ന്യൂദല്‍ഹി: 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യയും യു.എസും കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ വ്യോമസേനയിലേക്കും നാവിക സേനയിലേക്കുമുള്ള ഡ്രോണുകള്‍ക്കായുള്ള 32,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചതെന്ന് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ ഏറ്റെടുക്കുന്നതിന് കാബിനറ്റ് ഓണ്‍ സെക്യൂരിറ്റിയുടെ അംഗീകാരം ലഭിക്കുന്നത്.
കരാര്‍ പ്രകാരം 31 പ്രിഡേറ്റര്‍ ഡ്രോണുകളില്‍ 15 എണ്ണം ഇന്ത്യന്‍ നാവികസേനയ്ക്കും ബാക്കിയുള്ളവ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമാണ് സൈന്യം തീരുമാനിച്ച നമ്പറുകള്‍ ഉപയോഗിച്ച് ട്രൈ സര്‍വീസ് ഇടപാടിലൂടെ ഇന്ത്യന്‍ സൈന്യം യു.എസില്‍ നിന്നും ഡ്രോണുകള്‍ വാങ്ങുന്നത്.
ഡ്രോണുകള്‍ക്കുവേണ്ടിയും എം.ആര്‍.ഒയ്ക്കുവേണ്ടിയുമുള്ള വിദേശ സൈനിക വില്‍പന കരാര്‍ യു.എസുമായി ഒപ്പുവെക്കുമെന്ന് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. കരാറില്‍ ഒപ്പിടുന്നതിനായി യു.എസ് ഉദ്യോഗസ്ഥര്‍ രാജ്യത്തെത്തിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യു. എസുമായുള്ള കരാറിന് വേണ്ടി ഇന്ത്യ വര്‍ഷങ്ങളായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു, എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അമേരിക്കയുടെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കരാറിന്റെ കാര്യത്തിലുള്ള തടസങ്ങള്‍ മാറുന്നത്.
ചെന്നൈക്ക് അടുത്തുള്ള ഐ.എന്‍.എസ് രാജാലി, ഗുജറാത്തിലെ പോര്‍ബന്തര്‍, ഉത്തര്‍പ്രദേശിലെ സര്‍സാവ, ഗോരഖ്പൂര്‍ എന്നീ സ്ഥലങ്ങളിലായിരിക്കും ഇന്ത്യ ഡ്രോണുകള്‍ സ്ഥാപിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlight: India, US sign deal worth Rs 32,000 crore for 31 Predator drones