പാകിസ്ഥാനെ മലര്‍ത്തിയടിച്ച് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം!
Sports News
പാകിസ്ഥാനെ മലര്‍ത്തിയടിച്ച് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th July 2024, 9:55 pm

ഏഷ്യാ കപ്പ് വിമണ്‍സില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. രാങ്കിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത പാകിസ്ഥാന്‍ 19.2 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സ്മൃതി മന്ദാനയും ഷഫാലി വര്‍മയുമാണ്. 29 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സ്വന്തമാക്കി 40 റണ്‍സാണ് ഷഫാലി സ്വന്തമാക്കിയത്. സ്മൃതി 31 പന്തില്‍ ഒമ്പത് ഫോര്‍ അടക്കം 45 റണ്‍സും നേടി. ഇരുവര്‍ക്കും ശേഷം ഇറങ്ങിയ ദയാലന്‍ ഹേമലത 14 റണ്‍സ് നേടി കളം വിട്ടപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും (5) ജെമീമ റോഡ്രിഗസുമാണ് (6) ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ദീപ്തി ശര്‍മയാണ്. 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 5 എക്കണോമിയാണ് താരത്തിനുള്ളത്. താരത്തിന് പുറമെ രേണുക സിങ് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നല്‍കിയപ്പോള്‍ പൂജ വസ്ത്രാക്കര്‍, ശ്രെയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

ബാറ്റിങ് തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടായത്. പാകിസ്ഥാന്റെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ എഡ്ജില്‍ കുരുക്കി ഇന്ത്യയുടെ തുറുപ്പുചീട്ട് പൂജ വസ്ത്രക്കര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. അഞ്ച് റണ്‍സ് എടുത്താണ് താരം പുറത്തായത്. 11 പന്തില്‍ 11 റണ്‍സ് നേടിയ മുനീബ് അലിയെ ജമീമ റോഡ്രിഗസിന്റെ കൈയില്‍ എത്തിച്ചായിരുന്നു താരം രണ്ടാം വിക്കറ്റ് നേടിയത്.

പിന്നീട് സിദ്രാ അമീന്‍ 25 റണ്‍സിന് പുറത്തായപ്പോള്‍ ദുബാ ഹാസന്‍ 22 റണ്‍സും നേടി കളം വിട്ടു. പുറത്താക്കാതെ 22 റണ്‍സ് നേടിയ ഫാത്തിമ സന അവസാന ഘട്ടത്തില്‍ പിടിച്ചുനിന്നു. പാകിസ്താന്റെ 7 താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. അതില്‍ മൂന്നുപേര്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്

 

Content Highlight: India Womens Won Against Pakistan Womens