ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് കെസിങ്ടണ്‍ ഓവലില്‍ നടക്കുന്നത്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ഈ പരമ്പര ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. റിഷബ് പന്തിന്റെ അഭാവത്തില്‍ ലഭിച്ച ഈ ചാന്‍സ് മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചാല്‍ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടാനും സഞ്ജുവിന് സാധിക്കും.
ലോകകപ്പ് ഇയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ തന്നെയാകും സഞ്ജു ലക്ഷ്യം വെക്കുക. ഇഷാന്‍ കിഷനേക്കാള്‍ മികച്ച സ്റ്റാറ്റ്‌സ് ഉള്ളതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ തന്നെ പരിഗണിക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ഇതിലെല്ലാം മുമ്പ് കരിയറിലെ സുപ്രധാന നാഴികക്കല്ല് താണ്ടാനുള്ള സുവര്‍ണാവസരമാണ് സഞ്ജുവിന് കൈവന്നിരിക്കുന്നത്. ഏകദിനത്തില്‍ 500 റണ്‍സ് മാര്‍ക്ക് എന്ന സുപ്രധാന നേട്ടവും സഞ്ജുവും തമ്മിലുള്ളത് വെറും 170 റണ്‍സിന്റെ വ്യത്യാസം മാത്രമാണ്.
കളിച്ച 11 മത്സരത്തിലെ 10 ഇന്നിങ്സില്‍ നിന്നുമായി 330 റണ്‍സാണ് സഞ്ജുവിനുള്ളത്. 66.00 എന്ന തകര്‍പ്പന്‍ ആവറേജിലും 104.76 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്.
രണ്ട് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 86* ആണ്. 25 ബൗണ്ടറിയും 15 സിക്സറും നേടിയ സഞ്ജു, വിക്കറ്റിന് പിന്നില്‍ ഏഴ് ക്യാച്ചും രണ്ട് സ്റ്റംപിങ്ങും നടത്തിയിട്ടുണ്ട്.