ന്യൂസിലാന്‍ഡിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍. ഫെബ്രുവരി എട്ടിന് ഐ.സി.സി റാങ്കിങ് അപ്‌ഡേറ്റ് ചെയ്തതിന് പിന്നാലെയാണ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചത്.
ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ തന്റെ കന്നി ടി-20 സെഞ്ച്വറി തികച്ച ശുഭ്മന്‍ ഗില്ലാണ് റാങ്കിങ്ങില്‍ നിലമെച്ചപ്പെടുത്തിയവരില്‍ പ്രധാനി. ഒറ്റയടിക്ക് 168 സ്ഥാനങ്ങളാണ് ഗില്‍ മെച്ചപ്പെടുത്തിയത്. നിലവില്‍ 30 സ്ഥാനത്താണ് ഗില്‍.
റാങ്കിങ് അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ആദ്യ 150ല്‍ പോലുമില്ലാതിരുന്ന ഗില്‍ ഇപ്പോള്‍ ടി-20യിലെ ഏറ്റവും മികച്ച അഞ്ചാമത് ഇന്ത്യന്‍ താരമാണ്.
ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ്, 15ാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലി, 27ാമന്‍ കെ.എല്‍. രാഹുല്‍, 29ാം സ്ഥാനത്തുള്ള കോഹിത് ശര്‍മ എന്നിവരാണ് ഗില്ലിന് മുമ്പിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഗുജറാത്തില്‍ വെച്ച് നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 63 പന്തില്‍ നിന്നും 123 റണ്‍സ് നേടിയതാണ് ഈ കുതിച്ചുചാട്ടത്തിന് ഗില്ലിനെ പ്രാപ്തനാക്കിയത്.
ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും മുന്നേറ്റമുണ്ടാക്കി. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍ദിക് ഐ.സി.സി റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാ ലെജന്‍ഡ് ഷാക്കിബ് അല്‍ ഹസനാണ് ഓള്‍ റൗണ്ടര്‍മാരിലെ ഒന്നാമന്‍.
പട്ടികയിലെ പുതിയ അപ്‌ഡേഷന്‍ പ്രകാരം മുഹമ്മദ് നബിയെ മറികടന്നാണ് പാണ്ഡ്യ രണ്ടാമതെത്തിയത്. നിലവില്‍ 250 റേറ്റിങ് പോയിന്റാണ് പാണ്ഡ്യക്കുള്ളത്. 252 റേറ്റിങ്ങാണ് ഒന്നാമന്‍ ഷാക്കിബിനുള്ളത്.
ബൗളര്‍മാരുടെ റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പട്ടികയില്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കൂട്ടത്തിലെ പ്രധാനി. നിലവില്‍ 13ാം സ്ഥാനത്താണ് അര്‍ഷ്ദീപ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ടി-20 ലോകകപ്പിന് ശേഷം ഒറ്റ ടി-20 മത്സരം പോലും കളിക്കാതിരുന്ന മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും നായകന്‍ രോഹിത് ശര്‍മക്കും കെ.എല്‍. രാഹുലിനും റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. വിരാട് ഒരു സ്ഥാനം നഷ്ടപ്പെട്ട് 15ാം സ്ഥാനത്തേക്കെത്തിയപ്പോള്‍ രണ്ട് സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ 27ാം സ്ഥാനത്തേക്കും ഒരു റാങ്ക് കുറഞ്ഞ് രോഹിത് 29ാം സ്ഥാനത്തേക്കും വീണു.
Content Highlight: Indian stars made progress in ICC ranking