ഇവന് മുമ്പില്‍ രോഹിത്തും വീണു, ഇനി ശേഷിക്കുന്നത് സച്ചിന്‍; റെക്കോഡിന് ആയുസ് ഈ പരമ്പര അവസാനിക്കുന്നത് വരെ?
Sports News
ഇവന് മുമ്പില്‍ രോഹിത്തും വീണു, ഇനി ശേഷിക്കുന്നത് സച്ചിന്‍; റെക്കോഡിന് ആയുസ് ഈ പരമ്പര അവസാനിക്കുന്നത് വരെ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 1:36 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റ് മത്സരം റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സില്‍ തുടരുകയാണ്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിറങ്ങിയിരിക്കുകയാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായപ്പോള്‍ യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. രണ്ടാം വിക്കറ്റില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

24ാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ മടക്കി ഷോയ്ബ് ബഷീറാണ് ഇംഗ്ലണ്ടിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 65 പന്തില്‍ 38 റണ്‍സ് നേടി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ഗില്‍ പുറത്തായത്.

42 റണ്‍സാണ് ഈ കൂട്ടുകെട്ടിലേക്ക് ജെയ്‌സ്വാള്‍ സംഭാവന ചെയ്തത്. 74 പന്തില്‍ 43 റണ്‍സുമായി താരം ബാറ്റിങ് തുടരുകയാണ്. അഞ്ച് ഫോറും ഒരു സിക്‌സറും അടക്കമാണ് താരം ക്രീസില്‍ തുടരുന്നത്.

ഈ സിക്‌സറിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ജെയ്‌സ്വാളിനെ തേടിയെ്തതിയിരിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് ജെയ്‌സ്വാള്‍ റെക്കോഡിട്ടത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – സിക്‌സര്‍ എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 25 – ഓസ്‌ട്രേലിയ

യശസ്വി ജെയ്‌സ്വാള്‍ – ഇംഗ്ലണ്ട് – 23*

രോഹിത് ശര്‍മ – സൗത്ത് ആഫ്രിക്ക – 22

കപില്‍ ദേവ് – ഇംഗ്ലണ്ട് – 21

റിഷബ് പന്ത് – ഇംഗ്ലണ്ട് – 21

 

അതേസമയം, മത്സരത്തില്‍ 26 ഓവര്‍ പിന്നിടുമ്പോള്‍ 91ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 77 പന്തില്‍ 44 റണ്‍സുമായി ജെയ്‌സ്വാളും എട്ട് പന്തില്‍ നാല് റണ്‍സുമായി രജത് പാടിദാറുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 353ന് ഓള്‍ ഔട്ടായിരുന്നു. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രണ്ട് നിര്‍ണായക കൂട്ടുകെട്ടിലൂടെ റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിനൊപ്പവും എട്ടാം വിക്കറ്റില്‍ ഒല്ലി റോബിന്‍സണൊപ്പവും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്.

 

റൂട്ടിന് പുറമെ ഒല്ലി റോബിന്‍സണ്‍ (96 പന്തില്‍ 58), ബെന്‍ ഫോക്‌സ് (126 പന്തില്‍ 47), സാക്ക് ക്രോളി (42 പന്തില്‍ 42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.

ഇന്ത്യക്കായി ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി. അശ്വിനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: India vs England 4th Test: Yashasvi Jaiswal surpassed Rohit Sharma