വാഷിംഗ്ടണ്‍: ഇന്തോ-അമേരിക്കന്‍ വംശജര്‍ യു.എസിന്റെ ഓരോ മേഖലയും ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഇന്തോ-അമേരിക്കന്‍ വംശജരെ ചൂണ്ടിക്കാട്ടിയായിരുന്നു നാസയില്‍ ബെഡന്റെ പരാമര്‍ശം.
അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരമേറ്റ് അമ്പത് ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ 55 ഓളം ഇന്തോ-അമേരിക്കന്‍ വംശജരെ അദ്ദേഹം സുപ്രധാന പദവികളില്‍ നിയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ വ്യത്യസ്ത മേഖലകളില്‍ നിരവധി ഇന്തോ-അമേരിക്കന്‍ വംശജര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
” ഇന്തോ-അമേരിക്കക്കാര്‍ രാജ്യത്തിന്റെ ഓരോ മേഖലയിലുമുണ്ട്. എന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രസംഗം എഴുതുന്ന വിനയ് റെഡ്ഡി, സ്വാതി മോഹന്‍ അങ്ങിനെ ഒരുപാട് പേരുണ്ട്,” നാസയിലെ ശാസ്ത്രജ്ഞരുമായുള്ള വെര്‍ച്ച്വല്‍ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു.
നാസയുടെ നാവിഗേഷന്‍ കണ്‍ട്രോള്‍ ഓപ്പറേഷന്‍സിന് നേതൃത്വം വഹിക്കുന്നത് ഇന്തോ-അമേരിക്കന്‍ ശാസ്ത്രജ്ഞയായ സ്വാതി മോഹനാണ്.
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ചുമതലയേറ്റ ബൈഡന്‍ 55 ഇന്തോ-അമേരിക്കക്കാരെ സുപ്രധാന പദവികളില്‍ നിയമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഇതില്‍ പകുതിയും സ്ത്രീകളാണ്. കുടിയേറ്റ നിയമത്തിലും ബൈഡന്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പുറമെ ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നത് താത്ക്കാലികമായി റദ്ദ് ചെയ്ത മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയവും ബൈഡന്‍ തിരുത്തിയിരുന്നു.