇന്ത്യന്‍ ആക്ടിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി വാട്‌സ്ആപ്പ്. മെയ് വരെ ഇന്ത്യന്‍ യുസര്‍മാരെയും ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്ന് വാട്‌സ്ആപ്പ് എന്‍.ഡി ടിവിയോട് പറഞ്ഞു.

നാലു വന്‍കരകളിലായി 20 രാജ്യങ്ങളിലെ 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയെന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ.

വാട്സാപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തില്‍ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്‌സ്ആപ്പ് പറഞ്ഞത്. ഫോണിലെ മെസ്സേജുകളിലേക്കും ഫോണ്‍കോളുകളിലേക്കും പാസ്‌വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇസ്രഈലി കമ്പനിക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതിയില്‍ വാട്‌സ്ആപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മെക്സിക്കോ, യു.എ.ഇ, ബഹ്റൈന്‍ തുടങ്ങി 20 രാജ്യങ്ങളിലാണ് ഈ ഹാക്കിങ് നടന്നതെന്നായിരുന്നു വാട്‌സ്ആപ്പ് ആദ്യം അറിയിച്ചത്.

എന്നാല്‍ എന്‍.എസ്.ഒ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കേസിനെതിരെ പോരാടുമെന്നും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഭീകരവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കും എതിരെ പോരാടുന്ന സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും സാങ്കേതിക വിദ്യ ലഭ്യമാക്കുക മാത്രമാണു തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

മുന്‍പും എന്‍.എസ്.ഒയ്ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് എന്‍.എസ്.ഒ ലക്ഷ്യമിടാറ്.

സൗദി രാജകുമാരന്റെത് അടക്കമുള്ള ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ യു.എ.ഇ എന്‍.എസ്.ഒയോട് ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ നടന്ന ജമാല്‍ ഖഷോഗ്ജിയുടെ കൊലയുമായി ബന്ധപ്പെട്ട് വരെ സമാനമായ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ