ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ സൂപ്പര്‍ താരം ദുഷ്മന്ത് ചമീര പുറത്ത്. പരിക്കിന് പിന്നാലെയാണ് താരത്തിന് ലങ്കയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ സാധിക്കാതെ വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെയുള്ള ടി-20 ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ചരിത് അസലങ്കയെ നായകനാക്കിയാണ് ലങ്ക ടീമൊരുക്കിയത്. ചമീരയടക്കമുള്ള ബൗളര്‍മാര്‍ തന്നെയായിരുന്നു ടീമിന്റെ കരുത്ത്.
ലോകകപ്പ് വിജയിച്ചെത്തിയ ഇന്ത്യക്കെതിരെ സ്വന്തം തട്ടകത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ലങ്കയുടെ മോഹങ്ങള്‍ക്ക് കൂടിയാണ് ചമീരയുടെ പരിക്കോടെ തിരിച്ചടിയേറ്റിരിക്കുന്നത്. അനുഭവ സമ്പത്തുള്ള വലം കയ്യന്‍ പേസറുടെ അഭാവം ലങ്കയെ വലയ്ക്കുമെന്നുറപ്പാണ്.
പരമ്പരക്ക് മുമ്പ് ശ്രീലങ്ക ചമീരയുടെ പകരക്കാകരനെ പ്രഖ്യാപിക്കും.
2015ലാണ് ചമീര ലങ്കക്കായി അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കക്കായി 55 ടി-20 കളിച്ച താരം 55 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 28.87 ശരാശരിയിലും 21.4 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ചമീരയുടെ എക്കോണമി 8.08 ആണ്. 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.