Kerala News
വനിതാ ബിഷപ്പ് അടക്കമുള്ളവരുടെ ലൈംഗികാരോപണം; മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് സ്ഥാനമൊഴിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 10:35 am
Friday, 31st January 2025, 4:05 pm

ലണ്ടന്‍: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത്. സ്വകാര്യ ചാനലിലൂടെ യുവതി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് ജോണ്‍ പെരുമ്പളത്ത് രാജിവെച്ചത്.

സ്ഥാനമൊഴിയാന്‍ നേരത്തെ സഭ ബിഷപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ജോണിന്റെ രാജി ആവശ്യപ്പെട്ട് നിരവധി വിശ്വാസികളും സഭാ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ചാനല്‍ 4ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകള്‍ ബിഷപ്പിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെല്‍ ബിഷപ്പായിരുന്ന കാലയളവില്‍, 2019 മുതല്‍ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഒരു യുവതിയുടെ ആരോപണം. തുടര്‍ന്ന് മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

രണ്ടാമതായി ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയത് ഒരു വനിതാ ബിഷപ്പാണ്. അതേസമയം യുവതികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തിയെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കണ്ടെത്തിയെന്നും ബിഷപ്പ് പ്രതികരിച്ചു.

2023 മുതല്‍ ലിവര്‍പൂളിലെ ബിഷപ്പാണ് ജോണ്‍ പെരുമ്പളത്ത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവര്‍ണറായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അനുമതിയോടെയാണ് ബിഷപ്പിന്റെ രാജി.

രാജിവെക്കാനുള്ള പെരുമ്പളത്തിന്റെ തീരുമാനത്തെ മാനിക്കുന്നതായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ പറഞ്ഞു.

സഭയ്ക്കുള്ളിലെ ദുരുപയോഗ കേസുകള്‍ ശരിയായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ആര്‍ച്ച് ബിഷപ്പ് കോട്രെല്‍ സ്ഥാനമൊഴിയാനുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്നത്.

Content Highlight: Indian-origin bishop retires from Church of England amid misconduct allegations