ബ്ലൂമിങ്ടണ്‍: ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം റേസിസ്റ്റ് ആക്രമണമെന്ന് സ്ഥിരീകരിച്ചു. ബില്ലി ആര്‍. ഡേവിസ് എന്ന 56കാരിയായ വെളുത്ത വംശജയാണ് ബ്ലൂമിങ്ടണ്‍ ട്രാന്‍സിറ്റ് ബസില്‍ വെച്ച് 18 വയസുകാരിയായ വിദ്യാര്‍ത്ഥിയെ ആവര്‍ത്തിച്ച് കുത്തിപരിക്കേല്‍പ്പിച്ചത്.
വിദ്യാര്‍ത്ഥി ചൈനക്കാരിയായതു കൊണ്ടാണ് ആക്രമിച്ചതെന്നും ‘ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കാനുള്ളവരിലെ ഒരാളുടെ എണ്ണമെങ്കിലും കുറഞ്ഞല്ലോ’ എന്നുമാണ് ബില്ലി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. സി.എന്‍.എന്‍, എ.ബി.സി ന്യൂസ്, അല്‍ ജസീറ തുടങ്ങി നിരവധി മാധ്യമങ്ങളാണ് കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി 11നായിരുന്നു ആക്രമണം നടന്നത്. ബില്ലിയും ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിയും ഒരേ ബസിലായിരുന്നു സഞ്ചരിച്ചത്. തന്റെ സ്റ്റോപ്പ് എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങാനൊരുങ്ങിയ വിദ്യാര്‍ത്ഥിയെ ബില്ലി ആക്രമിക്കുകയായിരുന്നു.
ഇവര്‍ തമ്മില്‍ മുന്‍പരിചയമില്ല എന്നതും ബസില്‍ വെച്ച് ഒരു തരത്തിലുമുള്ള സംസാരം പോലും നടന്നിട്ടില്ല എന്നതും ആക്രമണം വംശീയവിദ്വേഷത്തിന്റെ ഫലമാണെന്നതിന് തെളിവാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആക്രമിച്ച ശേഷം ബസില്‍ നിന്നും ഓടിയിറങ്ങിയ ബില്ലിയെ യാത്രക്കാരിലൊരാള്‍ പിന്തുടരുകയും ഇവരുടെ ലൊക്കേഷനെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ നല്‍കുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍ തുടരുകയാണ്.
വംശീയതയാണ് കാരണമെന്ന് അക്രമി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നും എന്നാല്‍ ഈ ഞെട്ടല്‍ ഇപ്പോള്‍ പതിവായിരിക്കുകയാണെന്നാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ കള്‍ച്ചര്‍ സെന്ററിന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങള്‍ പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളക്കുന്നതല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബസില്‍ കയറുന്നതിന് പോലും ജീവന്‍ നഷ്ടപ്പെടുമോയെന്ന് ഭയക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും ഏഷ്യന്‍ കള്‍ച്ചര്‍ സെന്റര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് 2020 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള രണ്ട് കൊല്ലത്തിനുള്ളില്‍ മാത്രം 11,000ത്തിലധികം വിദ്വേഷ ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ നടന്നത്. കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് പിന്നാലെയാണ് ഏഷ്യന്‍ വംശജരായ അമേരിക്കക്കാര്‍ക്കെതിരെ വെളുത്ത വംശജര്‍ നടത്തുന്ന ആക്രമണത്തിലും അധിക്ഷേപങ്ങളിലും വലിയ വര്‍ധനവുണ്ടായത്.
കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠന പ്രകാരം അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം ഏഷ്യന്‍ വംശജര്‍ക്കെതിരെയുള്ള വിദ്വേഷ ആക്രമണങ്ങളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 164 ശതമാനത്തിന്റെ വര്‍ധനയാണ് 2021ല്‍ ഇത്തരം ആക്രമണങ്ങളുടെ കാര്യത്തിലുണ്ടായതെന്ന് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
വംശീയാക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലായിരിക്കുന്ന ഏഷ്യന്‍ വംശജര്‍ക്കൊപ്പം നില്‍ക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ നമ്മള്‍ ഓരോരുത്തരുടെയും സുരക്ഷയിലാണ് ആശങ്കയുണ്ടാക്കുന്നത് എന്നുമാണ് ബസിലെ ആക്രമണത്തിന് പിന്നാലെ ബ്ലൂമിങ്ടണ്‍ മേയറുടെ പ്രതികരണം.
Content Highlight: Indian University student got stabbed in bus incident is racist attack, Police reports say