മൂന്നാം ദിവസം ഇന്ത്യ കൈകളിലണിഞ്ഞ ആ കറുത്ത ആം ബാന്‍ഡ് എന്തിനുവേണ്ടി?
Sports News
മൂന്നാം ദിവസം ഇന്ത്യ കൈകളിലണിഞ്ഞ ആ കറുത്ത ആം ബാന്‍ഡ് എന്തിനുവേണ്ടി?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 11:06 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചുകൊണ്ട്. ഈയിടെ അന്തരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ ദത്താജി റാവു ഗെയ്ക്വാദിനോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചത്.

ഇന്ത്യക്കായി 1952 മുതല്‍ 1961 വരെയുള്ള കാലയളവില്‍ ഇന്ത്യക്കായി 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗെയ്ക്വാദ് 1959ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തിരുന്നു.

18.42 എന്ന ശരാശരിയില്‍ 350 റണ്‍സാണ് താരം ഇന്ത്യക്കായി നേടിയത്. അദ്ദേഹത്തിന്റെ മകന്‍ അന്‍ഷുമാനും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഓപ്പണറായി കരിയര്‍ ആരംഭിച്ച ഗെയ്ക്വാദ് മിഡില്‍ ഓര്‍ഡറിലേക്ക് സ്ഥാനം മാറുകയായിരുന്നു. 1961ല്‍ സ്വന്തം മണ്ണില്‍ പാകിസ്ഥാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

രഞ്ജിയില്‍ ബോറോഡയുടെ നെടുംതൂണായിരുന്നു ഗെയ്ക്വാദ്. 1947 മുതല്‍ 1961 വരെ ബറോഡയുടെ താരമായിരുന്ന ഗെയ്ക്വാദ് 110 മത്സരത്തില്‍ നിന്നും 17 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 5,788 റണ്‍സാണ് നേടിയത്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1957-58 സീസണില്‍ ബറോഡ സര്‍വീസസിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫി നേടിയിരുന്നു. 2016ല്‍ മുന്‍ ഇന്ത്യന്‍ താരം ദീപക് ശോധന്‍ തന്റെ 87ാം വയസില്‍ അന്തരിച്ചതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായി ഗെയ്ക്വാദ് മാറിയിരുന്നു.

അതേസമയം, മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വളരെ പെട്ടെന്ന് തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ജോണി ബെയര്‍സ്‌റ്റോ പൂജ്യത്തിന് മടങ്ങിയപ്പോള്‍ മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ട് 18 റണ്‍സിനും പുറത്തായി.

റൂട്ടിനെ യശസ്വി ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ ബെയര്‍സ്‌റ്റോയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി കുല്‍ദീപ് യാദവാണ് പുറത്താക്കിയത്.

നിലവില്‍ 47 ഓവര്‍ പിന്നിടുമ്പോള്‍ 247ന് നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 144 പന്തില്‍ 153 റണ്‍സുമായി ബെന്‍ ഡക്കറ്റും 24 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.

 

Content highlight: India vs England 3rd test, Team India wear black armband to pay tribute to  Dattajirao Gaekwad