ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം തുടരുകയാണ്. ടോസ് നേടി വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ആദ്യ മത്സരം നടന്ന ക്യൂന്‍സ് പാര്‍ക്കിലെ ഓവലില്‍ തന്നെയാണ് രണ്ടാം മത്സരവും നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിലും വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അവേശ് ഖാനാണ് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിച്ചിരിക്കുന്നത്. ആവേശ് ഖാന്റെ ഏകദിന അരങ്ങേറ്റം കൂടിയാണ് ഓവലില്‍ നടക്കുന്നത്.
മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ തന്നെയാണ് സഞ്ജു ടീമില്‍ ഇടം നേടിയിരിക്കുന്നത്. അഞ്ചാമനായി ബാറ്റിങ്ങിനും ഇറങ്ങും.
ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് ഒരു അവസരം കൂടി നല്‍കുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ മൂന്നാം ഏകദിനത്തില്‍ നിന്ന് സഞ്ജു പുറത്താവുമെന്നുറപ്പാണ്.
കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ മധ്യനിരയെ കെട്ടിപ്പടുക്കാന്‍ തന്നെയാവും സൂര്യകുമാര്‍ യാദവ് – സഞ്ജു സാംസണ്‍ – ദീപക് ഹൂഡ ത്രയം ശ്രമിക്കുന്നത്. മിഡില്‍ ഓര്‍ഡറിലെ പോരായ്മ മറികടന്നാല്‍ ഇന്ത്യന്‍ ടീം ഡബിള്‍ സ്‌ട്രോങ്ങാവും.
ഇന്ത്യയില്‍ ഡി.ഡി സ്‌പോര്‍ട്‌സിലാണ് മത്സരം തത്‌സമയം കാണാന്‍ സാധിക്കുക. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിങ്ങുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്‌പോര്‍ട്‌സ് മാക്‌സിലാണ് ലൈവ് സംപ്രേക്ഷണം.
അതേസമയം, വെസ്റ്റ് ഇന്‍ഡീസ് എട്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സ് നേടിയിട്ടുണ്ട്.