വ്യാപാര മേഖലയില്‍ ലിംഗസമത്വം ഉറപ്പു വരുത്തുന്നതിനുള്ള വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തിനെതിരെ വോട്ടു ചെയ്ത് ഇന്ത്യ
Gender Equality
വ്യാപാര മേഖലയില്‍ ലിംഗസമത്വം ഉറപ്പു വരുത്തുന്നതിനുള്ള വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തിനെതിരെ വോട്ടു ചെയ്ത് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th December 2017, 3:41 pm

ലിംഗസമത്വത്തെ അനുകൂലിക്കുന്ന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തിനെതിരെ വോട്ടുചെയ്ത് ഇന്ത്യ. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ വെച്ചു നടന്ന W.T.O യുടെ 11 ാമത് മന്ത്രിതല കോണ്‍ഫറന്‍സിലാണ് വ്യപാര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രമേയം കൊണ്ടുവന്നത്. 164 മെമ്പര്‍മാരില്‍ 119 പേരാണ് ഇതിനെ പിന്തുണച്ചത്.

ലിംഗഭേദം എന്നത് വ്യാപാര മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയമല്ലെന്നായിരുന്നു ഈ തീരുമാനത്തെ എതിര്‍ത്ത ഇന്ത്യയുടെ വിശദീകരണം. ലിംഗസമത്വത്തെ അനുകൂലിക്കുന്നതിന് വേണ്ടിയാണ് ഈ പ്രഖ്യാപനമെങ്കില്‍ W.T.O യുടെ മറ്റു പ്രവര്‍ത്തന മണ്ഡലങ്ങളായ തൊഴില്‍, പരിസ്ഥിതി മേഖലകളിലാണ് ഇത് ചര്‍ച്ച ചെയ്യേണ്ടതെന്നും ഇന്ത്യയുടെ പ്രതിനിധികള്‍ പറഞ്ഞു.

ലിംഗസമത്വപരമായ പോളിസികള്‍ രൂപീകരിക്കാനും സാമ്പത്തിക കാര്യങ്ങളില്‍ സ്ത്രീകളുടെ പ്രാധിനിത്യം പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് അംഗങ്ങള്‍ക്ക് നല്‍കിയതെന്ന് യുനൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡവലപ്‌മെന്റ് പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന 160 സംഘടനകള്‍ ചേര്‍ന്ന ഒരു കൂട്ടായ്മയും ഈ പ്രഖ്യാപനത്തെ വിമര്‍ശിക്കുകയുണ്ടായി. സ്ത്രീകള്‍ക്കു മേലുള്ള W.T.O യുടെ നിയമങ്ങളുണ്ടാക്കുന്ന വിപരീത ഫലങ്ങള്‍ അഭിമഖീകരിക്കുന്നതില്‍ ഈ പ്രഖ്യാപനം പരാജയപ്പെട്ടു. ഇത് മറച്ചു പിടിക്കുന്നതിനും അസമത്വവും ചൂഷണവും നടപ്പിലാക്കുന്നതില്‍ സംഘടനയുടെ പങ്ക് മറച്ചു പിടിക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അത്‌കൊണ്ട് പുതിയ തീരുമാനം നടപ്പിലാക്കരുതെന്നും സ്ത്രീശാക്തരീകരണ കൂട്ടായ്മ ആരോപിച്ചു.