ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് റാഞ്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് 36 ഓവര്‍ പിന്നിടുമ്പോള്‍ 138 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്. മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് പകരം ആകാശ് ദീപാണ് ടീമില്‍ എത്തിയത്. താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്.
അരങ്ങേറ്റത്തില്‍ തന്നെ അമ്പരപ്പിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് ഏഴ് ഓവര്‍ എറിഞ്ഞ് 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ നേടി. 3.43 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ സാക്ക് ക്രോളിയെ ബൗള്‍ഡ് ചെയ്തുകൊണ്ട് മിന്നും തുടക്കമായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ ഓവര്‍ സ്റ്റെപ്പില്‍ അത് ഒരു നോബോളിലേക്ക് പോവുകയായിരുന്നു.
അതിനുശേഷം കണ്ടത് മായാജാലമായിരുന്നു. 47 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് നില്‍ക്കവേ 21 പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെയാണ് ആകാശ് ആദ്യം വീഴ്ത്തിയത്. ഒരു കീപ്പര്‍ കാച്ചിലൂടെ ആയിരുന്നു ബെന്‍ പുറത്തായത്. രണ്ടാം വിക്കറ്റില്‍ ഒല്ലി പോപ്പിനെ ഒരു എല്‍.ബി.ഡബ്ലിയു അപ്പീലിലൂടെ പൂജ്യം റണ്‍സിനാണ് ആകാശ് പുറത്താക്കിയത്. പിന്നീട് കണ്ടത് രണ്ടാം ഓവറില്‍ നഷ്ടപ്പെട്ട ക്രോളിയെ അതേ രീതിയില്‍ തന്നെ ബൗള്‍ഡ് ചെയ്യുന്ന ആകാശിന്റെ തകര്‍പ്പന്‍ ബൗളിങ് ആണ്. ഒരു ഗുഡ് ലെങ്ത് ഓഫ് കട്ടര്‍ ക്രോളിയുടെ ഓഫ് സ്റ്റംപ് തകിട് പൊടിയാക്കുകയായിരുന്നു.
സ്പിന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ 14 ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 3 റണ്‍സ് മാത്രം നേടിയ ബെന്‍ സ്റ്റോക്‌സിനെയാണ് ജഡേജ പുറത്താക്കിയത്. 2.44 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ആര്‍. അശ്വിന്‍ 8 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. 38 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയെ ആണ് അശ്വിന്‍ പുറത്താക്കിയത്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ടാമത്തെ ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ 28 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടായിരുന്നു.
Content Highlight: Indian fast bowler Akash Deep is surprising on his debut