വെല്‍ ഡണ്‍ ഇന്ത്യ; ഗ്രേറ്റ് ബ്രിട്ടണെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍!
Sports News
വെല്‍ ഡണ്‍ ഇന്ത്യ; ഗ്രേറ്റ് ബ്രിട്ടണെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th August 2024, 4:30 pm

ഗ്രേറ്റ് ബ്രിട്ടണെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.

മത്സരത്തിനിടെ അമിത് രോഹിദാസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായിരുന്നു. ഈ സമയം ഇന്ത്യ ഗെയിമില്‍ 1-0 ന് മുന്നിലെത്തി. എന്നാല്‍ പകുതി സമയം ബാക്കിനില്‍ക്കെ ഗ്രേറ്റ് ബ്രിട്ടന്‍ 1-1ന് സമനിലയിലായി. 60 മിനിറ്റ് അവസാനിക്കുന്നതുവരെ സ്‌കോര്‍ 1-1 എന്ന നിലയില്‍ തുടര്‍ന്നു.

തുടര്‍ന്ന് ഇന്ത്യ പെനാല്‍റ്റിയില്‍ 4-2ന് ബ്രിട്ടണെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് കുതിച്ചത്. ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെച്ചത് ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ആണ്. മികച്ച സേവിലൂടെ ഇന്ത്യടെ മാലാഖയാകാന്‍ താരത്തിന് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ തന്റെ ഏഴാം ഗോളും നേടിയിരുന്നു.

ഒരു കളിക്കാരന്റെ കുറവുമായി ഇന്ത്യ 40 മിനിറ്റിലധികം കളി കളിച്ചു. ജി.ബിയുടെ വില്ല്യം കാല്‍നന്റെ മുഖത്ത് ഹോക്കി സ്റ്റിക്ക് കുത്തിയതിനാണ് അമിത് രോഹിദാസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ ചരിത്ര വിജയത്തിന് ശേഷം ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഒരു പടി കൂടെ മുന്നോട്ട് വച്ചിരിക്കുകയാണ്.

പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയയെ 3-2ന് തകര്‍ത്ത് 52 വര്‍ഷത്തിന് ശേഷം ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.

 

Content Highlight: Indian Hockey Team In Semi Finals At Paris Olympics 2024