ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗുവാഹത്തിയിലെ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
40 ഓവറില്‍ നിന്നുമായി 447 റണ്‍സ് പിറന്ന മത്സരത്തില്‍ ഇരുടീമിന്റെയും ബൗളര്‍മാര്‍ നിരന്തരം പരീക്ഷിക്കപ്പെട്ടിരുന്നു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തില്‍ ഇന്ത്യ കങ്കാരുക്കളെ അടിച്ചുകൂട്ടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു മെന്‍ ഇന്‍ ബ്ലൂവിനെ മുമ്പില്‍ നിന്നും ആക്രമിച്ചത്.
ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയാണ് ഏറ്റവും മോശപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ 17.00 എന്ന എക്കോണമിയില്‍ 68 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.
തന്റെ ആദ്യ മൂന്ന് ഓവറില്‍ 15 എന്ന എക്കോണമിയില്‍ 45 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് അവസാന ഓവറില്‍ 23 റണ്‍സാണ് വഴങ്ങിയത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് 20ാം ഓവറില്‍ പ്രസിദ്ധ് റണ്‍സ് വിട്ടുകൊടുത്തത്.
ഈ മോശം പ്രകടനത്തിന് പിന്നാലെ ഒരു മോശം റെക്കോഡും പ്രസിദ്ധ് കൃഷ്ണയെ തേടിയെത്തി. ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡാണ് പ്രസിദ്ധ് തന്റെ പേരില്‍ കുറിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പ്രസിദ്ധിന്റെ പ്രകടനം അത്രകണ്ട് മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 50 റണ്‍സാണ് താരം വഴങ്ങിയത്. 12.50 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ പ്രസിദ്ധ് ഒരു വിക്കറ്റാണ് നേടിയത്.
ഇന്ത്യ 44 റണ്‍സിന് വിജയിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പ്രസിദ്ധ് ഇക്കൂട്ടത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചത്. എങ്കിലും താരത്തിന്റെ എക്കോണമി പത്തിന് മുകളില്‍ തന്നെയായിരുന്നു.
നാല് ഓവര്‍ പന്തെറിഞ്ഞ് 41 റണ്‍സാണ് താരം വഴങ്ങിയത്. 10.25 എന്ന എക്കോണമിയിലാണ് പന്തെറിഞ്ഞതെങ്കിലും സ്റ്റീവ് സ്മിത്തിന്റേതടക്കം നിര്‍ണായകമായ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.
ഈ മോശം പ്രകടനത്തിന് പിന്നാലെ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിക്കുമോ എന്നതും സംശയമാണ്. ഡിസംബര്‍ ഒന്നിനാണ് പരമ്പരയിലെ നാലാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content highlight: India vs Australia 3rd T20, Prasidh Krishna sets an unwanted record