Entertainment
കണ്ണപ്പ സിനിമയെ ആരെങ്കിലും ട്രോളുകയോ പരിഹസിക്കുകയോ ചെയ്താല്‍ അവരെ ശിവഭഗവാന്‍ ശപിക്കും: രഘു ബാബു

തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്കിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മോഹന്‍ ബാബുവിന്റെ മകന്‍ വിഷ്ണു മഞ്ചുവാണ്. ശിവഭക്തനായ കണ്ണപ്പ എന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യയിലെ വലിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ശിവനായി വേഷമിടുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് അതിഥിവേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും കണ്ണപ്പയുടെ ഭാഗമാകുന്നുണ്ട്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ രഘു ബാബു. കണ്ണപ്പ എന്ന സിനിമയെ പലരും ട്രോളുന്നത് താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രഘു ബാബു പറഞ്ഞു. ആരെങ്കിലും ആ ചിത്രത്തെ ട്രോളുകയാണെങ്കില്‍ അവരെ ശിവഭഗവാന്‍ ശപിക്കുമെന്നും രഘു ബാബു കൂട്ടിച്ചേര്‍ത്തു. കണ്ണപ്പയുടെ പ്രസ്മീറ്റിലാണ് രഘു ബാബു ഇക്കാര്യം പറഞ്ഞത്.

‘കണ്ണപ്പ എന്ന സിനിമയുടെ ടീസറിനെയും പാട്ടിനെയും പലരും ട്രോളുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഈ സിനിമയെപ്പറ്റിയോ അല്ലെങ്കില്‍ കണ്ണപ്പയെക്കുറിച്ചോ അറിയാത്തവരായിരിക്കും. ആരെങ്കിലും ഈ സിനിമയെ ട്രോളുകയാണെങ്കില്‍ അവര്‍ ശിവഭഗവാന്റെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരായിരിക്കും. അവര്‍ ശിവഭഗവാന്റെ ശാപത്തിന് പാത്രമാകും. ഇത് നൂറ് ശതമാനം ഉറപ്പാണ്. ആരെങ്കിലും ട്രോളിയാല്‍ അവരുടെ കാര്യം ഫിനിഷ്.. അത്രയേ ഉള്ളൂ,’ രഘു ബാബു പറയുന്നു.

പീരിയോഡിക് കാലത്തെ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക. മോഹന്‍ ബാബു, ശരത് കുമാര്‍, രഘു ബാബു, ബ്രഹ്‌മാനന്ദം തുടങ്ങി വന്‍ താരനിര കണ്ണപ്പയില്‍ അണിനിരക്കുന്നുണ്ട്. ന്യൂസിലാന്‍ഡിലും ഹൈദരബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചത്.

സ്റ്റീഫന്‍ ദേവസ്സിയാണ് ചിത്രത്തിന്റെ സംഗീതം. വിഷ്ണു മഞ്ചുവാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. 85 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. നേരത്തെ ഫെബ്രുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഏപ്രില്‍ 25ലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Actor Raghu Babu saying anyone who trolls Kannappa movie lord siva will curse them